പാലോട്: സിഎൻജി സിലിണ്ടറുകൾ റോഡിലേക്കു മറിഞ്ഞു മണിക്കൂറുകളോളം വാതകചോർച്ചയും ഗതാഗത തടസവും ഉണ്ടായി. തിരുവനന്തപുരം- തെങ്കാശി സംസ്ഥാന പാതയിൽ വഞ്ചുവം മഞ്ഞക്കോട്ടുമൂലയിൽ ലോറിയിൽ കൊണ്ടുവന്ന സിലിണ്ടറുകളാണ് മറിഞ്ഞത്. രണ്ടു സിലിണ്ടറുകളിൽ നിന്ന് വാതകച്ചോർച്ചയുണ്ടാതും പരിസരമാകെ വാതകഗന്ധം പരന്നതും കടുത്ത ആശങ്കയ്ക്ക് ഇടയാക്കി. തുടർന്നു പരിസര വീടുകളിലെ കിടപ്പുരോഗികളെ ഉൾപ്പെടെ അടക്കം പോലീസ് ഒഴിപ്പിച്ചു.
കൊച്ചുവേളിയിൽനിന്ന് വിദഗ്ധരെത്തി വാതകച്ചോർച്ച തടഞ്ഞു. സിലിണ്ടർ കാബിൻ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതോടെ നാലു മണിക്കുറിലേറെ നീണ്ട ആശങ്കയ്ക്ക് വിരാമമായി. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളിയിൽനിന്ന് താന്നിമൂട് പമ്പിലേക്ക് കൊണ്ടുപോയ സിലിണ്ടറുകൾ ഇറക്കാൻ കഴിയാതെ തിരികെ കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം. വളവ് തിരിയവെ ആണ് ലോറിയുടെ പ്ലാറ്റ്ഫോം അടക്കം പൊട്ടിമാറി സിലിണ്ടർ കാബിൻ ലോറിയിൽനിന്ന് വേർപ്പെട്ട് റോഡിലേക്ക് പതിച്ചത്. എന്നാൽ ലോറി മറിഞ്ഞില്ല. എതിരെ വാഹനങ്ങൾ വരാത്തതും വഴിയാത്രക്കാർ ഇല്ലാതിരുന്നതും അപകടം ഒഴിവായി.
ചെറിയ 30 സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് ചോർച്ച നേരിട്ടത്. നിമിഷ നേരം കൊണ്ട് വാതകഗന്ധം പ്രദേശമാകെ പരന്നു. ഫയർഫോഴ്സെത്തി ഏറെ നേരം വെള്ളം ചീറ്റി വാതകം പടരുന്നത് തടഞ്ഞു. ഫയർഫോഴ്സ് എഎസ്പിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്, പാലോട്, വലിയമല പോലീസ് സംഘവും വിതുര, നെടുങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കളക്ടറും റിപ്പോർട്ട് തേടി.