കൊടുമൺ: പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച കായിക മേള ബഡ്സ് ഒളിമ്പിയ 3.0യിൽ നാറാണംമൂഴി ബഡ്സ് സ്കൂൾ 81 പോയിന്റോടെ കിരീടം കരസ്ഥമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് നാറാണംമൂഴി സ്കൂൾ കിരീടമണിയുന്നത്. 48 പോയിന്റോടെ കൊടുമൺ ബിആർസി രണ്ടാംസ്ഥാനവും കലഞ്ഞൂർ ബിആർസി 43 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തി ൽ നടന്ന കായികമേളയിൽ 12 ബഡ്സ് സ്കൂളുകളിൽ നിന്നായി 300 ഓളം കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. 50 മീറ്റർ, 100 മീറ്റർ ഓട്ടം, സ്റ്റാൻഡിംഗ് ബ്രോഡ് ജംപ്, ലോംഗ് ജംപ്, സോഫ്റ്റ് ബോൾ ത്രോ, ഷോട്ട്പുട്ട് വീൽ ചെയർ ഓട്ടം, റിലേ തുടങ്ങി 34 മത്സര ഇനങ്ങളാണ് നടന്നത്.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ശാരീരികക്ഷമത, ഏകാഗ്രത, ചലനസാമർത്ഥ്യം എന്നിവ മെച്ചപ്പെടുത്താനും അവരെ സാമൂഹികമായി കൂടുതൽ ഉൾപ്പെടുത്താനും സഹായിക്കുക എന്നതാണ് കായികമത്സരത്തിന്റെ ലക്ഷ്യം.
ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു.
സി.വി. ശാന്തകുമാർ എംഎൽഎ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ലാലി സുദർശനൻ പ്രസംഗിച്ചു. പരിമിതികളെ മറികടന്ന് കഴിവ് തെളിയിച്ച കുട്ടികളെയും അവരെ സജ്ജരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും നാറാണംമൂഴി പഞ്ചായത്ത് ഭരണ സമിതി അഭിനന്ദിച്ചു.