തിരുവനന്തപുരം: അമ്മയെയും രണ്ടര വയസുള്ള മകളെയും കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ നിർണായക സാക്ഷി കോടതിയിലെത്തിയത് കനത്ത പൊലിസ് സുരക്ഷയിൽ. പ്രതികളിൽനിന്ന് ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്നാണ് തിരുവനന്തപുരം റൂറൽ എസ്പിയുടെ നിർദേശപ്രകാരം സാക്ഷിക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്. ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി അനീറ്റ ജോസഫാണ് കേസ് പരിഗണിക്കുന്നത്.
പൂവാർ മണ്ണാംവിളാകം മാഹീൻ മൻസിലിൽ മാഹീൻ കണ്ണും ഭാര്യ റുക്കിയയുമാണ് കേസിലെ പ്രതികൾ. മലയിൻകീഴ് മാറനല്ലൂർ വെള്ളൂർക്കോണം അംബികാ വിലാസത്തിൽ ദിവ്യ (23), മകൾ ഗൗരി എന്നിവരെ തമിഴ്നാട്ടിലെ വിളവൻകോട് ആളില്ലാത്തുറ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
ആദ്യഭാര്യ റുക്കിയയുടെ പ്രേരണയാൽ രണ്ടാം ഭാര്യയായ ദിവ്യയെയും കുഞ്ഞിനെയും ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലിസ് കണ്ടെത്തൽ. 2011 ഓഗസ്റ്റ് 18നായിരുന്നു നാടിനെ നടുക്കിയ സംഭവം. കൃത്യത്തിനുശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതിയെ ഒൻപത് വർഷങ്ങൾക്കുശേഷമാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.