Leader Page
ഭരണഘടനാ ദിനമായി ആചരിച്ച നവംബർ 26 മുനമ്പത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു ദിനമായിരുന്നു-മുനമ്പംകാരുടെ ഭരണഘടനാപരമായ റവന്യു അവകാശങ്ങൾ സമ്പൂർണമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് ഏവരും പ്രതീക്ഷിച്ച ദിനം. പ്രതീക്ഷകൾ പൂർണമായും പൂവിരിഞ്ഞില്ലെങ്കിലും, കരമടയ്ക്കാനുള്ള കോടതിവിധി ലഭിച്ചു എന്നത് മുനമ്പത്തിന് നേട്ടംതന്നെയാണ്.
വഖഫ് ബോർഡിന്റെ ഇടപെടൽ മൂലം തങ്ങൾക്ക് സ്വന്തം ഭൂമിയിൽ കരമടയ്ക്കാനാവില്ല എന്ന് 2022ൽ തിരിച്ചറിഞ്ഞ മുനമ്പംകാർ സംഘടിച്ച് ആരംഭിച്ച ഭൂസംരക്ഷണ സമിതി ആ വർഷം തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലെ ആവശ്യം തങ്ങളുടെ കരം ഒടുക്കുന്നതിനും പോക്കുവരവ് ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ബാധ്യതാരഹിത സർട്ടിഫിക്കറ്റിനും മറ്റുമുള്ള അവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശം എറണാകുളം ജില്ലാ കളക്ടർക്കും കൊച്ചി തഹസിൽദാർക്കും നൽകണമെന്നായിരുന്നു. അവർക്ക് അനുകൂലമായി അന്ന് സിംഗിൾ ബെഞ്ച് ഇടക്കാലവിധി പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ, അപ്പീൽ നൽകിയ വഖഫ് സംരക്ഷണ സമിതി ഡിവിഷൻ ബെഞ്ചിൽനിന്ന് സ്റ്റേ വാങ്ങി. അന്ന് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിനോട് ആവശ്യപ്പെട്ടത് കേസിൽ വാദം കേട്ട് അന്തിമവിധി പുറപ്പെടുവിക്കാനാണ്. നിർഭാഗ്യവശാൽ, കേസു നടത്തിപ്പ് മുന്നോട്ടു പോയില്ല. ഈയിടെ ഭൂസംരക്ഷണ സമിതിയും നിയമ-റവന്യു വകുപ്പു മന്ത്രിമാരുമായി നടന്ന പലവിധ ചർച്ചകൾക്കു ശേഷമാണ് കേസ് മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനമായത്.
സർക്കാരിന്റെ സഹായം?
സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ മുനമ്പംകാർക്ക് അനുകൂലമായി കോടതിയിൽ എടുത്ത നിലപാടാണ് ഈ വിധിക്കു പിന്നിൽ എന്നാണ് ഭൂസംരക്ഷണ സമിതിയുടെ ഭാഷ്യം. കോടതി വിശദമായ വാദം കേൾക്കുകയോ, ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ വെളിച്ചത്തിൽ, കരം അടയ്ക്കാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യാൻ തയാറാകണം എന്നാണ് അഡ്വക്കറ്റ് ജനറൽ വാദിച്ചത് എന്ന് നവംബർ 19ന് ജസ്റ്റീസ് സി. ജയചന്ദ്രൻ പുറപ്പെടുവിച്ച കല്പനയിൽ വ്യക്തമാകുന്നു. നവംബർ 26ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലും വെളിവാകുന്നത് അഡ്വക്കറ്റ് ജനറൽ കരം അടയ്ക്കാനുള്ള അനുവാദത്തിന് അനുകൂലമായ നിലപാടെടുത്തു എന്നാണ്.
കരമടയ്ക്കാനുള്ള സ്റ്റേ നീക്കി മുനമ്പംകാരെ തത്കാലം തൃപ്തിപ്പെടുത്താം എന്ന സർക്കാർ തന്ത്രം വിജയിച്ചു എന്നാണ് ഭൂസംരക്ഷണ സമിതി ഭാരവാഹികളുടെ പ്രതികരണങ്ങളിൽനിന്നു മനസിലാകുന്നത്. എന്നാൽ, സർക്കാരിന്റെ നിലപാടിലെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതുണ്ട്. കൊച്ചി തഹസിൽദാർ വി.വി. ജയേഷ് സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിൽ, ഡിവിഷൻ ബെഞ്ചിന്റെ വിധി പരാമർശിച്ചുകൊണ്ട്, റവന്യു വകുപ്പ് കരം സ്വീകരിക്കുന്നതും റവന്യു സർട്ടിഫിക്കറ്റുകൾ നല്‍കുന്നതും നീതിയുക്തമായിരിക്കും എന്ന് കൃത്യമായി എഴുതിയിട്ടുണ്ടെങ്കിലും, സർക്കാർ ഫയൽ ചെയ്ത അപേക്ഷയിൽ നികുതിയടയ്ക്കാനുള്ള അവകാശം മാത്രം നൽകാമെന്ന നിലപാടാണ് സ്വീകരിച്ചത്!
സർക്കാരിന്റെ അതിക്രമം?
വഖഫ് ബോർഡിന്റെ ഭൂമികൊള്ളയ്ക്ക് ഒത്താശ ചെയ്ത്, 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ മരവിപ്പിച്ചത് വലിയ തെറ്റായിരുന്നു എന്ന് സർക്കാർതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ്, രാമചന്ദ്രൻ നായർ കമ്മീഷനെ നിയമിച്ച കേരള സർക്കാർ നടപടി അസാധുവാക്കിയ ഏകാംഗ ബെഞ്ചിന്റെ വിധിക്കെതിരേ സർക്കാർ കൊടുത്ത അപ്പീലിൽ സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ നടത്തിയ വാദങ്ങൾ തന്നെയാണ്. മുനമ്പം വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ നടപടികൾ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന ആ വാദങ്ങൾക്കുള്ള തെളിവുകൾ ഇഴകീറി പരിശോധിച്ചാണ് മുനമ്പം വഖഫ് ഭൂമിയല്ല എന്ന അതിശക്തമായ നിരീക്ഷണം രണ്ടംഗ ബെഞ്ച് നടത്തിയിട്ടുള്ളത്. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അത്ര കടുത്ത ഒരു നിരീക്ഷണത്തിന് കോടതി മുതിരില്ലെന്നും ജുഡീഷൽ കമ്മീഷന് അനുകൂലമായി അന്തിമവിധി നടത്തുക മാത്രമേ ചെയ്യൂ എന്നുമുള്ള പ്രതീക്ഷയിലായിരിക്കണം സർക്കാർ അത്തരം വാദങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്.
മുനമ്പംകാരോട് റവന്യു വകുപ്പ് കാണിച്ചത് അതിക്രമമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവു വായിക്കുന്ന ആർക്കും മനസിലാകും. ജസ്റ്റീസ് സുഷ്രുത് അർവിന്ദ് ധർമാധികാരിയും ജസ്റ്റീസ് ശ്യാംകുമാറും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അന്തിമവിധിയിലുള്ള നിരീക്ഷണങ്ങൾ നീതിബോധമുള്ള ആർക്കും ആനന്ദം നല്‍കുന്നതാണ്. മുനമ്പത്തെ വഖഫാക്കി പ്രഖ്യാപിച്ചുള്ള ബോർഡിന്റെ 2019ലെ വിജ്ഞാപനത്തെ ‘ഭൂമി കൊള്ളയ്ക്കുള്ള തന്ത്രം’ എന്നാണ് വിധിന്യായം വിശേഷിപ്പിക്കുന്നത് (പേജ് 6). മുനമ്പത്തെ വഖഫായി പ്രഖ്യാപിച്ച ബോർഡിന്റെ പ്രവർത്തനത്തെക്കുറിച്ച് ഇരുപത്തിയഞ്ചാം പേജിൽ ന്യായാധിപന്മാർ പ്രസ്താവിക്കുന്നു: “മുഴുവൻ നീക്കവും ഒരു തട്ടിപ്പായിരുന്നു; വാണിജ്യപരമായ സംഭവവികാസങ്ങൾ കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉയർന്ന വാണിജ്യ മൂല്യം കൈവരിച്ച ഈ വസ്തുവിൽ കണ്ണുവയ്ക്കുന്ന വെറും ഒരു ഭൂമികൊള്ളക്കാരനെപ്പോലെയാണ് കേരള വഖഫ് ബോർഡ് പ്രവർത്തിച്ചത്.”
നൈയാമികമായ നടപടിക്രമങ്ങളൊന്നും പൂർത്തിയാക്കാതെ വഖഫ് ബോർഡ് നല്കിയ ശിപാർശ ഫയലിൽ സ്വീകരിച്ച റവന്യു വകുപ്പും ആ ഭൂമികൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. മുപ്പത്താറു വർഷം മുമ്പ് നിയമപരമായ രേഖകളോടെ വാങ്ങി ആധാരം ചെയ്ത് കരം അടച്ച് ഉപയോഗിച്ചുവന്നിരുന്ന ഭൂമി മുനമ്പംകാരുടേതല്ല എന്നു പറഞ്ഞ് അവരെ റവന്യു തടങ്കലിലാക്കി, അവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസമോ വിവാഹ ജീവിതമോ നിഷേധിക്കപ്പെടും വിധം വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് അവരെ തള്ളിയിട്ടതും അവർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകളും അനുവാദങ്ങളും നിഷേധിച്ചതും സർക്കാരിന്റെ റവന്യു വകുപ്പാണ്.
അനന്തമായി നീളുന്ന പരിഹാരം
യഥാർഥത്തിൽ, കഴിഞ്ഞ നാലു വർഷത്തെ അനീതിക്ക് സർക്കാർ പ്രായശ്ചിത്തം ചെയ്യേണ്ടത് 610 കുടുംബങ്ങൾക്കും കനത്ത നഷ്ടപരിഹാരം നല്‍കിക്കൊണ്ടാണ്. ചുരുങ്ങിയ പക്ഷം, റവന്യു വകുപ്പിന് സംഭവിച്ച തെറ്റ് അംഗീകരിച്ച് സത്വരമായി റവന്യു അവകാശങ്ങൾ തിരികെ നല്കാൻ തങ്ങൾ തയാറാണെന്നു കോടതിയിൽ പ്രഖ്യാപിക്കാനെങ്കിലും സർക്കാർ തയാറാകണമായിരുന്നു. എന്നാൽ, അതിനു പകരം സർക്കാർ ശ്രമിക്കുന്നത്, നാലു വർഷം കൊണ്ട് പാപ്പരായിത്തീർന്നിട്ടുള്ള അവരിൽനിന്ന് കരം പിടിച്ചുവാങ്ങി അവരെ സുഖിപ്പിക്കാനാണ്! ഇവിടെ സുപ്രധാനമായ ഒരു ചോദ്യം ഉയരുന്നുണ്ട്...
കരമടയ്ക്കലാണോ ‘റവന്യു അവകാശങ്ങൾ’?
കരം അടയ്ക്കാൻ അനുവാദം വേണം എന്നതായിരുന്നില്ല, മറിച്ച് റവന്യു അവകാശങ്ങൾ സമ്പൂർണവും സത്വരവുമായി പുനഃസ്ഥാപിക്കണം എന്നതായിരുന്നു മുനമ്പംകാരുടെ മുറവിളി. കരം അടച്ചില്ലെങ്കിൽ പല കാര്യങ്ങൾക്കുമുള്ള റവന്യു വകുപ്പിന്റെ അനുവാദം ലഭിക്കില്ല എന്നതു ശരിയാണെങ്കിലും, കരമടയ്ക്കൽ ഒരു റവന്യു അവകാശമല്ല, റവന്യു കടമയാണ് എന്നതല്ലേ വസ്തുത? റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണം എന്ന മുറവിളിക്കുള്ള ശരിയായ മറുപടി കരമടയ്ക്കാൻ അനുവാദം നല്കലല്ല.
Leader Page
‘ഇന്ത്യയിലെ ജനങ്ങളായ നാം’ നമുക്കുവേണ്ടി നമ്മളാൽ രൂപകല്പന ചെയ്ത ഭരണഘടനയെന്ന രാജ്യത്തിന്റെ ആധാരശില അംഗീകരിക്കപ്പെട്ടിട്ട് ഇന്ന് 76 വർഷം പൂർത്തിയാകുകയാണ്. ഭരണഘടനയെക്കുറിച്ചും അത് വിഭാവന ചെയ്യുന്ന ജനാധിപത്യ സംവിധാനത്തെക്കുറിച്ചുമുള്ള കൃത്യമായ അവബോധമാണ് മികച്ച പൗരന്മാരെ രൂപപ്പെടുത്തുന്നത്. രാഷ്ട്രം ജനങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നു പറയുന്നതുപോലെതന്നെ ജനങ്ങൾക്കുവേണ്ടിയുള്ളതാണ് ഭരണഘടനയും. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന വാചകത്തോടെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി കെട്ടിപ്പടുക്കുകയും എല്ലാ പൗരന്മാർക്കും സമത്വവും നീതിയും സ്വാതന്ത്ര്യവും തുല്യമായി ലഭ്യമാക്കുകയും സാഹോദര്യം വളർത്തുകയും ചെയ്യുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് ഭരണഘടനയുടെ ആമുഖത്തിൽ അടിവരയിട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
ഭരണഘടനാലക്ഷ്യത്തിന്റെ പൂർത്തീകരണത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള കടമ ആർക്കാണ് എന്നു ചിന്തിച്ചുനോക്കേണ്ട സന്ദർഭമാണിത്. കഴിഞ്ഞ 76 വർഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭരണഘടനാലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ട തുടർനടപടികളെക്കുറിച്ച് ചിന്തിക്കേണ്ട സമയവുമാണിത്. ഭരണഘടനയുടെ ഉള്ളടക്കവും അതിന്റെ കെട്ടും മട്ടും പരിശോധിച്ചാൽ വ്യക്തമാകുന്നത് ഭരണഘടനാലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രഥമ ചുമതല നമുക്കുതന്നെയെന്നാണ്. കാരണം, ഭരണഘടന ആരും ദാനമായി നൽകിയതല്ല. നാം തന്നെ സൃഷ്ടിച്ച് നമുക്കെല്ലാവർക്കുമായി സമർപ്പിക്കപ്പെട്ടതാണത്.
ആകർഷകമായ രൂപകല്പന
അത്യന്തം മനോഹരവും ആകർഷകവുമായ രൂപകല്പനയും അവതരണവുമാണ് ഭരണഘടനയിൽ ഉടനീളം. മികച്ച വ്യക്തികളായിരുന്നു ഭരണഘടനാനിർമാണ സമിതിയിൽ ഉണ്ടായിരുന്നത്. എല്ലാ കാലത്തെയും അതിജീവിക്കാൻ പര്യാപ്തമായ ഭരണഘടനയാണ് രാജ്യത്തിന് ഉണ്ടാകേണ്ടതെന്ന നിർബന്ധവും നിശ്ചയദാർഢ്യവും അവർക്കുണ്ടായിരുന്നു. അവരുടെ വിശ്വസ്തതയും വിധേയത്വവും രാജ്യത്തെ ജനങ്ങളോടും അവരെ ഏല്പിച്ച ചുമതലയോടും മാത്രമായിരുന്നു.
ഭരണഘടനയുടെ ഒന്നാം ഭാഗത്തിൽ ഏതെല്ലാം ഭൂപ്രദേശങ്ങൾ ഇന്ത്യയിൽ ഉൾപ്പെടുമെന്ന് വിവരിച്ചിരിക്കുന്നു. രണ്ടാം ഭാഗം, പൗരത്വത്തിന്റെ അടിസ്ഥാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളാണ് മൂന്നാം ഭാഗത്തിൽ. നാലാം ഭാഗത്ത് നിർദേശകതത്വങ്ങളും ഭാഗം നാല് (എ)ൽ മൗലികചുമതലകളും വിവരിക്കുന്നു. തുടർന്ന് നമ്മുടെ ഭരണസംവിധാനത്തിന്റെ ഘടനയാണ്. യൂണിയൻ, സ്റ്റേറ്റുകൾ, പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ എന്നിങ്ങളെ മൂന്ന് തട്ടുകളായാണ് ഭരണ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.
ചരിത്രമുഹൂർത്തം
ഭരണഘടനാ നിർമാണസമിതി രാജ്യത്തെ ജനങ്ങൾക്കുവേണ്ടി ഭരണഘടന അംഗീകരിച്ചത് 1949 നവംബർ 26നാണ്. ആ ചരിത്രനിമിഷത്തിൽ ഭരണഘടനയുടെ മുഖ്യശില്പിയായിരുന്ന ഡോ. ബി.ആർ. അംബേദ്കർ നൽകിയ സന്ദേശത്തിൽ ഇപ്രകാരം പറയുകയുണ്ടായി: “ഇന്നലെവരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്കു പഴിപറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇന്നുമുതൽ അതിന് പ്രസക്തിയില്ലാതായിരിക്കുന്നു. ഇനിയങ്ങോട്ട് നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമ്മളെ തന്നെയാണ് കുറ്റം പറയേണ്ടത്.” ജനാധിപത്യ ഭരണക്രമത്തിൽ ഭരണഘടനയുടെ സൂക്ഷിപ്പുകാരായ ജനങ്ങൾ പുലർത്തേണ്ടതായ നിതാന്ത ജാഗ്രതയെ ഓർമപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ.
ഭരണഘടന നമ്മെ നയിക്കുന്നു
റിപ്പബ്ലിക്കിനുള്ളിൽ അധികാരം വിനിയോഗിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങൾ ഭരണഘടനയെന്ന മൗലികനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചുമതലാ നിർവഹണം നടത്തുന്നത്. ഭരണകൂടവും നിയമനിർമാണ മേഖലയും നടത്തുന്ന അതിരുവിട്ട പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും കോടതികൾക്കാകും. കാരണം, ഭരണഘടന വ്യാഖ്യാനിക്കുന്നത് കോടതികളാണ്. അപ്രകാരമുള്ള വ്യാഖ്യാനങ്ങളും പ്രഖ്യാപനവും എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണ്. സുപ്രീംകോടതിക്കു മുന്‍പാകെ വരുന്ന ഏതൊരു വ്യവഹാരത്തിലും സംഗതിയിലും പൂർണമായ നീതി ചെയ്യുന്നതിനാവശ്യമായ തീർപ്പുകൾ കല്പിക്കാനോ ഉത്തരവുകൾ പുറപ്പെടുവിക്കാനോ ഉള്ള വിശേഷാധികാരം ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരം സുപ്രീംകോടതിക്ക് ഉണ്ടെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്.
കുട്ടികൾക്ക് പ്രചോദനം
കുട്ടികളെ പ്രചോദിപ്പിക്കുന്ന, അവർക്കായി പ്രത്യേകം സംരക്ഷണ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. ഭരണഘടനയുടെ 15-ാം അനുച്ഛേദം കുട്ടികൾക്ക് പ്രത്യേക സംരക്ഷണം ആകാമെന്ന് വ്യവസ്ഥ ചെയ്യുന്നു. 24-ാം അനുച്ഛേദം ബാലവേലയും കുട്ടികളുടെ ചൂഷണവും നിരോധിക്കുന്നു. നിർദേശക തത്വങ്ങളിൽ ചിലത് കുട്ടികളുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നു വ്യക്തമാക്കുന്നു. കൊച്ചുകുട്ടികളെ മുതിർന്നവർ സങ്കുചിത താത്പര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നത് 39(ഇ) അനുച്ഛേദം തടയുന്നു. 21(എ) എന്ന പേരിൽ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 2002ൽ കൂട്ടിച്ചേർത്ത അനുച്ഛേദം ആറിനും 14നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധപൂർണവുമായ വിദ്യാഭ്യാസം വ്യവസ്ഥചെയ്തു കൊടുക്കണമെന്ന് രാഷ്ട്രത്തെ പ്രേരിപ്പിക്കുന്നു. അനാഥബാല്യങ്ങൾക്ക് ശ്രദ്ധയും പരിചരണവും നൽകി ഭരണഘടന അവരെ സനാഥരാക്കുന്നു.
അനാചാരങ്ങൾക്ക് അറുതി
മനുഷ്യത്വരഹിതമായ അനാചാരങ്ങളായ അടിമത്തത്തിനും തൊട്ടുകൂടായ്മയ്ക്കും ശൈശവവിവാഹം, സതി തുടങ്ങിയ ദുരാചാരങ്ങൾക്കും രാജ്യത്ത് അവസാനം കുറിച്ചത് ഭരണഘടനയും ഭരണഘടനാ വീക്ഷണങ്ങളുമാണ്. തൊട്ടുകൂടായ്മയെ ഭരണഘടന അതിശക്തമായ വാക്കുകളിൽ നിരോധിക്കുന്നുണ്ട്. 17-ാം അനുച്ഛേദം അതിനു തെളിവാണ്. അത് സാമൂഹിക പരിഷ്കരണത്തിനു വഴിതുറന്നു.
Editorial
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയിരിക്കുന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി.
സമയപരിധി നിശ്ചയിക്കാനാകില്ലെങ്കിൽ കോടതി ഇടപെട്ടിട്ടു കാര്യമുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ബില്ലുകള്‍ പരിഗണനയ്ക്കെത്തുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠേനയുള്ള മറുപടി. പ്രശ്നപരിഹാരമല്ല, ഭരണഘടനാ പ്രകാരമുള്ള വിശദീകരണമാണ് കോടതി നടത്തിയിരിക്കുന്നത്.
ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിവച്ച് കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധി ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മൂന്ന് സാധ്യതകളേ ഉള്ളൂ. ഒന്ന് അനുമതി നൽകുക, രണ്ട് നിയമസഭയ്ക്കു തരിച്ചയയ്ക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക.
എന്നാൽ, ബില്ലിൽ തീരുമാനമെടുക്കാതെ വൈകിക്കുകയും അതിനുശേഷം രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വിധിച്ചത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണമാരെ മാറ്റുന്നതുമായ ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലുകൾ ഗവര്‍ണര്‍ ആര്.എന്‍. രവി മൂന്നു വർഷത്തോളം പിടിച്ചുവച്ചതോടെ വിഷയം സങ്കീർണമായി. തുടർന്ന് രാഷ്ട്രപതി നൽകിയ റഫറൻസിലാണ് ഇപ്പോൾ വിധി. ഗവർണർ ഒപ്പിടാത്ത ബില്ലുകൾക്ക് അംഗീകാരം നൽകാൻ കോടതിക്ക് കഴിയില്ലെന്നും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ചുമതല കോടതിക്കു ഏറ്റെടുക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
എന്നാൽ, അനന്തമായി ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവയ്ക്കാനാവില്ലെന്നാണ് കോടതി പറഞ്ഞതെന്നും സമയപരിധി നിശ്ചയിക്കാൻ അപ്പീൽ നൽകുമെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. വിധിക്കുശേഷവും രാഷ്ട്രീയപോരാട്ടം തുടരുമെന്നതിന്റെ സൂചനയാണിത്. അനിശ്ചിതകാലത്തേക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാനാകില്ലെന്നും അങ്ങനെവന്നാൽ സംസ്ഥാനങ്ങൾക്കു കോടതിയെ സമീപിക്കാമെന്നും പറഞ്ഞെങ്കിലും കഴിഞ്ഞ ഏപ്രിലിൽ രണ്ടംഗ ബെഞ്ച് ഗവർണർക്കെതിരായി നടത്തിയ വിധിയും മൂന്നുമാസ കാലാവധിയും തള്ളിക്കളഞ്ഞിരിക്കുകയാണ്.
കോടതിക്കു മുന്നിലുണ്ടായിരുന്നത് പ്രശ്നപരിഹാരമല്ല, ഭരണഘടനാ വിശദീകരണമാണ്. അതായത്, രാഷ്ട്രപതിക്കും ഗവർണർക്കും ഉപദേശം നൽകിയ കോടതി, അവർ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. രാജ്യത്തിന്റെ പ്രതിസന്ധി അതായിരുന്നെങ്കിലും രാഷ്ട്രപതി ചോദിച്ചത് ഗവർണറുടെ അധികാരത്തെക്കുറിച്ചു മാത്രമായിരുന്നു. കോടതി അതിനുത്തരം പറഞ്ഞു. മറ്റു കാര്യങ്ങൾ വീണ്ടും കോടതിയിലെത്തും.
രാഷ്ട്രീയത്തിനു മുകളിൽ ഒരു ബില്ലും പറക്കില്ലെന്നു വേണമെങ്കിൽ പറയാം. നോമിനിയായ ഗവർണർക്കു മുകളിലാണ് ജനം തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ എന്നും, രാഷ്ട്രീയത്തിനു മുകളിലാണ് ജനാധിപത്യം എന്നും ഗവർണർമാരും അവരെ പറഞ്ഞയച്ചവരും മനസിലാക്കിയിരുന്നെങ്കിൽ, ഈ വിഷയം ഭരണഘടനാ ബെഞ്ചിനു തലനാരിഴ കീറി പരിശോധിക്കേണ്ടി വരില്ലായിരുന്നു.
ഭരണഘടനയുടെ ആത്മാവിനെ ത്യജിക്കാൻ അതിന്റെ എഴുതപ്പെട്ടതോ എഴുതപ്പെടാത്തതോ ആയ വാക്യങ്ങളെ പഴുതുകളാക്കുന്ന പ്രവണത അധികാര രാഷ്ട്രിയത്തിനു ഗുണകരമായിരിക്കാം. പക്ഷേ, ഫെഡറൽ തത്വങ്ങൾക്കു ഗുണകരമല്ല. ഭരണഘടനാ സ്ഥാപനങ്ങളും സ്ഥാനങ്ങളും പാർട്ടിക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണെന്ന് മറക്കാതിരിക്കുന്നതാണ് യഥാർഥ ദേശസ്നേഹം.
Editorial
ഭരണകൂടത്തിന്റെ മതവിവേചന നീക്കങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്പോഴൊക്കെ, ശക്തമായൊരു മതേതര-ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നതെന്നു കോടിക്കണക്കിന് ഇന്ത്യക്കാരെ ധൈര്യപ്പെടുത്തുന്നത് ഭരണഘടനയാണ്.
അത്തരമൊരു ധൈര്യത്തിന്റെ ആവശ്യം തങ്ങൾക്കില്ലെന്നോ അധികാരത്തിലും രാജ്യത്തിന്റെ ഉടമസ്ഥതയിലും മേൽക്കൈ ഉണ്ടെന്നോ കരുതുന്ന മറ്റൊരു കൂട്ടരാകട്ടെ, ഭരണഘടനയിൽ മാറ്റം വേണമെന്ന് ഇടയ്ക്കൊക്കെ വിളിച്ചുപറയുന്നു.
അവർക്ക് ഭരണഘടനയുടെ ആമുഖത്തിൽനിന്നു മതേതരത്വത്തെയും സോഷ്യലിസത്തെയും എടുത്തു കളയണം! പ്രധാന ഉന്നം മതേതരത്വമായിരിക്കാം. അതാണല്ലോ എല്ലാ പൗരന്മാരെയും മതഭേദമില്ലാതെ ഒന്നിച്ചു നിർത്തുന്നത്. മതേതരത്വം മാറ്റിയാൽ ഇന്ത്യ മതരാഷ്ട്രമാകുമെന്ന് അവർ കരുതുകയാവാം. അവർക്കു പരിമിതികളുണ്ട്. പക്ഷേ, ഭരണഘടനയിലെ മതേതര തടസം മാറ്റാൻ മുറവിളി കൂട്ടുന്നവരെ ഭരണകൂടം തടയുന്നില്ല!
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ബിജെപി രാജ്യസഭാ എംപി സുധാൻഷു ത്രിവേദി തുടങ്ങിയവരാണ് അടുത്തടുത്ത ദിവസങ്ങളിൽ ഭരണഘടനയിലെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾക്കെതിരേ രംഗത്തെത്തിയത്.
ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരത്വവും’ ‘സോഷ്യലിസവും’ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അടിയന്തരാവസ്ഥക്കാലത്ത് കൂട്ടിച്ചേർത്തതാണെന്നും അതു മാറ്റുന്നതിനെക്കുറിച്ചു ചർച്ച ചെയ്യണമെന്നുമാണ് ദത്താത്രേയ ഹൊസബാളെ പറഞ്ഞത്.
പിന്നാലെ എത്തിയത് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. ഈ രണ്ട് വാക്കുകളും ഇന്ത്യന്‍ നാഗരികതയ്ക്ക് എതിരാണന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അടിയന്തരാവസ്ഥക്കാലത്ത് ആ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഒരു ‘പുണ്ണ്’ ആയി ചേർത്തത് ‘സനാതന ചൈതന്യ’ത്തോടുള്ള അവഹേളനമാണെന്നായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ നിരീക്ഷണം.
തൊട്ടുപിന്നാലെ ഹിമന്ത് ബിശ്വ ശർമയെത്തി. രണ്ടു വാക്കുകളും ഭരണഘടനയിൽനിന്നു നീക്കം ചെയ്യാനുള്ള സുവർണാവസരമാണിതത്രേ. ഇന്ത്യൻ സംസ്കാരം മതേതരത്വത്തെ പിന്തുണയ്ക്കുന്നില്ലെന്നും മതേതരത്വത്തിന്റെ പേരിൽ രാജ്യത്ത് വിശ്വാസവും സംസ്കാരവും ഭീഷണി നേരിടുന്നുവെന്നും രണ്ടു ദിവസം മുന്‍പാണ് ബിജെപി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുധാൻഷു ത്രിവേദി പറഞ്ഞത്.
ഇവരുടെയൊക്കെ വർത്തമാനം കേട്ടാൽ തോന്നും, നമ്മെ ഒന്നിപ്പിക്കുന്ന മതേതരത്വവും തുല്യതയെ ലക്ഷ്യമാക്കുന്ന സോഷ്യലിസവും ഇത്ര വെറുക്കപ്പെടേണ്ട വാക്കുകളാണോയെന്ന്. ഭരണഘടനയുടെ ആമുഖത്തിലുള്ളതല്ല, ഇവരുടെയൊക്കെ ഉള്ളിലിരിപ്പാണ് മാറ്റേണ്ടത്.
മതേതരത്വം, സോഷ്യസിസം വാക്കുകളുടെ ഉന്മൂലനത്തിനിറങ്ങിയവരുടെ വാദങ്ങളെ സുപ്രീംകോടതി പലതവണ തള്ളിക്കളഞ്ഞതാണ്. അടിയന്തരാവസ്ഥയ്ക്കിടെ കാലാവധി നീട്ടിയ ഇന്ദിര സർക്കാർ 1976ൽ 42-ാം ഭേദഗതിയിലൂടെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത് ജനഹിതമല്ലെന്ന ഹർജിയും കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി തള്ളി.
അടിയന്തരാവസ്ഥയ്ക്കുശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോക്സഭ, കൂട്ടിച്ചേർക്കപ്പെട്ട വാക്കുകളെക്കുറിച്ച് 1978ൽ വിശദമായ ചർച്ചയും പരിശോധനയും നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ മറ്റു കണ്ടെത്തലുകളുടെ ചുരുക്കം ഇതായിരുന്നു: “ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തെ മാറ്റാത്ത ഭേദഗതികൾ വരുത്താനുള്ള സർക്കാരുകളുടെ അധികാരം ചോദ്യം ചെയ്യാനാകാത്തതാണ്.
സമത്വം എന്ന അവകാശത്തിന്റെ ഭാഗമാണു മതനിരപേക്ഷത. 1949 നവംബർ 26നു ഭരണഘടന അംഗീകരിച്ചപ്പോൾതന്നെ മതനിരപേക്ഷത വ്യക്തമാക്കിയിരുന്നു. അതുപോലെ സ്വകാര്യസംരംഭങ്ങളെ നിയന്ത്രിക്കുകയല്ല, സാമൂഹിക- സാമ്പത്തിക പുരോഗതിയാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തെ സഹായിച്ചുകൊണ്ട് സ്വകാര്യമേഖല ഇതിനോടകം വളർന്നിട്ടുമുണ്ട്.’’
ഭരണഘടനയുടെ ആമുഖത്തിനെതിരേ ആർഎസ്എസ് ജനറൽ സെക്രട്ടറി ഡൽഹിയിൽപറഞ്ഞപ്പോൾ തന്നെ മഹാരാഷ്ട്രയിലെ അമരാവതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് ഇങ്ങനെ പറഞ്ഞു: “പാർലമെന്റാണ് പരമോന്നതമെന്നാണ് പലരുടെയും പക്ഷം. എന്നാൽ, എന്റെ അഭിപ്രായത്തിൽ ഭരണഘടനയാണ്.
എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷറി എന്നീ ജനാധിപത്യത്തിന്റെ മൂന്നു തൂണുകളും ഭരണഘടനയ്ക്കു കീഴിലാണ്. ഭേദഗതിവരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ല.’’ ഇതൊക്കെ കേട്ടിട്ടും ഭരണഘടനയെക്കുറിച്ചോ മതേതരത്വത്തെക്കുറിച്ചോ സംശയിക്കുന്നവരുടേത് സംശയമല്ല, അജൻഡയാണ്. കോടതികൾക്ക് അതിലൊന്നും ചെയ്യാനില്ല.
തെറ്റിദ്ധരിക്കപ്പെട്ടവരുണ്ടെങ്കിൽ ചിന്തിക്കണം. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും “ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും... ’’എന്നു തുടങ്ങുന്ന ആമുഖം ഇക്കാലമത്രയും നമ്മെ ചേർത്തു നിർത്തിയതല്ലേ? പഹൽഗാമിൽ ഭ്രാന്തെടുത്ത പാക്കിസ്ഥാനെന്ന മതരാഷ്ട്രത്തെ നേരിട്ടപ്പോഴും നമ്മെ ചേർത്തുനിർത്തിയത് ഈ മതേതര ഭരണഘടനയല്ലേ? ആ വാക്കിനെയോ, അതിലൂടെ സ്ഥാപിതമായ നാനാത്വത്തിലെ ഏകത്വത്തെയോ... ഏതിനെയാണു ചിലർ മാറ്റാനാഗ്രഹിക്കുന്നത്? തിരിച്ചറിയണം.
Kerala
പ്രഫ. റോണി കെ. ബേബി
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ് പ്രസ്താവന എന്നാണ് ഉയരുന്ന വിമർശനം. ഭരണഘടനയുടെ ആമുഖത്തിലെ "സോഷ്യലിസ്റ്റ്’, "മതേതരം’ എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ കാതലല്ലെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചിരിക്കുന്നു. പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും രംഗത്തെത്തിയതോടെ ഹൊസബാ ളെയുടെ പ്രസ്താവന ആർഎസ്എസ് നടപ്പാക്കാൻ പോകുന്ന തിരക്കഥയുടെ ഭാഗമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ഭരണഘടനാ നിർമാണ
സഭയുടെ നിലപാട്
അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും ഇല്ലായിരുന്നുവെന്നും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് 1976 നവംബർ 11ന് 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത പദങ്ങളാണ് ഇവ എന്നുമാണ് ദത്താത്രേയയുടെ ആരോപണം. എന്നാൽ, ഭരണഘടനാ നിർമാണസഭയിലെ ചർച്ചകൾ വിശദമായി പരിശോധിച്ചാൽ ദത്താത്രേയ ഹൊസബാളെയുടെ വാദങ്ങൾ തെറ്റാണെന്നു കാണാം. രണ്ടു വർഷവും 11 മാസവും 17 ദിവസവും നീണ്ട ഭരണഘടനാ നിർമാണ സഭാ ചർച്ചയിലെ അവസാന വിഷയങ്ങളിൽ ഒന്നായിരുന്നു മതേതരത്വം. 1949 ഒക്ടോബർ 17ന് ഭരണഘടനയുടെ ആമുഖം ചർച്ചയ്ക്ക് എടുത്തപ്പോഴാണ് ആദ്യമായി ഈ വാക്ക് ചർച്ച ചെയ്യപ്പെട്ടത്.
രാഷ്ട്രവും ഭരണഘടനയും അടിസ്ഥാനപരമായി മതനിരപേക്ഷമായിരിക്കണം എന്ന സുദൃഢമായ നിലപാട് സ്വീകരിച്ച ഭരണഘടനാ ശിൽപ്പികൾക്ക് "മതേതരത്വം' എന്ന വാക്കുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായിരുന്നു. കാരണം പാശ്ചാത്യ വീക്ഷണത്തിലുള്ള മതേതരത്വം മതനിരാസവും മതനിഷേധവുമായിരുന്നു. അത് ഒരിക്കലും ഇന്ത്യയിൽ കൊണ്ടുവരാൻ അവർ ആഗ്രഹിച്ചില്ല. മിക്കവാറും എല്ലാ അംഗങ്ങളും ഒരു മതേതര രാഷ്ട്രം അനിവാര്യമാണെന്ന് ഒരു പൊതുധാരണയിൽ എത്തിയിരുന്നുവെങ്കിലും ഏതുതരം മതേതരത്വമാണ് എന്നതിൽ അവ്യക്തതയുണ്ടായിരുന്നു. മതേതരത്വം എന്നാൽ മതത്തിൽനിന്ന് ഭരണകൂടത്തെ പൂർണമായി വേർതിരിക്കുന്നതാണോ? അതോ ഇന്ത്യയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ എല്ലാ മതങ്ങളോടും തുല്യ ബഹുമാനം വളർത്തിയെടുക്കുന്നത് കൂടുതൽ അനുയോജ്യമാണോ എന്ന ആശയക്കുഴപ്പമായിരുന്നു നിലനിന്നിരുന്നത്.
ഭരണഘടനാ നിർമാണ സഭയിൽ "സെക്കുലര്‍, സെക്കുലര്‍' എന്ന് ആവര്‍ത്തിച്ചു പറഞ്ഞവരോട് നിങ്ങള്‍ ആദ്യം പോയി ഡിക്ഷ്ണറിയെടുത്ത് സെക്കുലറിസത്തിന്റെ അര്‍ഥം എന്താണെന്നു നോക്കൂ എന്ന് നെഹ്റു പറഞ്ഞതായി ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. സെക്കുലറിസത്തിന്റെ മതനിരാസമെന്ന പാശ്ചാത്യ കാഴ്ചപ്പാടു കാരണവും ഇന്ത്യ അനുവർത്തിക്കാൻ ആഗ്രഹിക്കുന്ന മതേതരത്വത്തിന്റെ മറ്റ് മാതൃകകൾ നിലവിൽ ലോകത്ത് മറ്റൊരിടത്തും ഇല്ലാതിരുന്നതിനാലും നെഹ്റുവും അംബേദ്കറും ഉൾപ്പെടെയുള്ള നേതാക്കൾ "സെക്കുലര്‍' എന്ന വാക്ക് ഭരണഘടനയില്‍ ചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു.
ഈ കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളാണ് ഭരണഘടനാ നിർമാണ സഭയിൽ ഉണ്ടായത്. ഇതിൽ ആദ്യത്തേത് 1948 നവംബർ 15ലെ ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകൾ ഉൾപ്പെടുത്തിയ ഏഴാം വാല്യം പരിശോധിച്ചാൽ കരട് ഭരണഘടനയിലെ ആർട്ടിക്കിൾ ഒന്നിന് ഉപവകുപ്പ് ഒന്നായി "സെക്കുലർ, ഫെഡറൽ, സോഷ്യലിസ്റ്റ്' എന്ന വാക്കുകൾ ഉൾപ്പെടുത്താൻ പ്രഫ. കെ.ടി. ഷാ ഒരു ഭേദഗതി കൊണ്ടുവന്നതായി കാണാം. നിലവിലുള്ള “India, that is Bharat, shall be a Union of States” എന്നുള്ളത്, “India, that is Bharat, shall be a Secular, Federal, Socialist Union of States” എന്നാക്കി മാറ്റണമെന്നായിരുന്നു 98-ാം നമ്പർ ഭേദഗതിയിൽ പ്രഫ. കെ.ടി. ഷാ ആവശ്യപ്പെട്ടത്.
ഭേദഗതി നിർദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നമ്മുടേത് ഒരു മതേതര രാഷ്ട്രമാണെന്ന് എല്ലാ വേദികളിൽനിന്നും നേതാക്കന്മാർ ഞങ്ങളോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അത് ശരിയാണെങ്കിൽ തെറ്റിദ്ധാരണയുടെയോ മറ്റ് ഏതെങ്കിലുമോ കാരണത്താൽ ഭരണഘടനയിൽ ഈ പദം ചേർക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. "മതേതരം’ എന്ന പദത്തിന്, നമ്മുടെ ഭരണഘടന മാതൃകയായി സ്വീകരിച്ച മറ്റ് വിദേശ ഭരണഘടനകളിൽ സ്ഥാനമില്ലെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഓരോ ഭരണഘടനയും അവിടെയുള്ള മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവും അതിനുമുമ്പുള്ള വർഷങ്ങളിലും നമുക്കുണ്ടായ അസന്തുഷ്ടമായ സംഭവങ്ങളും മതത്തിന്റെയും വർഗീയതയുടെയും വിഭാഗീയതയുടെയും പേരിൽ അതിരുകടന്ന അനുഭവങ്ങളും രാജ്യത്തിന്റെ മതനിരപേക്ഷത അനിവാര്യമാണെന്ന് ഊന്നിപ്പറയാൻ ഞാൻ ഉദ്ദേശിക്കുന്നു”.
ഭേദഗതി നിർദേശത്തോട് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതികരണം ഇപ്രകാരമായിരുന്നു. “പ്രഫ. കെ.ടി. ഷായുടെ ഭേദഗതി അംഗീകരിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഭരണഘടന രാജ്യത്തിന്റെ വിവിധ ഘടകങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം മാത്രമാണ്. ഭരണകൂടത്തിന്റെ നയം എന്തായിരിക്കണം, സമൂഹത്തെ അതിന്റെ സാമൂഹികവും സാമ്പത്തികവുമായ വശത്ത് എങ്ങനെ സംഘടിപ്പിക്കണം എന്നത് സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ജനങ്ങൾ സ്വയം തീരുമാനിക്കേണ്ട വിഷയങ്ങളാണ്. അത് ഭരണഘടനയിൽതന്നെ മുൻകൂട്ടി എഴുതിച്ചേർക്കാൻ കഴിയില്ല. കാരണം അത് ജനാധിപത്യത്തെ പാടെ നശിപ്പിക്കുകയാണ്”. ജനാധിപത്യത്തെക്കുറിച്ച് എത്ര ഉന്നതമായ കാഴ്ചപ്പാടാണ് അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാശിൽപ്പികൾ പുലർത്തിയതെന്ന് നോക്കുക. ഭരണഘടനയിൽ മുൻകൂട്ടി എഴുതി തയാറാക്കി അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല മതേതരത്വവും സോഷ്യലിസവും പോലെയുള്ള മൂല്യങ്ങളെന്നും അവ സ്വാഭാവികമായ പരിണാമത്തിലൂടെ രാജ്യത്ത് നിലവിൽ വരേണ്ടതാണ് എന്നാണ് അംബേദ്കർ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്നത് .
രണ്ടാമതായി 1949 ഒക്ടോബർ 17ന് ഭരണഘടനയുടെ ആമുഖം “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ” (We the people of India) എന്നതിനു പകരം ദൈവനാമത്തിൽ (In the Name of God) തുടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഭേദഗതി എച്ച്.വി. കമ്മത്ത് സഭയിൽ അവതരിപ്പിച്ചു. അന്നേദിവസം തന്നെ ഭരണഘടനാ നിർമാണ സഭയിൽ ഷിബൻ ലാൽ സക്സേനയും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും എച്ച്.വി. കമ്മത്തിന്റേതിനു സമാനമായ ഭേദഗതി നിർദേശങ്ങൾ മുന്‍പോട്ടു വയ്ക്കുകയുണ്ടായി. “ദൈവ നാമത്തിൽ, എന്നതിലൂടെ സങ്കുചിതമായതും വർഗീയത നിറഞ്ഞതുമായൊരു മനോഭാവമാണ് നമ്മൾ പ്രകടിപ്പിക്കുന്നത്” എന്നതായിരുന്നു ഇതിനെതിരേ പണ്ഡിറ്റ് കുൻസ്രു സഭയിൽ പ്രതികരിച്ചത്. സഭയിലെ അംഗമായിരുന്ന രോഹിണി കുമാർ ചൗധരി ഉയർത്തിയത് “ദൈവമെന്ന് ചേർക്കാമെങ്കിൽ, എന്തുകൊണ്ട് ദേവതയെന്ന് ചേർത്തു കൂടാ?” എന്ന ന്യായമായ സംശയമാണ്. കമ്മത്തിന്റെ നിർദേശത്തിനെതിരേ പ്രതികരിച്ച പൂർണിമ ബാനർജി പറഞ്ഞത് “ദൈവത്തെ വോട്ടിനിട്ട് തെരഞ്ഞെടുക്കേണ്ട ഗതികേട് വരുത്തരുത്” എന്നായിരുന്നു. അവസാനം ഭേദഗതി പിൻവലിക്കാനുള്ള സഭയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെയും ഡോ. ബി. ആർ. അംബേദ്കറുടേയും അഭ്യർഥന എച്ച്.വി. കമ്മത്ത് അംഗീകരിക്കാത്തതിനെത്തുടർന്ന് ഭേദഗതി നിർദ്ദേശം വോട്ടിനിടുകയും 41 നെതിരേ 68 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തള്ളുകയുമായിരുന്നു . ഈ രണ്ടു സംഭവങ്ങളിലൂടെ മതേതരത്വവുമായി ബന്ധപ്പെട്ട് ഭരണഘടനാ നിർമാണസഭയുടെയും ഭരണഘടനാ ശിൽപ്പികളുടെയും കാഴ്ചപ്പാടെന്തായിരുന്നു എന്ന് സുവ്യക്തമാണ്.
സുപ്രീംകോടതിയുടെ പ്രസക്തമായ നിരീക്ഷണങ്ങൾ
ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാംഗവും ബിജെപി നേതാവുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി കഴിഞ്ഞ വർഷം സുപ്രീംകോടതി തള്ളിയത് സംഘപരിവാറിനു കനത്ത തിരിച്ചടിയായിരുന്നു. ഭരണഘടനയുടെ ആമുഖം ഒരു സാധാരണ ചട്ടത്തിന് തുല്യമല്ലാത്തതിനാൽ 42-ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പാര്‍ലമെന്റിന് അധികാരമില്ലെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമി വാദിച്ചത്. കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രീംകോടതി വിധിയും സുബ്രഹ്മണ്യൻ സ്വാമി ശക്തിയുക്തം ഉയർത്തി. സോഷ്യലിസ്റ്റ്, മതേതര ആശയങ്ങൾ അവതരിപ്പിക്കാൻ ഭരണഘടന ശിൽപ്പികള്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി വാദിച്ചു.
എന്നാൽ, സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് 1976ലെ 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത മതേതരത്വം, സോഷ്യലിസം എന്ന സംജ്ഞകൾ നിലനിൽക്കുമെന്നും അവ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠം 2024 നവംബർ 25ന് അസന്നിഗ്ദ്ധമായി വിധിക്കുകയാണ് ചെയ്തത്. “ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ വേർതിരിച്ചു മാറ്റാനാകാത്തവിധം ഇഴചേർക്കപ്പെട്ടതാണ് മതനിരപേക്ഷത. സമത്വം, സാഹോദര്യം, അന്തസ്, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി, മതവിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ മതനിരപേക്ഷ ധാർമികതയുടെ ഭാഗം തന്നെയാണ്” എന്ന സുപ്രധാന നിരീക്ഷണമാണ് വിധിന്യായത്തിൽ സുപ്രീംകോടതി നടത്തിയത്.
കൂടാതെ 1950 ജനുവരി 26നു നിലവിൽവന്ന ഭരണഘടനയിൽ 1976 നവംബർ 11 (42-ാം ഭേദഗതി നിലവിൽ വന്നത്) വരെ “സെക്കുലർ” എന്ന പദം ഉൾപ്പെടുത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും വളരെ കൃത്യമായ ഉത്തരം അന്ന് വിധിന്യായത്തിലുണ്ടായിരുന്നു .
“മതേതരത്വം എന്ന പദത്തെ മതത്തിനെതിരെന്ന രീതിയിലാണ് ഭരണഘടനാ നിർമാണ സഭയിൽ ചിലർ വിലയിരുത്തിയത്. എന്നാൽ രാജ്യം വികസിച്ചതിനനുസരിച്ച് ഈ വ്യാഖ്യാനത്തിന് മാറ്റം വന്നു. ഭരണകൂടം ഒരു മതത്തെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന വ്യാഖ്യാനമായി അത് രൂപം പ്രാപിച്ചു”. മതേതരത്വത്തെക്കുറിച്ച് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഭരണഘടനാശിൽപ്പിയായ അംബേദ്കറും ഭരണഘടനാ നിർമാണ സഭയിൽ സ്വീകരിച്ച നിലപാടുകളുടെ കൃത്യമായ പ്രതിഫലനമാണ് സുപ്രീംകോടതിയുടെ ഈ വാക്കുകൾ.
Leader Page
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ് പ്രസ്താവന എന്നാണ് ഉയരുന്ന വിമർശനം.
ഭരണഘടനയുടെ ആമുഖത്തിലെ "സോഷ്യലിസ്റ്റ്’, "മതേതരം’ എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ കാതലല്ലെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചിരിക്കുന്നു. പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും രംഗത്തെത്തിയതോടെ ഹൊസബാ ളെയുടെ പ്രസ്താവന ആർഎസ്എസ് നടപ്പാക്കാൻ പോകുന്ന തിരക്കഥയുടെ ഭാഗമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ഭരണഘടനാ നിർമാണ സഭയുടെ നിലപാട്
അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും ഇല്ലായിരുന്നുവെന്നും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് 1976 നവംബർ 11ന് 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത പദങ്ങളാണ് ഇവ എന്നുമാണ് ദത്താത്രേയയുടെ ആരോപണം. എന്നാൽ, ഭരണഘടനാ നിർമാണസഭയിലെ ചർച്ചകൾ വിശദമായി പരിശോധിച്ചാൽ ദത്താത്രേയ ഹൊസബാളെയുടെ വാദങ്ങൾ തെറ്റാണെന്നു കാണാം. രണ്ടു വർഷവും 11 മാസവും 17 ദിവസവും നീണ്ട ഭരണഘടനാ നിർമാണ സഭാ ചർച്ചയിലെ അവസാന വിഷയങ്ങളിൽ ഒന്നായിരുന്നു മതേതരത്വം. 1949 ഒക്ടോബർ 17ന് ഭരണഘടനയുടെ ആമുഖം ചർച്ചയ്ക്ക് എടുത്തപ്പോഴാണ് ആദ്യമായി ഈ വാക്ക് ചർച്ച ചെയ്യപ്പെട്ടത്.
രാഷ്ട്രവും ഭരണഘടനയും അടിസ്ഥാനപരമായി മതനിരപേക്ഷമായിരിക്കണം എന്ന സുദൃഢമായ നിലപാട് സ്വീകരിച്ച ഭരണഘടനാ ശിൽപ്പികൾക്ക് "മതേതരത്വം' എന്ന വാക്കുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായിരുന്നു. കാരണം പാശ്ചാത്യ വീക്ഷണത്തിലുള്ള മതേതരത്വം മതനിരാസവും മതനിഷേധവുമായിരുന്നു. അത് ഒരിക്കലും ഇന്ത്യയിൽ കൊണ്ടുവരാൻ അവർ ആഗ്രഹിച്ചില്ല. മിക്കവാറും എല്ലാ അംഗങ്ങളും ഒരു മതേതര രാഷ്ട്രം അനിവാര്യമാണെന്ന് ഒരു പൊതുധാരണയിൽ എത്തിയിരുന്നുവെങ്കിലും ഏതുതരം മതേതരത്വമാണ് എന്നതിൽ അവ്യക്തതയുണ്ടായിരുന്നു.
മതേതരത്വം എന്നാൽ മതത്തിൽനിന്ന് ഭരണകൂടത്തെ പൂർണമായി വേർതിരിക്കുന്നതാണോ? അതോ ഇന്ത്യയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ എല്ലാ മതങ്ങളോടും തുല്യ ബഹുമാനം വളർത്തിയെടുക്കുന്നത് കൂടുതൽ അനുയോജ്യമാണോ എന്ന ആശയക്കുഴപ്പമായിരുന്നു നിലനിന്നിരുന്നത്.
ഭരണഘടനാ നിർമാണ സഭയിൽ "സെക്കുലര്‍, സെക്കുലര്‍' എന്ന് ആവര്‍ത്തിച്ചു പറഞ്ഞവരോട് നിങ്ങള്‍ ആദ്യം പോയി ഡിക്ഷ്ണറിയെടുത്ത് സെക്കുലറിസത്തിന്റെ അര്‍ഥം എന്താണെന്നു നോക്കൂ എന്ന് നെഹ്റു പറഞ്ഞതായി ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. സെക്കുലറിസത്തിന്റെ മതനിരാസമെന്ന പാശ്ചാത്യ കാഴ്ചപ്പാടു കാരണവും ഇന്ത്യ അനുവർത്തിക്കാൻ ആഗ്രഹിക്കുന്ന മതേതരത്വത്തിന്റെ മറ്റ് മാതൃകകൾ നിലവിൽ ലോകത്ത് മറ്റൊരിടത്തും ഇല്ലാതിരുന്നതിനാലും നെഹ്റുവും അംബേദ്കറും ഉൾപ്പെടെയുള്ള നേതാക്കൾ "സെക്കുലര്‍' എന്ന വാക്ക് ഭരണഘടനയില്‍ ചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു.
ഈ കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളാണ് ഭരണഘടനാ നിർമാണ സഭയിൽ ഉണ്ടായത്. ഇതിൽ ആദ്യത്തേത് 1948 നവംബർ 15ലെ ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകൾ ഉൾപ്പെടുത്തിയ ഏഴാം വാല്യം പരിശോധിച്ചാൽ കരട് ഭരണഘടനയിലെ ആർട്ടിക്കിൾ ഒന്നിന് ഉപവകുപ്പ് ഒന്നായി "സെക്കുലർ, ഫെഡറൽ, സോഷ്യലിസ്റ്റ്' എന്ന വാക്കുകൾ ഉൾപ്പെടുത്താൻ പ്രഫ. കെ.ടി. ഷാ ഒരു ഭേദഗതി കൊണ്ടുവന്നതായി കാണാം. നിലവിലുള്ള “India, that is Bharat, shall be a Union of States” എന്നുള്ളത്, “India, that is Bharat, shall be a Secular, Federal, Socialist Union of States” എന്നാക്കി മാറ്റണമെന്നായിരുന്നു 98-ാം നമ്പർ ഭേദഗതിയിൽ പ്രഫ. കെ.ടി. ഷാ ആവശ്യപ്പെട്ടത്.
ഭേദഗതി നിർദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നമ്മുടേത് ഒരു മതേതര രാഷ്ട്രമാണെന്ന് എല്ലാ വേദികളിൽനിന്നും നേതാക്കന്മാർ ഞങ്ങളോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അത് ശരിയാണെങ്കിൽ തെറ്റിദ്ധാരണയുടെയോ മറ്റ് ഏതെങ്കിലുമോ കാരണത്താൽ ഭരണഘടനയിൽ ഈ പദം ചേർക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. "മതേതരം’ എന്ന പദത്തിന്, നമ്മുടെ ഭരണഘടന മാതൃകയായി സ്വീകരിച്ച മറ്റ് വിദേശ ഭരണഘടനകളിൽ സ്ഥാനമില്ലെന്ന് ഞാൻ സമ്മതിക്കുന്നു.
എന്നാൽ ഓരോ ഭരണഘടനയും അവിടെയുള്ള മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവും അതിനുമുമ്പുള്ള വർഷങ്ങളിലും നമുക്കുണ്ടായ അസന്തുഷ്ടമായ സംഭവങ്ങളും മതത്തിന്റെയും വർഗീയതയുടെയും വിഭാഗീയതയുടെയും പേരിൽ അതിരുകടന്ന അനുഭവങ്ങളും രാജ്യത്തിന്റെ മതനിരപേക്ഷത അനിവാര്യമാണെന്ന് ഊന്നിപ്പറയാൻ ഞാൻ ഉദ്ദേശിക്കുന്നു”.
ഭേദഗതി നിർദേശത്തോട് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതികരണം ഇപ്രകാരമായിരുന്നു. “പ്രഫ. കെ.ടി. ഷായുടെ ഭേദഗതി അംഗീകരിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഭരണഘടന രാജ്യത്തിന്റെ വിവിധ ഘടകങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം മാത്രമാണ്. ഭരണകൂടത്തിന്റെ നയം എന്തായിരിക്കണം, സമൂഹത്തെ അതിന്റെ സാമൂഹികവും സാമ്പത്തികവുമായ വശത്ത് എങ്ങനെ സംഘടിപ്പിക്കണം എന്നത് സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ജനങ്ങൾ സ്വയം തീരുമാനിക്കേണ്ട വിഷയങ്ങളാണ്. അത് ഭരണഘടനയിൽതന്നെ മുൻകൂട്ടി എഴുതിച്ചേർക്കാൻ കഴിയില്ല.
കാരണം അത് ജനാധിപത്യത്തെ പാടെ നശിപ്പിക്കുകയാണ്”. ജനാധിപത്യത്തെക്കുറിച്ച് എത്ര ഉന്നതമായ കാഴ്ചപ്പാടാണ് അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാശിൽപ്പികൾ പുലർത്തിയതെന്ന് നോക്കുക. ഭരണഘടനയിൽ മുൻകൂട്ടി എഴുതി തയാറാക്കി അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല മതേതരത്വവും സോഷ്യലിസവും പോലെയുള്ള മൂല്യങ്ങളെന്നും അവ സ്വാഭാവികമായ പരിണാമത്തിലൂടെ രാജ്യത്ത് നിലവിൽ വരേണ്ടതാണ് എന്നാണ് അംബേദ്കർ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്നത് .
രണ്ടാമതായി 1949 ഒക്ടോബർ 17ന് ഭരണഘടനയുടെ ആമുഖം “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ” (We the people of India) എന്നതിനു പകരം ദൈവനാമത്തിൽ (In the Name of God) തുടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഭേദഗതി എച്ച്.വി. കമ്മത്ത് സഭയിൽ അവതരിപ്പിച്ചു. അന്നേദിവസം തന്നെ ഭരണഘടനാ നിർമാണ സഭയിൽ ഷിബൻ ലാൽ സക്സേനയും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും എച്ച്.വി. കമ്മത്തിന്റേതിനു സമാനമായ ഭേദഗതി നിർദേശങ്ങൾ മുന്‍പോട്ടു വയ്ക്കുകയുണ്ടായി. “ദൈവ നാമത്തിൽ, എന്നതിലൂടെ സങ്കുചിതമായതും വർഗീയത നിറഞ്ഞതുമായൊരു മനോഭാവമാണ് നമ്മൾ പ്രകടിപ്പിക്കുന്നത്” എന്നതായിരുന്നു ഇതിനെതിരേ പണ്ഡിറ്റ് കുൻസ്രു സഭയിൽ പ്രതികരിച്ചത്.
സഭയിലെ അംഗമായിരുന്ന രോഹിണി കുമാർ ചൗധരി ഉയർത്തിയത് “ദൈവമെന്ന് ചേർക്കാമെങ്കിൽ, എന്തുകൊണ്ട് ദേവതയെന്ന് ചേർത്തു കൂടാ?” എന്ന ന്യായമായ സംശയമാണ്. കമ്മത്തിന്റെ നിർദേശത്തിനെതിരേ പ്രതികരിച്ച പൂർണിമ ബാനർജി പറഞ്ഞത് “ദൈവത്തെ വോട്ടിനിട്ട് തെരഞ്ഞെടുക്കേണ്ട ഗതികേട് വരുത്തരുത്” എന്നായിരുന്നു. അവസാനം ഭേദഗതി പിൻവലിക്കാനുള്ള സഭയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെയും ഡോ. ബി. ആർ. അംബേദ്കറുടേയും അഭ്യർഥന എച്ച്.വി. കമ്മത്ത് അംഗീകരിക്കാത്തതിനെത്തുടർന്ന് ഭേദഗതി നിർദ്ദേശം വോട്ടിനിടുകയും 41 നെതിരേ 68 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തള്ളുകയുമായിരുന്നു . ഈ രണ്ടു സംഭവങ്ങളിലൂടെ മതേതരത്വവുമായി ബന്ധപ്പെട്ട് ഭരണഘടനാ നിർമാണസഭയുടെയും ഭരണഘടനാ ശിൽപ്പികളുടെയും കാഴ്ചപ്പാടെന്തായിരുന്നു എന്ന് സുവ്യക്തമാണ്.
സുപ്രീംകോടതിയുടെ പ്രസക്തമായ നിരീക്ഷണങ്ങൾ
ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാംഗവും ബിജെപി നേതാവുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി കഴിഞ്ഞ വർഷം സുപ്രീംകോടതി തള്ളിയത് സംഘപരിവാറിനു കനത്ത തിരിച്ചടിയായിരുന്നു. ഭരണഘടനയുടെ ആമുഖം ഒരു സാധാരണ ചട്ടത്തിന് തുല്യമല്ലാത്തതിനാൽ 42-ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പാര്‍ലമെന്റിന് അധികാരമില്ലെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമി വാദിച്ചത്.
കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രീംകോടതി വിധിയും സുബ്രഹ്മണ്യൻ സ്വാമി ശക്തിയുക്തം ഉയർത്തി. സോഷ്യലിസ്റ്റ്, മതേതര ആശയങ്ങൾ അവതരിപ്പിക്കാൻ ഭരണഘടന ശിൽപ്പികള്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി വാദിച്ചു.
എന്നാൽ, സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് 1976ലെ 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത മതേതരത്വം, സോഷ്യലിസം എന്ന സംജ്ഞകൾ നിലനിൽക്കുമെന്നും അവ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠം 2024 നവംബർ 25ന് അസന്നിഗ്ദ്ധമായി വിധിക്കുകയാണ് ചെയ്തത്. “ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ വേർതിരിച്ചു മാറ്റാനാകാത്തവിധം ഇഴചേർക്കപ്പെട്ടതാണ് മതനിരപേക്ഷത.
സമത്വം, സാഹോദര്യം, അന്തസ്, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി, മതവിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ മതനിരപേക്ഷ ധാർമികതയുടെ ഭാഗം തന്നെയാണ്” എന്ന സുപ്രധാന നിരീക്ഷണമാണ് വിധിന്യായത്തിൽ സുപ്രീംകോടതി നടത്തിയത്.
കൂടാതെ 1950 ജനുവരി 26നു നിലവിൽവന്ന ഭരണഘടനയിൽ 1976 നവംബർ 11 (42-ാം ഭേദഗതി നിലവിൽ വന്നത്) വരെ “സെക്കുലർ” എന്ന പദം ഉൾപ്പെടുത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും വളരെ കൃത്യമായ ഉത്തരം അന്ന് വിധിന്യായത്തിലുണ്ടായിരുന്നു .
“മതേതരത്വം എന്ന പദത്തെ മതത്തിനെതിരെന്ന രീതിയിലാണ് ഭരണഘടനാ നിർമാണ സഭയിൽ ചിലർ വിലയിരുത്തിയത്. എന്നാൽ രാജ്യം വികസിച്ചതിനനുസരിച്ച് ഈ വ്യാഖ്യാനത്തിന് മാറ്റം വന്നു. ഭരണകൂടം ഒരു മതത്തെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന വ്യാഖ്യാനമായി അത് രൂപം പ്രാപിച്ചു”. മതേതരത്വത്തെക്കുറിച്ച് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഭരണഘടനാശിൽപ്പിയായ അംബേദ്കറും ഭരണഘടനാ നിർമാണ സഭയിൽ സ്വീകരിച്ച നിലപാടുകളുടെ കൃത്യമായ പ്രതിഫലനമാണ് സുപ്രീംകോടതിയുടെ ഈ വാക്കുകൾ.
Kerala
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടിയ ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും സമർഥമായ കൈകാര്യത്തിലൂടെ അടിയന്തരാവസ്ഥയെയും ഒരു വിജയമാക്കിയും രാജ്യത്തിന് നേട്ടമാക്കിയും മാറ്റാൻ കഴിയുമായിരുന്നു.
1975 ജൂൺ 25ന് ജയ്പ്രകാശ് നാരായൺ, സർക്കാരിന്റെ ‘നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ’ ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്തു. ഇത് നിലവിലുണ്ടായിരുന്ന സർക്കാരിനെതിരേയുള്ള ഒരു വിപ്ലവാഹ്വാനമായി കണക്കാക്കി അന്ന് അർധരാത്രിതന്നെ ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
1975 ജൂൺ 12ന് ഇന്ദിരാ ഗാന്ധി 1971ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദ് ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നു. 352 സീറ്റുകളുമായി കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവിനെതിരേയുള്ള ഈ വിധി വളരെ നിസാര കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ലണ്ടനിലെ ടൈംസ് പത്രം അഭിപ്രായപ്പെട്ടത് “it was like dismissing a prime minister for a traffic offence” എന്നാണ്.
ഇന്ദിരാ ഗാന്ധി അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കേസ് പരിഗണിച്ച ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ ബെഞ്ച് സോപാധിക സ്റ്റേ മാത്രമാണ് അനുവദിച്ചത്.
ലോക്സഭയിൽ ഹാജരാകുവാൻ അനുവദിച്ചെങ്കിലും വോട്ടു ചെയ്യാൻ അനുവാദമില്ലായിരുന്നു. ഇന്ത്യയിലെ 543 ലോക്സഭാ മണ്ഡലങ്ങളിലേതെങ്കിലും ഒന്നിലെ എംപി മാത്രമായിരുന്നില്ല ഇന്ദിരാ ഗാന്ധി, രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു . അതിനാൽ ഒരു പൂർണ സ്റ്റേ നിയമവിദഗ്ധരെല്ലാം പ്രതീക്ഷിരുന്നു. “ have been more sinned against than sinning” എന്നു ചൂണ്ടിക്കാണിക്കാനും പരാതിപ്പെടാനും തന്നെയും രാജ്യത്തെയും ദുർബലപ്പെടുത്താനും അസ്ഥിരപ്പടുത്താനും രാജ്യത്ത് ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് ആരോപിക്കാനും ഇന്ദിരാ ഗാന്ധിക്ക് അവസരം നൽകി.
അച്ചടക്കവും നിയമവാഴ്ചയും
തിരികെ കൊണ്ടുവന്നു
അടിയന്തരാവസ്ഥയെ ഇന്ത്യയിലെ ഇടത്തരക്കാരായ ആളുകൾ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. സ്കൂളുകളും കോളജുകളും വ്യവസായ സ്ഥാപനങ്ങളും ക്രമമായി പ്രവർത്തിക്കുന്ന അവസ്ഥയുണ്ടായി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കുറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കപ്പെട്ടു. അഴിമതി വളരെ കുറഞ്ഞു. കുറ്റകൃത്യങ്ങൾ കുറഞ്ഞു. രാജ്യത്ത് സമാധാനാവസ്ഥ തിരികെ വന്നു. ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം തിരികെ വന്നു. 1977ലെ തെരഞ്ഞെടുപ്പിൽ കേരളമുൾപ്പെടെ ദക്ഷിണേന്ത്യ മുഴുവൻ, കാഷ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയിടത്തെല്ലാം കോൺഗ്രസിന് വൻ വിജയം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. എങ്കിലും വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ നഷ്ടപ്പെട്ടതിനാൽ ഭരണം നഷ്ടപ്പെട്ടു.
1977ൽ കോൺഗസിനെ പരാജയപ്പെടുത്തി ജയപ്രകാശ് നാരായണിന്റെ ആശീർവാദത്തോടെ അധികാരത്തിൽ വന്ന പ്രതിപക്ഷ കക്ഷികളുടെ പാർട്ടിക്ക് അവരുടെ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കുവാൻ കഴിഞ്ഞില്ല. കോൺസിനെതിരേ അവർ ആരോപിച്ചിരുന്ന ക്രമക്കേടുകളെല്ലാം അവരിൽ നിന്നുണ്ടായി. കേവലം രണ്ടേകാൽ വർഷത്തിനു ശേഷം അവർ തമ്മിൽത്തല്ലി താഴെ വീണു. 1980ൽ ഇന്ദിരാഗാന്ധി 353 സീറ്റുമായി, 1972ലേതിനേക്കാൾ ഒരു സീറ്റ് കൂടുതലുമായി, അധികാരത്തിലെത്തി. ‘ഇന്ദിരാതരംഗം വീണ്ടും ആഞ്ഞടിക്കുന്നു’ എന്ന തലക്കെട്ടോടെ ദീപിക പത്രം ആ വാർത്ത റിപ്പോർട്ട് ചെയ്തു.
എവിടെയാണ് പിഴച്ചത് ?
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ രാഷ്ടീയ നേതാവ് ഇന്ദിരാ ഗാന്ധിക്ക് തെറ്റു പറ്റിയത് എവിടെയാണ്. അടിയന്തരാവസ്ഥക്കാലത്ത് അപക്വമതികളായ കുറെ ഉപദേശകരെയും സഹായികളെയും ആശ്രയിച്ചതാണ് പരാജയകാരണമായത്.
അടിയന്തരാവസ്ഥ സൃഷ്ടിച്ച അച്ചടക്കത്തിന്റെയും ക്രമവൽക്കരണത്തിന്റെയും നല്ല അന്തരീക്ഷം രാജ്യത്തിന്റെ സാമ്പത്തിക പുനർനിർമാണത്തിനുപയോഗിച്ചു കൊണ്ട് ( ചൈന 1979 മുതൽ നടപ്പാക്കിയതുപോലെ) രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കാമായിരുന്നു.
പത്രങ്ങളുടെ സെൻസർഷിപ് ഒരു മാസത്തിനകം പിൻവലിക്കണമായിരുന്നു. രാജ്യത്ത് നടക്കുന്നതെന്തെന്ന് പ്രധാനമന്ത്രിക്ക് അറിയാൻ കഴിയുമായിരുന്നു. പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് രാജ്യമെങ്ങും സദ്ഭരണം ഉറപ്പുവരുത്താൻ കഴിയുമായിരുന്നു. ഓരോ സംസ്ഥാനത്തും ഫലപ്രദമായ മേൽനോട്ടം ഉറപ്പു വരുത്തണമായിരുന്നു. അടിയന്തരാവസ്ഥ ആറു മാസത്തിലധികം നീട്ടരുതായിരുന്നു.
Kerala
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്തു രാജ്യം മുഴുവൻ അരാജകത്വത്തിലേക്കു കൂപ്പുകുത്തി. പക്ഷേ അത്തരം ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരേ രാഷ്ട്രം വിജയിച്ചു. നമ്മുടെ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ഓരോ ശ്രമത്തെയും എല്ലാവരും അപലപിക്കണം.” രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വാക്കുകളാണിത്. അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികത്തിനു തുടക്കംകുറിച്ചു കഴിഞ്ഞ വർഷം ജൂണ്‍ 27ന് കേന്ദ്രത്തിലെ ബിജെപി സർക്കാർ വിളിച്ച പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
“പാർട്ടികളെ തകർക്കുക, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിൻവാതിൽ കളികളിലൂടെ അട്ടിമറിക്കുക, പ്രതിപക്ഷ നേതാക്കൾക്കെതിരേ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ദുരുപയോഗം ചെയ്യുക, മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുക, അധികാരം ഉപയോഗിച്ചു തെരഞ്ഞെടുപ്പുകളെ പലവിധത്തിൽ സ്വാധീനിക്കുക തുടങ്ങിയവയൊക്കെ അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലേ?” കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. രാജ്യം ഭാവിയിലേക്കു നോക്കേണ്ടതിനു പകരം മോദി സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ ഭൂതകാലം കുഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികമാണു നാളെ. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയെത്തുടർന്നാണ് 1975ൽ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂണ്‍ 25നും 26നും ഇടയിലുള്ള രാത്രിയിലായിരുന്നു രാഷ്ട്രപതിയുടെ നാലു വരി പ്രഖ്യാപനം. ഭരണഘടനയുടെ അനുച്ഛേദം 352ലെ ക്ലോസ് (1) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയായ ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകൾ നിലനിൽക്കുന്നുവെന്നായിരുന്നു ന്യായം.
“പൊതുജനങ്ങളുടെ ഓർമ ഭയാനകമാം വിധം ചെറുതായതിനാൽ, അടിയന്തരാവസ്ഥയിൽ വ്യത്യസ്ത രീതികളിൽ കഷ്ടപ്പെട്ടവർക്കും സ്വാതന്ത്ര്യത്തിന്റെ പുനഃസ്ഥാപനം സാധ്യമാക്കിയ ത്യാഗങ്ങൾക്കുവേണ്ടി പോരാടിയ മനുഷ്യർക്കും നമ്മുടെ നന്ദി പറയാം” എന്നാണ് പ്രശസ്ത നിയമജ്ഞനായ നാനി പാൽക്കിവാല "വീ ദ് പീപ്പിൾ' എന്ന പുസ്തകത്തിൽ എഴുതിയത്. തിന്മയുടെ ശക്തികളുടെ മേൽ മനോഹര വിജയം നേടിയ ലോക് നായക് ജയപ്രകാശ് നാരായണ്‍ ചരിത്രത്തിന്റെ ഗതിയെ നിർണായകമായി മാറ്റിമറിച്ചുവെന്നു പാൽക്കിവാല ചൂണ്ടിക്കാട്ടുന്നു.
ജയപ്രകാശ് നാരായണ്‍, മൊറാർജി ദേശായി, എ.ബി. വാജ്പേയി, എൽ.കെ. അഡ്വാനി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്തു തുറുങ്കലിലടച്ചതു മുതൽ പത്ര സെൻസർഷിപ്പു വരെയുള്ള ജനാധിപത്യ വിരുദ്ധ അതിക്രമങ്ങളുടെ പട്ടിക രാജ്യം മറക്കില്ല. എന്നാൽ, അടിയന്തരാവസ്ഥയുടെ മറവിലുള്ള സഞ്ജയ് ഗാന്ധിയുടെ നടപടികളാണ് ഇന്ദിരയേക്കാളേറെ ജനം ഓർക്കുക.
ഇന്ത്യൻ ഭരണഘടനയിലെ നിർണായക വ്യവസ്ഥകൾ സസ്പെൻഡു ചെയ്ത് ഔദ്യോഗികമായാണു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയത്. എന്നാൽ അനൗദ്യോഗികമായ അടിയന്തരാവസ്ഥയാണു നരേന്ദ്ര മോദിയുടെ 11 വർഷക്കാലമെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. തെറ്റുകൾ ന്യായീകരിക്കാനും ആവർത്തിക്കാനും രൂക്ഷമായി വിമർശിക്കാനും രാഷ്ട്രീയത്തിൽ തരംപോലെ കളിക്കാൻ ഭരണ- പ്രതിപക്ഷ രാഷ്ട്രീയക്കാർ പഴുതുകൾ കണ്ടെത്താറുണ്ട്. ഏകപക്ഷീയമായി വിവാദ ബില്ലുകൾ പാസാക്കുന്നതിനു വേണ്ടി 146 പ്രതിപക്ഷ എംപിമാരെ സസ്പെൻഡു ചെയ്തതു കഴിഞ്ഞ വർഷമാണ്.
ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്പോഴും ഇവ രണ്ടിന്റെയും വക്താക്കളും സംരക്ഷകരുമായി ചമയാൻ ഇന്ദിരാ ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരും രാഷ്ട്രീയനേതാക്കളും ശ്രമിക്കുന്നുവെന്നതാണു വിരോധാഭാസം. ജനാധിപത്യം വളരെ ഫലപ്രദമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് 1978 നവംബറിൽ തേംസ് ടെലിവിഷന്റെ ജോനാഥൻ ഡിംബിൾബിയുമായുള്ള അഭിമുഖത്തിൽ ഇന്ദിര അവകാശപ്പെട്ടു.
“ഇന്ത്യയിലെ സാധാരണക്കാർക്കും സ്ത്രീകൾക്കും പ്രയോജനപ്രദമായ ചില പുരോഗമനപരമായ നടപടികൾ താൻ അവതരിപ്പിക്കാൻ തുടങ്ങിയതുമുതൽ ജനാധിപത്യത്തിന്റെ പേരിൽ ഉണ്ടാകുന്ന ആഴമേറിയതും വ്യാപകവുമായ ഗൂഢാലോചനയെക്കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടെന്ന് ഉറപ്പുണ്ട്. ജനാധിപത്യത്തിന്റെ പ്രവർത്തനക്ഷമതയെത്തന്നെ നിഷ്ഫലമാക്കാൻ അതു ശ്രമിച്ചു.” പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാഷ്ട്രത്തോടായി നടത്തിയ റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞതാണിത്.
യഥാവിധി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടില്ലെന്നും ഇന്ദിര പറഞ്ഞു. ചില സന്ദർഭങ്ങളിൽ, നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പിരിച്ചുവിടുന്നതിനായി അംഗങ്ങളെ നിർബന്ധിച്ചു രാജിവയ്പിക്കാൻ ബലപ്രയോഗം നടത്തിയിട്ടുണ്ടെന്നും ഇന്ദിര കൂട്ടിച്ചേർത്തിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്നു തോന്നിയതിനാലാണ് മൊറാർജി ദേശായിയും പ്രതിപക്ഷ നേതാക്കളും ജനങ്ങളെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തതെന്ന് ഇന്ദിരാ ഗാന്ധി ആരോപിച്ചു.
“പ്രധാനമന്ത്രിയുടെ വീടും പാർലമെന്റും വളയാൻ പോകുകയാണെന്നും ഒരു കാര്യവും നടക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഒരഭിമുഖത്തിൽ മൊറാർജി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.” മൊറാർജി ദേശായിയുടെ അറസ്റ്റിനെ ന്യായീകരിക്കാൻ ഇന്ദിര പറഞ്ഞ വാദമാണിത്. വേറെ വാക്കുകളിൽ ഇന്ത്യയിലെ ജനങ്ങൾ ഇതൊക്കെ ഇപ്പോഴും കേൾക്കുന്നുണ്ട്. 1975 ജൂണ്‍ 26ന് അറസ്റ്റ് ചെയ്ത മൊറാർജിയെ ഏകാന്തതടവിൽ പാർപ്പിച്ചു. 1977 ജനുവരി 18നാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ജനാധിപത്യം സംരക്ഷിക്കാനെന്ന വ്യാജേന ഇന്ദിര അറസ്റ്റ് ചെയ്ത മൊറാർജി ദേശായി ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായതു നിയോഗമാകും. അടിയന്തരാവസ്ഥക്കാലത്തു ജയിലിലടച്ച വാജ്പേയിയും പ്രധാനമന്ത്രിയായി. അഡ്വാനി ഉപപ്രധാനമന്ത്രിയുമായി. ഇപ്പോൾ നരേന്ദ്ര മോദിയുടേത് ഇന്ദിരയെ കടത്തിവെട്ടുന്ന തോരോട്ടമാണ്. കോണ്‍ഗ്രസിനെ തകർത്താണു തുടർച്ചയായ മൂന്നാം തവണയും മോദി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന തീർത്തും ജനാധിപത്യവിരുദ്ധ മുദ്രാവാക്യം പരസ്യമായി പറയാനും ബിജെപി മടിച്ചില്ല. അന്ന് കോണ്‍ഗ്രസ്, ഇന്ന് ബിജെപി. കാലചക്രം കീഴ്മേൽ മറിയുന്പോൾ കാലം സാക്ഷി.
അടിയന്തരാവസ്ഥക്കാലത്തു പതിപക്ഷത്തെയും പത്രങ്ങളെയും അടിച്ചമർത്തിയ കോണ്‍ഗ്രസിന് ഇപ്പോൾ തിരിച്ചടികളും ക്ഷീണവും തുടർക്കഥയാകുന്നതും ചരിത്രത്തിന്റെ ആവർത്തനങ്ങളാകും. കോണ്‍ഗ്രസിനോടും അവരുടെ നേതാക്കളോടും മോദി കരുണ കാട്ടുന്നുമില്ല. ഓപ്പറേഷൻ സിന്ദൂർ സൈനികമെങ്കിൽ മോദിയുടെ രാഷ്ട്രീയ ബാലിസ്റ്റിക് മിസൈലുകളേറ്റു പിടയുന്നത് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളാണ്. മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും അടക്കം പ്രമുഖ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു തുറുങ്കിലടയ്ക്കുന്നതിൽ മോദി സർക്കാരിനു ദാക്ഷിണ്യമേയില്ല.
ഭരണഘടനാ ഹത്യാ ദിനം (സംവിധാൻ ഹത്യ ദിവസ്) ആയാണ് മോദി സർക്കാരും ബിജെപിയും അടിയന്തരാവസ്ഥയുടെ വാർഷികം ആഘോഷിക്കുന്നത്. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും വരെ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തെ ഓർമിപ്പിക്കാനായി ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു കുടുംബത്തിന്റെ അധികാരത്തിനുവേണ്ടി 21 മാസത്തേക്കു രാജ്യത്തെ എല്ലാ പൗരാവകാശങ്ങളും മരവിപ്പിച്ചുകൊണ്ട്, അഹങ്കാരിയും സ്വേച്ഛാധിപത്യപരവുമായ കോണ്‍ഗ്രസ് സർക്കാർ ജനാധിപത്യത്തെ കൊല്ലുകയായിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചത്.
ഓരോ ഇന്ത്യക്കാരനും വളരെയധികം ബഹുമാനിക്കുന്ന ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിക്കുകയും പൗരന്മാരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അട്ടിമറിക്കുകയും ചെയ്തതിനെ ഓർമിപ്പിക്കുന്നുവെന്നാണു പ്രധാനമന്ത്രി മോദി പറഞ്ഞത്. “അധികാരത്തിൽ പറ്റിനിൽക്കാൻ വേണ്ടി, അന്നത്തെ കോണ്‍ഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ചു. രാജ്യത്തെ ഒരു ജയിലാക്കി. കോണ്‍ഗ്രസിനോട് വിയോജിച്ച ഏതൊരു വ്യക്തിയെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു” എന്നും മോദി കുറ്റപ്പെടുത്തി. ഇതേ വാദമാണ് മോദിക്കെതിരേ ഇന്ന് പ്രതിപക്ഷം പറയുന്നതെന്നതാണു രസകരം.
ഭരണഘടനയെ അപ്രസക്തമാക്കുന്നതും ജനാധിപത്യത്തിലെ ധാർമികതയില്ലായ്മയും പത്രസ്വാതന്ത്ര്യത്തിന്റെ വന്ധ്യംകരണവുമൊക്കെ അടിയന്തരാവസ്ഥ മുതൽ ഇപ്പോഴും പലതരത്തിൽ നടക്കുന്നുവെന്നതാണു ദുരന്തം. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും വരിഞ്ഞുമുറുക്കി തകർക്കുന്നവർതന്നെ ഇതിന്റെയെല്ലാം സംരക്ഷകരായി ചമയുന്നു. ആട്ടിൻതോലണിഞ്ഞ രാഷ്ട്രീയ ചെന്നായ്ക്കൾ!
പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള അടിയന്തരാവസ്ഥയുടെ തിന്മകൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹവും പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളുമെല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പഴയ തെറ്റുകളിൽനിന്നു പാഠം പഠിക്കണം. നവഭാരത സൃഷ്ടിക്കായി 140 കോടി ജനങ്ങളെ ഒന്നിപ്പിക്കാൻ രാജ്യം ഭരിക്കുന്നവർക്കു കഴിയണം. വാചക കസർത്തല്ല, നല്ല പ്രവൃത്തികളാണു വേണ്ടത്.
വൈവിധ്യങ്ങളുടെ നാട്ടിൽ മതസൗഹാർദവും നിയമപാലനവും പൗരസ്വാതന്ത്ര്യവുമാണു പ്രധാനം. സമാധാനവും സുരക്ഷയും കൈവരിക്കാൻ വർഗീയതയെ പൂർണമായി തിരസ്കരിക്കണം. രാജ്യ പുരോഗതിയും സാന്പത്തിക വളർച്ചയും നേടുന്നതോടൊപ്പം തുല്യനീതി ഉറപ്പാക്കാതെ ഇന്ത്യ ജയിക്കില്ല. ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കരുത്. നേരിട്ടോ, പരോക്ഷമായോ ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കട്ടേ.
Leader Page
വിധിവൈപരീത്യംപോലെ, 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അൻപതാം വാർഷികം ‘ഭരണഘടനയുടെ കൊലപാതകദിനം’ ആയി ആചരിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ഉദ്ദേശിക്കുന്നത്.
ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇങ്ങനെ പറയുന്നു: “ഈ അവസരം വെറുമൊരു ഓർമപ്പെടുത്തലിനുവേണ്ടി മാത്രമല്ല, ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനാപരമായ ധാർമികതയെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയ്ക്കും പുതുക്കിയ പ്രതിബദ്ധതയ്ക്കുംവേണ്ടി കൂടിയാണ്. ഇതുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രാലയം 2025 ജൂൺ 25 മുതൽ 2026 ജൂൺവരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണം നടത്തുന്നു.” "ജനാധിപത്യത്തിന്റെ ചൈതന്യം' പ്രതിനിധാനം ചെയ്യുന്ന ദീപശിഖകളും ഇ-ടോർച്ചുകളും 2025 ജൂൺ 20ന് ഡൽഹിയിൽ നിന്ന് ഫ്ലാഗ്ഓഫ് ചെയ്യുമെന്നതാണ് പ്രധാന പരിപാടി. ഈ ദീപശിഖാപ്രയാണം 2026 മാർച്ച് 21ന് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ സമാപിക്കും. പ്രധാനമന്ത്രി മോദി പങ്കെടുക്കും. യാത്രയുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണെന്നു മന്ത്രാലയം അറിയിച്ചു.
യാത്രകൾ കൂടാതെ, പ്രദർശനങ്ങൾ, സെമിനാറുകൾ, പ്രസംഗങ്ങൾ, സന്ദേശം സ്കൂളുകളിലേക്കും കോളജുകളിലേക്കും എത്തിക്കുക എന്നിവയും പരിപാടികളിൽ ഉൾപ്പെടുന്നു. പരിപാടികളുടെ ഏകോപനത്തിന് ഒരു നോഡൽ ഓഫീസറെ നിയമിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചില സന്ദർഭങ്ങളിൽ, ഒരു രാഷ്ട്രപതിക്ക് സ്വയം ബോധ്യപ്പെടുത്താനുള്ള ഉൾക്കാഴ്ചയും രാജ്യത്തെ ഉന്നത പദവിയിലുള്ള വ്യക്തിയുടെ യഥാർഥ കഴിവുകളും പ്രകടിപ്പിക്കേണ്ടി വരാറുണ്ട്. ഡോ. ഫക്രുദ്ദീൻ അലി അഹമ്മദ് അത്തരമൊരു പ്രതിസന്ധി നേരിട്ടിരുന്നു. 1974 ഓഗസ്റ്റിൽ അധികാരത്തിലെത്തിയ അദ്ദേഹം 1977 ഫെബ്രുവരി 11ന് തന്റെ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുന്നതിന്മുമ്പ് അന്തരിച്ചു. അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി, 1975 ജൂൺ 25ന് കാബിനറ്റ് കൂടിയാലോചനയോ അംഗീകാരമോ കൂടാതെ, ആഭ്യന്തര അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പിടേണ്ടിവന്നു എന്നതാണ്. ആർട്ടിക്കിൾ 352 (അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം) പ്രകാരമുള്ള പ്രഖ്യാപനത്തിന്റെ നേരിട്ടുള്ളതും ഒഴിവാക്കാനാവാത്തതുമായ ഫലം അദ്ദേഹത്തിന്റെ സ്വന്തം (പ്രസിഡന്റിന്റെ സ്വന്തം) മുൻ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും രാജ്യമെമ്പാടുമുള്ള തടവറകളിലെത്തിച്ചു എന്നതാണ്.
പ്രതിരോധ തടങ്കൽ നിയമം
വിചിത്രമെന്നു തോന്നാമെങ്കിലും, ഭരണഘടനയുടെ മൗലികാവകാശ അധ്യായത്തിൽ (ഭാഗം മൂന്ന്) ആർട്ടിക്കിൾ 22(നാല്) മുതൽ (ഏഴ്)വരെ പ്രതിരോധ തടങ്കൽ (Preventive Detention) വ്യക്തമായി വ്യവസ്ഥ ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ആർട്ടിക്കിൾ 22 (നാല്) മുതൽ (ഏഴ്) അനുസരിച്ച്, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ തടങ്കൽ നിയമം 1950 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ പാസാക്കി.
മറ്റൊരു വസ്തുത, കേന്ദ്രമന്ത്രിസഭ അറിയുന്നതിന് മുമ്പുതന്നെ രാഷ്ട്രപതി അടിയന്തരാവസ്ഥാപ്രഖ്യാപനത്തിൽ ഒപ്പിട്ടു എന്നതാണ്. അക്കാലത്ത് കാബിനറ്റ് മന്ത്രിയായിരുന്ന ജഗ്ജീവൻ റാം പിന്നീട് ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മന്ത്രിസഭയെ പിന്നീട് വിവരം അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സാന്ദർഭികമായി പറയട്ടെ, ജഗ്ജീവന് റാമിന്റെ വാർത്താസമ്മേളനത്തിൽ ഈ ലേഖകനും പങ്കെടുത്തിരുന്നു.
1975 ജൂൺ 26 മുതൽ 1977 മാർച്ച്വരെ നീണ്ടുനിന്ന ആഭ്യന്തര അടിയന്തരാവസ്ഥയിൽനിന്നു ലഭിച്ച പാഠങ്ങളിലൊന്ന് ഭരണഘടനാപരമായ ചുമതലയുള്ള ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിക്കരുത് എന്നതാണ്. 1975 ജൂണിലെ രാത്രിയിൽ, കേന്ദ്ര മന്ത്രിസഭ അറിയുന്നതിന് മുമ്പുതന്നെ രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിടാൻ തയാറായതുകൊണ്ടാണ്, മൂന്നു വർഷത്തിനുശേഷം (1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം) പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ഒരു ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്തത്. ഭാവിയിൽ ഒരു രാഷ്ട്രപതിക്ക് മുൻകൂട്ടിയുള്ള തീരുമാനം ഇല്ലാതെ, അതായത്, മന്ത്രിസഭയുടെ തീരുമാനം രേഖാമൂലം അറിയിക്കാതെ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിടാൻ അധികാരമില്ലെന്ന് 1978ലെ ഭരണഘടനയുടെ 44-ാം ഭേദഗതി നിയമം പ്രഖ്യാപിച്ചു (ആർട്ടിക്കിൾ 52-3).
മുന്‍പു സംഭവിക്കാത്ത കാര്യമൊന്നുമായിരുന്നില്ല ഇത്. 1975 ജൂണിൽ പ്രസിഡന്റ് ഡോ. ഫക്രുദ്ദീൻ അലി അഹമ്മദ് സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിട്ടത് ആഭ്യന്തര അടിയന്തരാവസ്ഥ കാരണം സംഭവിച്ച ഒരു പിഴവു മാത്രമായിരുന്നില്ല. മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത ഭരണഘടനാ ഉദ്യോഗസ്ഥർ മോശം സമയങ്ങളിൽ മാത്രമല്ല, മറ്റ് സമയങ്ങളിലും തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്.
ജനതാ സർക്കാർ അധികാരത്തിൽ
1977 മാർച്ചിലെ പൊതുതെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയ്ക്കെതിരായ വൻ തരംഗത്തിൽ ജനതാ സർക്കാർ അധികാരത്തിലെത്തി. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന ചരൺ സിംഗ് 1977 ഏപ്രിലിൽ ഒരു സർക്കുലർ പുറത്തിറക്കി, ഒമ്പതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു സംസ്ഥാന അസംബ്ലികൾ പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പു നടത്താനും ഒരു കത്തിലൂടെ ആവശ്യപ്പെട്ടു. 1977 മാർച്ചിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ഒമ്പത് സംസ്ഥാനങ്ങളിലെ ഭരണകക്ഷിയുടെ സ്ഥാനാർഥികളെ വോട്ടർമാർ ഫലത്തിൽ തള്ളിക്കളഞ്ഞു എന്നതായിരുന്നു കാരണമായി പറഞ്ഞത്. ഈ ഒമ്പതു സംസ്ഥാനങ്ങളിലെ ചില നിയമസഭകളുടെ ഭരണഘടനാപരമായ അഞ്ചുവർഷ കാലാവധി പൂർത്തിയായിട്ടില്ലായിരുന്നു എന്നോർക്കണം.
ഭരണഘടനയിലെ ഒരു വ്യവസ്ഥയും അനുശാസിക്കാത്ത കേന്ദ്രത്തിന്റെ ശക്തിപ്രകടനം മാത്രമായിരുന്നു അത്. ഒരുതരം സമ്മർദ തന്ത്രം എന്ന് പറയാം. പക്ഷേ അതു ഫലിച്ചു. അതിനുശേഷം രാജസ്ഥാൻ മറ്റു സംസ്ഥാനങ്ങളോടൊപ്പം ഈ സർക്കുലറിന്റെ ഭരണഘടനാപരമായ സാധുതയെയും ഔചിത്യത്തെയും ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകി. കോടതി ഇതിനെ അനുസരിക്കേണ്ട ഒരു നിർദേശമായി (6:1 ഭൂരിപക്ഷത്തിൽ) അംഗീകരിച്ചു ഹർജി തള്ളി. രസകരമെന്നു പറയട്ടെ, 17 വർഷത്തിനുശേഷമാണ് അന്നത്തെ കോടതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നത്.
എസ്.ആർ. ബൊമ്മൈ കേസിൽ (1994), നേരത്തെ രാജസ്ഥാന്റെ കാര്യത്തിൽ (ഏഴ് ജഡ്ജി ബെഞ്ച്) ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ എക്സിക്യൂട്ടീവ് നടപടിക്ക് അംഗീകാരം നൽകിയിരുന്ന അതേ കോടതിയിലെ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് (ഇപ്പോൾ വ്യത്യസ്തമായി രൂപീകരിച്ചത്) തങ്ങളുടെ മുൻ തീരുമാനം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ, ഏറെ വൈകിപ്പോയിരുന്നു. അപ്പോഴേക്കും വലിയ മാറ്റമൊന്നും വരുത്താനാകാത്തവിധം മുൻ തീരുമാനം നടപ്പിലാക്കിയിരുന്നു.
വീണ്ടും ഇന്ദിര
1980ൽ കാര്യങ്ങൾ മാറി. ഒപ്പം രാഷ്ട്രീയ സാഹചര്യവും. ജനതാ പാർട്ടിയുടെ തരംഗം കെട്ടടങ്ങിയപ്പോൾ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. 1977 മേയിലെ സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ Vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധി അപ്പോഴും നിലവിലുള്ള നിയമമായിരുന്നു. രാഷ്ട്രീയ വിവേകത്തിനും കൃത്യമായ നീക്കങ്ങൾക്കും പേരുകേട്ട പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ ആഭ്യന്തര മന്ത്രിയായിരുന്ന സെയിൽ സിംഗിനോട് ആർട്ടിക്കിൾ 356 പ്രകാരം ഒമ്പത് സംസ്ഥാന അസംബ്ലികൾ പിരിച്ചുവിട്ട് ‘രാഷ്ട്രപതി ഭരണം’ ഏർപ്പെടുത്തുന്നതിനുള്ള വിജ്ഞാപനം തയയാറാക്കാൻ ആവശ്യപ്പെട്ടു.
രസകരമെന്നു പറയട്ടെ, ഫക്രുദ്ദീൻ അലി അഹമ്മദിന്റെ പിൻഗാമിയായി 1977 ജൂലൈയിൽ തെരഞ്ഞെടുക്കപ്പെട്ട് 1982 ജൂലൈവരെ അധികാരത്തിൽ തുടർന്ന രാഷ്ട്രപതി എൻ. സഞ്ജീവ റെഡ്ഡി മടിയോടെയാണ് വിജ്ഞാപനത്തിൽ ഒപ്പിട്ടതെന്ന് പിന്നീട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു: “ഒരു മുൻ മാതൃകയുള്ളതുകൊണ്ട് എനിക്ക് എങ്ങനെ വേണ്ടെന്നു പറയാൻ കഴിയും? പക്ഷെ മൊറാർജിക്ക് തത്വത്തിൽ തെറ്റിയിരുന്നു എന്ന് ഞാൻ ഇന്ദിരയോടു പറഞ്ഞു. വീണ്ടും ഇങ്ങനെ പിരിച്ചുവിടുന്നത് ഇപ്പോഴും തെറ്റുതന്നെയാണ് എന്നും.” അധികാരത്തിൽ ആരായാലും, അവരുടെ രാഷ്ട്രീയ പ്രതിബദ്ധത എന്തായിരുന്നാലും, അവരുടെ അധികാരം സംരക്ഷിക്കാൻ എപ്പോഴും ഒരു വഴിയുണ്ട് എന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്.
അന്‍പതാം വാർഷികം
വർഷങ്ങൾ വേഗത്തിൽ കടന്നുപോയി. ഇന്ന് ഇന്ത്യ അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആചരിക്കുകയാണ്. ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇത് കൂടുതൽ വിശദീകരിക്കുന്നു: പങ്കെടുക്കുന്നവർക്ക് ദേശീയപതാകയോടൊപ്പം ‘ജനാധിപത്യത്തിന് കൂടുതൽ ശക്തി’, ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ’, ‘ജനാധിപത്യം നീണാൾ വാഴട്ടെ’, ‘ജനാധിപത്യത്തിന്റെ ചൈതന്യത്തിൽ ചെങ്കോലിന് സല്യൂട്ട്’ എന്നിങ്ങനെയുള്ള മുൻകൂട്ടി അംഗീകരിച്ച സന്ദേശങ്ങളുള്ള പ്ലക്കാർഡുകളും വഹിക്കാം. ദേശഭക്തിപരമായ മാനസികാവസ്ഥ ഉണർത്തുന്നതിനായി, ദേശഭക്തി ഗാനങ്ങൾ, ഹ്രസ്വചിത്രങ്ങൾ, തെരുവുനാടകങ്ങൾ എന്നിവ പരിപാടി നടക്കുന്ന സ്ഥലത്ത് തുടർച്ചയായി പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
അടിയന്തരാവസ്ഥ നേരിട്ടു ബാധിച്ച വ്യക്തികളെ പ്രതിനിധീകരിച്ച്, ക്ഷണിക്കപ്പെട്ടവർക്കായി ഒരു പ്രത്യേക വേദി ഒരുക്കുമെന്നും മന്ത്രാലയം പറഞ്ഞു. നീതിയുക്തമായ ഭരണത്തെ പ്രതിനിധീകരിക്കുന്ന ചെങ്കോലിന്റെ ഒരു മാതൃക വേദിക്കു സമീപം പ്രധാന്യത്തോടെ സ്ഥാപിക്കും. ആളുകൾക്ക് പ്രാദേശികഭാഷയിൽ അംഗീകൃത മുദ്രാവാക്യങ്ങളിലൂടെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പ്രവേശനകവാടത്തിൽ ഒരു വലിയ കാൻവാസ് ഉണ്ടാകുമെന്നും പറയുന്നു.
മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസുകൾ, പെട്രോൾ പമ്പുകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി കൂടുതൽ ആളുകൾ വരുന്ന പ്രധാനപ്പെട്ട 50 സ്ഥലങ്ങളിൽ സവിശേഷമായ പ്രദർശനം സംഘടിപ്പിക്കണം. പ്രചാരണത്തിന് ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സമതുലനം നിലനിർത്താനും മന്ത്രാലയം നിർദേശിച്ചു.
കൂടാതെ, "സംവിധാൻ ഹത്യാ ദിവസ്’ എന്ന പേരിൽ ഒരു ഹ്രസ്വചിത്രം നിർമിക്കുമെന്നും ഇത് ജൂൺ 22ന് ശേഷം വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും വിവര-പ്രക്ഷേപണ മന്ത്രാലയം പറഞ്ഞു.1975 ജൂൺ 25ന് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത് ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിന്റെ ഇരുണ്ട ഓർമപ്പെടുത്തലായി നിലകൊള്ളുന്നു, എന്നും അത് കൂട്ടിച്ചേർത്തു.
‘സംവിധാൻ ഹത്യാ ദിവസ് ’
മന്ത്രാലയം പുറത്തിറക്കിയ കത്തിൽ പറയുന്നു, “ഈ ദിവസം 2024 ജൂലൈ 11ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം വഴി സംവിധാൻ ഹത്യാ ദിവസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ സിവിൽ സ്വാതന്ത്ര്യങ്ങൾ വ്യാപകമായി തടയപ്പെടുകയും ഭരണഘടനാപരമായ സംരക്ഷണങ്ങൾ ഇല്ലാതാകുകയും എക്സിക്യൂട്ടീവ് അധികാരങ്ങൾ മുന്പെങ്ങുമില്ലാത്തവിധം കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു, പത്രങ്ങൾ കർശനമായ സെൻസർഷിപ്പിന് കീഴിൽ നിശബ്ദമാക്കപ്പെട്ടു, ആയിരക്കണക്കിന് രാഷ്ട്രീയ നേതാക്കളെയും പത്രപ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും തടവിലാക്കി”.
‘ഭരണഘടനയുടെ കൊലപാതകദിനം’, ‘ജനാധിപത്യത്തിന്റെ ചൈതന്യം’ എന്നിവ 2025 ജൂൺ 25ന് ന്യൂഡൽഹിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. "സംവിധാൻ ഹത്യാ ദിവസ്’ തുടങ്ങിയ തലക്കെട്ടുകളും വിവരണങ്ങളും പ്ലക്കാർഡുകളിൽ എഴുതേണ്ട വാക്കുകളും ആരാണ് തയാറാക്കിയത്, ജനാധിപത്യത്തിന്റെ ചൈതന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുയോഗങ്ങളുടെ തയാറെടുപ്പുകൾ ആരാണ് നടത്തിയത് എന്നതൊക്കെ തിരിച്ചറിയാൻ ഒരു ചാണക്യനെയോ ബിസ്മാർക്കിനെയോ ആവശ്യമില്ല. ഇത് സ്ഫടികംപോലെ വ്യക്തമാണ്. അവയിലേറെയും ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ പ്രതിപക്ഷത്തിന്റെ പ്രചാരണസാമഗ്രികൾപോലെ തോന്നിക്കുന്നു. വാസ്തവത്തിൽ, ഇതു വളരെ വ്യക്തവും പരിചിതവുമാണ്. ഇന്നത്തെ പ്രതിപക്ഷത്തിനുപോലും എളുപ്പത്തിൽ വിശ്വാസയോഗ്യമായി ഇത് സ്വീകരിക്കാൻ കഴിയും. അവയെ കൂടുതൽ ആകർഷകമാക്കാനും ജനഹൃദയങ്ങളെ സ്വാധീനിക്കാനുമാണ് ‘ഭരണഘടനയുടെ കൊലപാതക ദിനം’, ‘സംവിധാൻ ഹത്യാ ദിവസ്’, ‘ജനാധിപത്യം നീണാൾ വാഴട്ടെ’, ‘ജനാധിപത്യത്തിന്റെ ആത്മാവിൽ ചെങ്കോലിന് സല്യൂട്ട്’, ‘ജനാധിപത്യത്തിന് കൂടുതൽ ശക്തി’, ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ’ തുടങ്ങിയ ചില വാക്കുകൾ ഉപയോഗിച്ചത്. അതൊക്കെ ധാരാളം കേട്ടിട്ടുള്ളതും അനാകർഷകവുമാണ്. കൂടുതൽ മികച്ചതും ആകർഷകവുമായ മുദ്രാവാക്യങ്ങൾ നൽകാൻ ഡൽഹിയിൽത്തന്നെ ധാരാളം എഴുത്തുകാരുണ്ട്.
എന്നിരുന്നാലും, പലർക്കും വ്യക്തമായേക്കാവുന്ന കാര്യം, ഇതൊക്കെക്കൊണ്ട് വിവര-പ്രക്ഷേപണം, ആഭ്യന്തരം, സാംസ്കാരികം, റെയിൽവേ തുടങ്ങിയ ചില മന്ത്രാലയങ്ങൾ അൻപതാം വർഷത്തിൽ ആസൂത്രണം ചെയ്ത പ്രചാരണയാത്രകളെ ധീരവും അമ്പരപ്പിക്കുന്നതുമല്ലെങ്കിലും ആകർഷകമാക്കാനാകും എന്നതാണ്.