കോഴിക്കോട്: ‘നമ്മള് ബേപ്പൂര്‍ കോര്‍ ടീം’വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന് ഉപയോഗിച്ചുവെന്ന ഇഡിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ചാറ്റ് വിവരങ്ങള്‍ പുറത്തുവിട്ട് അംഗങ്ങള്‍. ബേപ്പൂര്‍ എംഎല്‍എയായിരുന്ന പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായ സമയത്താണ് വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചത്.
ഗ്രൂപ്പില്‍ ഇഡി പറയുന്നതുപോലുള്ള കാര്യങ്ങള്‍ നടന്നിട്ടില്ലെന്നു വിശദീകരിക്കാനാണ് വീഡിയോ രൂപത്തില്‍ ചാറ്റുകള്‍ പുറത്തുവിട്ടത്. റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള ചാറ്റുകളും വീഡിയോകളുമാണു ഗ്രൂപ്പില്‍ ഉള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഗ്രൂപ്പ് സജീവമല്ല. മാധ്യമപ്രവര്‍ത്തകരും റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരും മാത്രമാണ് ഗ്രൂപ്പിലുള്ളത്. 2024 ജൂണ്‍ മുതലുള്ളതാണ് ഗ്രൂപ്പിലെ ചാറ്റുകള്‍. ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ ചാറ്റിലില്ല. എന്നാല്‍ 2024 ജൂലൈ മൂന്ന്, നാല് തീയതികളില്‍ നമ്മള് ബേപ്പൂര്‍ കോര്‍ ടീം വാട്സാപ്പ് ഗ്രൂപ്പില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നു എന്നാണ് ഇഡി പറയുന്നത്.
മന്ത്രിയുടെ ഓഫീസും ഹവാല ഇടപാടുകാരും തമ്മിലുള്ള ആശയവിനിമയം ഈ ഗ്രൂപ്പ് വഴിയാണ് നടന്നതെന്നാണ് ഇഡിയുടെ വാദം. പുറത്തു വിട്ട ചാറ്റ് വിവരങ്ങളില്‍ ഈ ദിവസങ്ങളിലെ ചാറ്റ് ഇല്ല. ഈ കാലയളവിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
2024 ജൂണ്‍ 17 കഴിഞ്ഞാല്‍ ജൂലൈ 26 നാണ് ഗ്രൂപ്പില്‍ മെസേജ് വന്നത്. 2025 ജൂലൈ അഞ്ചിനും പണമിടപാട് ചര്‍ച്ച നടന്നുവെന്നാണ് ഇഡി പറയുന്നത്. ആരോപണങ്ങള്‍ അസംബന്ധമാണെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.