പാലക്കാട്: പ്രിയപ്പെട്ടവരുടെ കണ്ണീരിനെ സാക്ഷിയാക്കി ശ്രീനന്ദ യാത്രയായി. കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് കൊക്കയിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
ചിക്കമഗളൂരുവിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണു മൃതദേഹവുമായി ബന്ധുക്കൾ പാലക്കാട്ടെ വീട്ടിലേക്കു യാത്ര തിരിച്ചത്.
ഇന്നലെ രാവിലെ 10.50ഓടെ കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലേക്ക് ശ്രീനന്ദയുടെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് എത്തി. പത്തുമിനിട്ട് മൃതദേഹം വീടിനുള്ളിൽ വച്ചു. തുടർന്ന് 11.15ഓടെ വീട്ടുമുറ്റത്തു പൊതുദർശനത്തിനുവച്ചു.
ശ്രീനന്ദയെ അവസാനമായി ഒരുനോക്ക് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. വി.കെ. ശ്രീകണ്ഠൻ എംപി, കെ. പ്രേംകുമാർ എംഎൽഎ, മുൻ എംഎൽഎ പി.കെ. ശശി, മറ്റു ജനപ്രതിനിധികൾ എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
ഏപ്രിൽ നാലിനാണു കടമ്പഴിപ്പുറത്തുനിന്നു അച്ഛനും അമ്മയുമുൾപ്പെടെ 40 പേരോടൊപ്പം ശ്രീനന്ദ കർണാടകത്തിലേക്കു വിനോദയാത്ര പോയത്. ഏഴിന് ഹംപി സന്ദർശിച്ചശേഷം വൈകീട്ട് മാണിക്യധാരയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് 5:20നുശേഷമാണു ശ്രീനന്ദയെ കാണാതായത്. കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്ത് മലമുകളിലേക്കു കയറിയ ശ്രീനന്ദ തിരിച്ചിറങ്ങുന്നതിനിടെ അപ്രത്യക്ഷയാവുകയായിരുന്നു.
ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും നാലു ദിവസങ്ങൾക്കുശേഷം മൃതദേഹം 1500 അടി താഴ്ചയിൽ കൊക്കയിൽനിന്നു കണ്ടെത്തുകയായിരുന്നു.