റെസ്ലിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്റർടെയ്നർ ചത്ത പച്ച: റിംഗ് ഓഫ് റൗഡീസ് ടീസർ എത്തി.
മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.
ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിംഗ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ്.
ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിംഗ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്സാൻ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്
2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഡെഡ്ലൈൻ എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് തന്റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവയ്ക്കുന്ന ഷിഹാൻ ഷൌകത്താണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്.
മലയാള സിനിമയുടെ കഥപറച്ചിലിന്റെ മികവിനെ ഗുസ്തി വിനോദത്തിന്റെ വലിയ ഊർജവുമായി സംയോജിപ്പിക്കുക എന്നതാണ് ഈ സിനിമയിലൂടെ എത്തുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം. കൂടാതെ, ഈ മാസം ഒരു ഓപ്പൺ കാസ്റ്റിംഗ് കോളും ഒരുക്കുന്നുണ്ട്. ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ്, ആക്ഷൻ കലൈ കിംഗ്സൺ, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മെൽവി, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.