ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായികൾക്കായി അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് സംഭരണത്തിനു മത്സരിച്ചിട്ടും കാര്യമായി ചരക്ക് കണ്ടെത്താനായില്ല, ഉത്പന്ന വില കുതിച്ചു കയറുന്നു. ജപ്പാൻ ഒസാക്കയിൽ റബർ ബുള്ളിഷ് ട്രെൻഡ് നിലനിർത്തി, ഉയർന്ന തലത്തിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചു. വിഷു പടിവാതിൽക്കൽ, വെളിച്ചെണ്ണ വിപണിയിൽ മ്ലാനത.
കാർഷിക മേഖലകളിലും ടെർമിനൽ മാർക്കറ്റിലും നാടൻ കുരുമുളകിനു കടുത്ത ക്ഷാമം തുടരുന്നു. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചതിനിടയിൽ കാർഷിക മേഖലകളിൽനിന്നും ടെർമിനൽ മാർക്കറ്റിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ നീക്കം കുറഞ്ഞു. ലഭ്യത ഉറപ്പ് വരുത്താൻ വ്യവസായികൾ പരസ്പരം വില ഉയർത്തി മത്സരിച്ചിട്ടും കാര്യമായി മുളക് കണ്ടെത്താനായില്ല.
ഇതിനിടയിൽ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചതിനിടയിൽ യൂറോപ്യൻ മാർക്കറ്റുകളിൽനിന്നും മലബാർ കുരുമുളകിന് അന്വേഷണങ്ങളെത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ നമ്മുടെ നിരക്ക് ഇതര ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്നു നിൽക്കുകയാണെങ്കിലും വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ നേട്ടമാക്കാൻ ചില കയറ്റുമതിക്കാർ രഹസ്യ നീക്കം നടത്തി. 100 ടൺ വരെയുള്ള കച്ചവടങ്ങൾ പലരും നടത്തിയതാണു സൂചനയെങ്കിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കയറ്റുമതി ലോബി അതീവ രഹസ്യമാക്കി. വിയറ്റ്നാമിൽ ലഭ്യത കുറഞ്ഞതും ഇന്തോനേഷ്യൻ ചരക്ക് വരവിനു കാലതാമസം നേരിടുമെന്ന വിലയിരുത്തലും വിദേശ ബയർമാരെ പുതിയ കച്ചവടങ്ങൾക്ക് പ്രേരിപ്പിക്കുന്നുണ്ട്.
കൊച്ചി വിപണിയിൽ പിന്നിട്ട വാരം കുരുമുളക് വില ക്വിന്റലിനു 1800 രൂപ വർധിച്ച് അൺഗാർബിൾഡ് 70,600 രൂപയിലും ഗാർബിൾഡ് 72,600 രൂപയിലും വിപണനം നടന്നു. ഇന്ത്യൻ വില ടണ്ണിനു 8000 ഡോളറാണ്.
ഏലത്തിന് വരൾച്ചാ ഭീഷണി
ഏലം ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ഉത്സാഹിച്ചു. ഉയർന്ന പകൽ താപനിലയിൽ ഒട്ടുമിക്ക തോട്ടങ്ങളും വരൾച്ചാ ഭീഷണിയിലാണ്. ശരാശരി ഇനം ഏലക്ക കിലോ 2538 രൂപയായും മികച്ചയിനങ്ങൾ 3100 രൂപയായും ഉയർന്നു.
മെച്ചപ്പെടാതെ ആഭ്യന്തര റബർ വില
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ മികച്ച പ്രകടനം തുടരുന്നു. കിലോ 391 യെന്നിലാണ്. ബാങ്കോക്കിൽ റബർ വില 25,930 രൂപയിൽ നിന്നും 25,884 രൂപയായി. കേരളത്തിൽ നാലാം ഗ്രേഡ് റബർ 22,900 രൂപയിൽനിന്നും 23,000 രൂപയായി. അഞ്ചാം ഗ്രേഡ് 22,500 രൂപയിൽ നിന്ന് 22,600 രൂപയായി. ഒട്ടുപാലും ലാറ്റക്സും വാരാന്ത്യം 14,700 രൂപയിലാണ്. വേനൽമഴ ലഭിച്ചാൽ ടാപ്പിംഗിനുള്ള അവസരം കണ്ടെത്താനാവുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ചെറുകിട കർഷകർ. അതേസമയം, ആഭ്യന്തര വില ഉയർത്തുന്നതിൽ ടയർ വ്യവസായികൾ കാര്യമായ താത്പര്യം കാണിക്കുന്നില്ല.
നാളികേരോത്പന്നങ്ങളുടെ വില നേരിയ റേഞ്ചിൽ നീങ്ങി. വിഷു അടുത്തെങ്കിലും പ്രാദേശികതലത്തിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങി. കൊച്ചിയിൽ എണ്ണ വില 26800ലും കൊപ്ര 15800 രൂപയിലുമാണ്.
Tags : Black gold shines