ഉത്തരകാശി: ആറു ദിവസം മുൻപ് കേദാർതാൽ ട്രക്കിംഗ് പാതയിൽ മഞ്ഞുമലയിടിഞ്ഞതിനെത്തുടർന്ന് കാണാതായ എട്ടംഗ സംഘത്തിലെ രണ്ടുപേരുടെ മൃതദേഹങ്ങൾകൂടി ഇന്നലെ കണ്ടെത്തി. മരിച്ച രണ്ടു പേരും പുരുഷന്മാരാണെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച കേദാർഖഡക് മേഖലയിൽ മഞ്ഞിനടിയിൽ കുടുങ്ങിയ രണ്ട് ട്രക്കർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. സംഘം ക്യാമ്പ് ചെയ്തിരുന്നത് ഇവിടെയായിരുന്നു. ചൊവ്വാഴ്ച കണ്ടെത്തിയ രണ്ട് മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞതായി ഭട്വാരി തഹസിൽദാർ അറിയിച്ചു.
ഉത്തർപ്രദേശിലെ ലക്നോ സ്വദേശിനികളായ വർത്തിക വർമ (28), സഹോദരി ദീപിക വർമ (29) എന്നിവരുടേതാണു മൃതദേഹങ്ങൾ. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഹിമപാതത്തെത്തുടർന്ന് മേഖലയിൽ 10 മുതൽ 12 അടി വരെ ഉയരത്തിൽ മഞ്ഞ് ഉറഞ്ഞുകിടക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.