കായംകുളം: വിവാഹദിനത്തിൽ നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി 11ന് കായംകുളത്തുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. വിവാഹശേഷം ദമ്പതികൾ എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ വാഹനം റോഡരികിലേക്ക് ഒതുക്കി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം കാറിന് തീപടർന്നു. തുടർന്ന് കായംകുളത്തു നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.