ചിക്കബല്ലപുര: കോടതിമുറിയിൽ ദുർമന്ത്രവാദം നടത്തിയതിന് സ്ത്രീയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കപ്പെടുന്നുണ്ട്.
മഞ്ജുള എന്നാണ് ഇവരുടെ പേര്. ഇവരുടെ ഭൂമി സംബന്ധമായ തർക്കത്തിൽ ഇന്ന് കോടതി വാദം കേൾക്കാനിരിക്കേ നേരത്തേ കോടതിമുറിയിലെത്തിയ ഇവർ നടപടികൾ ആരംഭിക്കുന്നതിനു മുന്പ് ജഡ്ജിയുടെ കസേരയിൽ വെളുത്ത കടുകുകൾ വിതറുകയായിരുന്നു.
തനിക്ക് അനുകൂലമായ വിധിയുണ്ടാകാനാണ് മഞ്ജുള ഇത്തരത്തിൽ ചെയ്തതെന്നാണ് പ്രഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. കോർട്ട് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ ദുരാചാരങ്ങളും ദുർമന്ത്രവാദങ്ങളും തടയുന്ന 2017ലെ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായ മഞ്ജുളയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണം പുരോഗമിക്കുകയാണ്.