പ്രതീകാത്മക ചിത്രം.
വീടിന്റെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ സിസിടിവി സ്ഥാപിക്കുകയും ആ സുരക്ഷാ കാമറകളുടെ സംരക്ഷണത്തിനായി, ചരടു കെട്ടുകയും ചെയ്യുന്ന വിചിത്ര മനുഷ്യരുള്ള നാടാണിത്!
അന്ധവിശ്വാസങ്ങളുടെ ഉറവിടം തേടുകയല്ല, മറിച്ചു നൂറ്റാണ്ടുകളായി മനുഷ്യർ തങ്ങളുടെ സ്വത്തുക്കൾ ദുഷ്ടശക്തികളിൽനിന്നു സംരക്ഷിക്കാൻ മന്ത്രവാദവും ആഭിചാരക്രിയകളും ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രം പുരോഗമിച്ചിട്ടും ഇത്തരം വിശ്വാസങ്ങൾക്ക് ഒട്ടും കുറവില്ല. ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും നടത്തിയ പഠനങ്ങളിൽ, മനുഷ്യർ തങ്ങളുടെ താമസസ്ഥലങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുമെന്നു വിശ്വസിക്കുന്ന ചില മാന്ത്രികരീതികളെ വിശദമാക്കുന്നു. അതേസമയം, ഇതു സുരക്ഷ ഉറപ്പുവരുത്തുമോ എന്നതിനു തെളിവുകളൊന്നുമില്ല!
ലണ്ടൻ ഇംപീരിയൽ കോളജിലെ ചരിത്രകാരനായ തോമസ് വാട്ടേഴ്സിന്റെ 'മാജിക്: ഡീകോഡിംഗ് ദി വിഷ്വൽ കൾച്ചർ ഓഫ് സ്പെൽസ്, ഇല്യൂഷൻസ് ആൻഡ് സൈക്കിക് പവേഴ്സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണു വിവരങ്ങൾ. ചരിത്രാതീത കാലം മുതൽ ആളുകൾ തങ്ങളുടെ വീടുകളിൽ മാന്ത്രികപ്രതിരോധങ്ങൾ തീർത്തിരുന്നതായി പഠനഗ്രന്ഥത്തിൽ വിശദമാക്കുന്നു.
പ്രതിരോധ സസ്യങ്ങൾ
വീടുകളെ സ്വാഭാവികവും അദ്ഭുതകരവുമായ അപകടങ്ങളിൽനിന്നു സംരക്ഷിക്കാൻ പ്രത്യേകതരം മരങ്ങളും ചെടികളും നട്ടുവളർത്തുന്ന രീതി പണ്ടുമുതലേയുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ സസ്യശാസ്ത്രജ്ഞനായ നിക്കോളാസ് കുൽപെപ്പറിന്റെ കുറിപ്പുകൾ അനുസരിച്ച്, തോട്ടത്തിൽ ബേ മരം നട്ടുവളർത്തുന്നതു വീടിനെ ആഭിചാരക്രിയകളിൽനിന്നും ഇടിമിന്നലിൽനിന്നും സംരക്ഷിക്കുമെന്നാണു വിശ്വസിച്ചിരുന്നത്. കൂടാതെ, റോസ്മേരി, ചില പ്രത്യേകയിനം മുളകുകൾ എന്നിവ വാതിലുകളിലും പൂന്തോട്ടങ്ങളിലും സ്ഥാപിക്കുന്നത് ദുർഭൂതങ്ങളെയും രാത്രികാലങ്ങളിൽ എത്തുന്ന ദുഷ്ടശക്തികളെയും അകറ്റിനിർത്താൻ സഹായിക്കുമെന്നും ആളുകൾ വിശ്വസിച്ചിരുന്നു.
രഹസ്യചിഹ്നങ്ങളും അടയാളങ്ങളും
വീടിന്റെ ഭിത്തികളിലും വാതിലുകളിലും മരത്തടികളിലും മാന്ത്രികചിഹ്നങ്ങൾ കൊത്തിവയ്ക്കുന്ന രീതി യൂറോപ്പിൽ വ്യാപകമായിരുന്നു. അഞ്ചും ആറും കോണുകളുള്ള നക്ഷത്ര ചിഹ്നങ്ങൾ, പരസ്പരം പിണഞ്ഞുകിടക്കുന്ന അക്ഷരങ്ങൾ, ചക്രമുദ്രകൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. ശത്രുക്കളെയും ദുർമന്ത്രവാദത്തെയും പ്രതിരോധിക്കാനും തീപിടിത്തം പോലെയുള്ള അപകടങ്ങൾ ഒഴിവാക്കാനുമാണ് ഇത്തരം രഹസ്യചിഹ്നങ്ങൾ പ്രധാനമായും വീടുകളിൽ കൊത്തിവച്ചിരുന്നതത്രെ!
വാസ്തുവിദ്യ
കെട്ടിടങ്ങൾ നിർമിക്കുമ്പോൾ, മാന്ത്രിക സംരക്ഷണ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്ന രീതി പല സംസ്കാരങ്ങളിലും ഉണ്ടായിരുന്നു. കിഴക്കൻ ഏഷ്യയിൽ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ രാക്ഷസ രൂപങ്ങളുള്ള ഓടുകളും വിഗ്രഹങ്ങളും വയ്ക്കുന്നതു കവർച്ചക്കാരെയും ദുരാത്മാക്കളെയും തുരത്താൻ സഹായിക്കുമെന്നാണു വിശ്വസിച്ചിരുന്നത്. സ്പെയിനിലെ ചില പ്രദേശങ്ങളിൽ പുകക്കുഴലുകൾക്കു മുകളിൽ സങ്കീർണമായ ജ്യാമിതീയ രൂപങ്ങൾ നിർമിച്ചിരുന്നു. ഇതു ദുഷ്ടശക്തികളെ ആശയക്കുഴപ്പത്തിലാക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
വിച്ച് ബോട്ടിലുകൾ
പതിനേഴാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്നതാണ് വിച്ച് ബോട്ടിലുകളുടെ ഉപയോഗം. ആഭിചാരദോഷങ്ങൾ നീക്കം ചെയ്യാനാണ് ഇവ ഉപയോഗിച്ചിരുന്നത്. ഒരു ചെറിയ കുപ്പിയിൽ ആഭിചാരദോഷം ബാധിച്ച വ്യക്തിയുടെ നഖങ്ങൾ, മുടി, മൂത്രം എന്നിവയോടൊപ്പം വളഞ്ഞ ആണി, തുണി കൊണ്ടുള്ള ഹൃദയരൂപം എന്നിവ നിറച്ചാണ് ഇവ തയാറാക്കിയിരുന്നത്. ഈ കുപ്പികൾ വീടിന്റെ തറയിൽ കുഴിച്ചിടും. ഇതുവഴി ദുർമന്ത്രവാദം ചെയ്ത വ്യക്തിക്ക് ആഘാതമേൽപ്പിക്കാനും അവരുടെ ശക്തി ഇല്ലാതാക്കാനും കഴിയുമെന്നായിരുന്നു വിശ്വാസം.
പ്രത്യേക തരം കല്ലുകൾ
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ 'ഷിഗാൻഡാംഗ്' എന്നറിയപ്പെടുന്ന കല്ലുകൾ വീടുകൾക്കു സംരക്ഷണം നൽകാൻ ഉപയോഗിച്ചിരുന്നു. ചൈനയിലെ തായ് പർവതത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന കല്ലുകൾക്കു ദുഷ്ടശക്തികളെ അടിച്ചമർത്താൻ ശേഷിയുണ്ടെന്നാണു വിശ്വാസം. അതുപോലെ യുകെയിൽ പ്രകൃതിദത്തമായി ദ്വാരങ്ങൾ വീണ കല്ലുകൾ കിടപ്പുമുറികളിലും വീടിനു മുന്നിലും തൂക്കിയിടുന്നതു ദുഃസ്വപ്നങ്ങളെയും മാന്ത്രികദോഷങ്ങളെയും അകറ്റുമെന്ന ധാരണയും ഉണ്ടായിരുന്നു.
ഇത്തരം മാന്ത്രിക പ്രതിരോധരീതികൾ കേവലം അന്ധവിശ്വാസം എന്നതിലുപരി, മനുഷ്യരിലുണ്ടാകുന്ന ഭയവും ആശങ്കയും ലഘൂകരിക്കാനും മാനസിക സുരക്ഷിതത്വം നൽകാനും സഹായിച്ചിരുന്ന മാർഗങ്ങളായിരുന്നുവെന്നു ചരിത്രകാരന്മാർ വിലയിരുത്തുന്നു. അതായത്, കല്ലു കെട്ടിത്തൂക്കിയിട്ടാലോ, തകിടു കുഴിച്ചിട്ടാലോ കള്ളന്മാരെ പിടികൂടാനാകില്ല, കള്ളന്മാരെ കുടുക്കാൻ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങൾ തേടണമെന്നു സാരം!
Tags : InternationalNews WitchesBottle Hexafoils Baytree Shigandang MagicalPractices BlackMagic