കൊച്ചിയെ ഇളക്കിമറിച്ച് ബോളിവുഡിലെ സംഗീത പ്രതിഭകളായ ശങ്കർ, ഇഹ്സാൻ, ലോയ് ടീം. ഗായകൻ ശങ്കർ മഹാദേവന്റെ നേതൃത്വത്തിലുള്ള ഈ കോമ്പിനേഷൻ ഇന്ന് ബോളിവുഡ് സിനിമകളിൽ സംഗീതരംഗത്തെ ഏറ്റവും വലിയ ആകർഷക കൂട്ടുകെട്ടാണ്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച റിംഗ് ഓഫ് റൗഡീസ് എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നതും ഇവരാണ്.
ജനുവരി ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന മ്യൂസിക്ക് ലോഞ്ചിലാണ് കൊച്ചിയെ ഇവർ ഇളക്കി മറിച്ചത്.
ശങ്കർ, എഹ്സാൻ, ലോയ് എന്നിവർക്കു പുറമേ ഗായകരായ വിജയ് യേശുദാസ്, പ്രണവം ശശി, ബെന്നി ദയാൽ, ഫെജോ, അനൂപ് ശങ്കർ, ആനന്ദ് ശീരാജ്, എം.സി. കൂപ്പർ, ആർ. കെ. മിഥുൻ രമേശ്, എന്നിവരും ചിത്രത്തിലെ അഭിനേതാക്കളായ അർജുൻ അശോകൻ, റോഷൻ മാത്യു,ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്.
അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്
ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിംഗ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ്.
ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിംഗ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്സാൻ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്
2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഡെഡ്ലൈൻ എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് തന്റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവയ്ക്കുന്ന ഷിഹാൻ ഷൌകത്താണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്.
മലയാള സിനിമയുടെ കഥപറച്ചിലിന്റെ മികവിനെ ഗുസ്തി വിനോദത്തിന്റെ വലിയ ഊർജവുമായി സംയോജിപ്പിക്കുക എന്നതാണ് ഈ സിനിമയിലൂടെ എത്തുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം. കൂടാതെ, ഈ മാസം ഒരു ഓപ്പൺ കാസ്റ്റിംഗ് കോളും ഒരുക്കുന്നുണ്ട്. ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ്, ആക്ഷൻ കലൈ കിംഗ്സൺ, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മെൽവി, പിആർഒ- വാഴൂർ ജോസ്.