ന്യൂഡൽഹി: ഇന്ത്യയിൽ കടലിനടിയിലൂടെ സർവീസ് നടത്തുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു.
മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് ഷിൽഫാറ്റ വരെയുള്ള 21 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിൽ, 7 കിലോമീറ്റർ ഭാഗമാണ് 'താണെ ക്രീക്കിന്'അടിയിലൂടെ കടന്നുപോകുന്നത്.
സുരക്ഷിതമായ ഗതാഗതത്തിനായി തുരങ്കത്തിനുള്ളിൽ രണ്ട് സമാന്തര ട്രാക്കുകളാണ് ഒരുക്കുന്നത്. പരിസ്ഥിതിക്കും കടൽജീവികൾക്കും കേടുപാടുകൾ വരുത്താതെ ടണൽ ബോറിംഗ് മെഷീനുകൾ, ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് എന്നിവ ഉപയോഗിച്ചാണ് ആഴത്തിലുള്ള ഈ തുരങ്കം നിർമിക്കുന്നത്.
ഇതിനുപുറമെ, ഡൽഹി-ആഗ്ര (59 മിനിറ്റ്), ഡൽഹി-ലഖ്നൗ, ഡൽഹി-വാരണാസി എന്നിവയെ ബന്ധിപ്പിക്കുന്ന ഉത്തരേന്ത്യൻ ബുള്ളറ്റ് ട്രെയിൻ പാതയ്ക്കും അടുത്തിടെ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. മുംബൈ-അഹമ്മദാബാദ് പാത പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ അതിവേഗ റെയിൽ ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകും.