തിരുവനന്തപുരം: വർഷങ്ങളായി ധരിച്ചിരുന്ന കണ്ണട മാറ്റിവെച്ച് വേറിട്ട ലുക്കിൽ വാർത്താസമ്മേളനത്തിനെത്തി മാധ്യമപ്രവർത്തകരെ അമ്പരപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താസമ്മേളനം തുടങ്ങിയ ഉടൻ തന്നെ മാധ്യമപ്രവർത്തകർ 'കണ്ണട ഉപേക്ഷിച്ചോ' എന്ന് ചോദിച്ചപ്പോഴാണ് ചിരിയോടെ അദ്ദേഹം കാരണം വ്യക്തമാക്കിയത്. കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തിയെന്നും അതിനുശേഷം കണ്ണടയില്ലാതെ തന്നെ കൃത്യമായി വായിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോൾ ഇനി കണ്ണടയുടെ ആവശ്യമില്ലെന്ന് നിർദേശിച്ചതായും അതുകൊണ്ടാണ് അത് പൂർണമായി മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.