കോട്ടയം: ചിങ്ങം പിറന്നതോടെ ഓണത്തെ വരവേല്ക്കാന് നാടും നഗരവും ഒരുങ്ങി. ഇതിന്റെ പ്രതിഫലനം വിപണികളില് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നാട്ടിലെങ്ങും ഓണാഘോഷവും തുടങ്ങിക്കഴിഞ്ഞു. ഈ ആഴ്ച അവസാനത്തോടെ സ്കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും ഓണാഘോഷങ്ങള് അരങ്ങേറും. 26നാണു തിരുവോണം.
നാടും നഗരവും ഓണത്തിരക്കിലേക്ക് ചുവടുവച്ചതിന്റെ ഭാഗമായി വിപണിയില് ആകര്ഷകമായ വിലക്കിഴിവുകളോടെയും സമ്മാനപദ്ധതികളോടെയും വിവിധ മേളകള് ആരംഭിച്ചിട്ടുണ്ട്. ചിങ്ങം പിറന്നതോടെ മേളകളുടെ എണ്ണവും കൂടും. ജില്ലാതല സപ്ലൈകോ ഓണം മേളയ്ക്കു കോട്ടയം പഴയ പോലീസ് സ്റ്റേഷന് മൈതാനിയില് തുടക്കമായി.
ജില്ലയിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. നിരവധി ഉത്പന്നങ്ങള്ക്കാണ് ഇളവ് നല്കുന്നത്. കണ്സ്യൂമര് ഫെഡിന്റെയും കുടുംബശ്രീയുടെയും മേളകള് 20ന് ആരംഭിക്കും. അരി, പലചരക്ക്, ഓണക്കിറ്റുകള്, നോണ്ഫുഡ് ഉത്പന്നങ്ങള് എന്നിവ ന്യായവിലയില് മേളകളില് ലഭ്യമാക്കും.
സ്ഥാപനങ്ങളും സംഘടനകളും പൂക്കള മത്സരങ്ങള് സംഘടിപ്പിച്ചുതുടങ്ങിയതോടെ പൂവിനു ഡിമാന്ഡ് ഏറിയിട്ടുണ്ട്. ഖാദി ഷോറൂമുകളില് ഖാദി ഓണം മേളകള്ക്ക് തുടക്കമായിട്ടുണ്ട്. പുത്തന് ട്രെന്ഡുകളുമായി തുണിക്കടകളും ഒരുങ്ങിക്കഴിഞ്ഞു. ഇവിടങ്ങളില് സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് കൂടിയിട്ടുണ്ട്. ഓണപ്പുടവ, കസവ് സാരി, കുട്ടികളുടെ ഡ്രസുകള് എന്നിവയ്ക്കാണ് ഡിമാന്ഡ്.
ഹോട്ടലുകളില് ഓണസദ്യ ബുക്കിംഗ് തുടങ്ങി
കോട്ടയം: ഓണസദ്യക്കു ബുക്കിംഗ് സ്വീകരിച്ചുള്ള പോസ്റ്ററുകള് എല്ലായിടത്തും പതിച്ചുകഴിഞ്ഞു. ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളുമാണ് ഓണസദ്യയുടെ ഓര്ഡറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില് ഓഫീസുകള്, സ്കൂള്, കോളജ്, വിവിധ ക്ലബ്ബുകള് എന്നിവിടങ്ങളില് ഓണാഘോഷം നടക്കും. പല ഹോട്ടലുകളിലും ആദ്യഘട്ടത്തില് ഓഫര് വിലയിലാണ് ഓണസദ്യയുടെ ബുക്കിംഗ് സ്വീകരിക്കുന്നത്. വീടുകളിലേക്ക് ബോക്സ് ഓണസദ്യ ബുക്കിംഗുകള് തകൃതിയാണ്.
ഉപ്പ്, പഴം, പപ്പടം, ഉപ്പേരി, ശര്ക്കരവരട്ടി, അച്ചാര്, ഇഞ്ചിപ്പുളി, കൂട്ടുകറി, കിച്ചടി, പച്ചടി, തോരന്, അവിയല്, ഓലന്, കാളന്, എരിശേരി, ചോറ്, പരിപ്പുകറി, നെയ്യ്, സാമ്പാര്, പുളിശേരി, മോര്/രസം, രണ്ടു കൂട്ടം പായസം എന്നിവയാണ് സദ്യയില് ഉള്പ്പെടുത്തിയിരിക്കുന്നത്. പാചക വാതകത്തിനും പച്ചക്കറികള്ക്കും വില കൂടിയതോടെ ഓണസദ്യക്കു നിരക്കു വര്ധനയുണ്ട്. സ്റ്റാര് ഹോട്ടലുകളാവുമ്പോള് 600-700 രൂപയോ അതില് കൂടുതലോ വരാം. അഞ്ചു പേര്ക്കുള്ള ബോക്സിന് 1700-2000 രൂപവരെ വിലയീടാക്കുന്നുണ്ട്.
ഒരു പായസം മാത്രമുള്ള സദ്യക്ക് കഴിഞ്ഞവര്ഷം 250 രൂപ ഈടാക്കിയപ്പോൾ ഇപ്രാവശ്യം 370 വരെ വില ഉയര്ന്നു.
നാട്ടിലെ കേറ്ററിംഗുകാരുടെ സദ്യ റേറ്റ് 350 മുതല് 400 വരെയാണ്. ഗ്യാസ് മുതല് എല്ലാ മേഖലയിലും ചെലവ് കൂടി. പാഴ്സല് കണ്ടെയ്നര് അടക്കം വിലകൂടിയ സാഹചര്യത്തിലാണു വില വര്ധിപ്പിച്ചതെന്ന് വ്യാപാരികള് പറയുന്നു. മുന്വര്ഷങ്ങളെ അപേക്ഷിച്ച് സദ്യയുടെ ഓര്ഡറുകള് വര്ധിച്ചിട്ടുണ്ട്.
സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു
കോട്ടയം: ജില്ലയിലെ മഞ്ഞക്കാർഡ് ഉടമകൾക്കുള്ള (എഎവൈ) സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. പതിനയ്യായിരത്തോളം കിറ്റുകളാണ് ആദ്യഘട്ടമായി വിവിധ താലൂക്കുകളിലെ റേഷൻ കടകളിൽ എത്തിച്ചത്. ആകെ 15 ഇനങ്ങളാണ് കിറ്റിലുള്ളത്.
പഞ്ചസാര -ഒരു കിലോ, വെളിച്ചെണ്ണ -ഒരു ലിറ്റർ, തുവരപ്പരിപ്പ് -250 ഗ്രാം, ചെറുപയർപരിപ്പ്-250 ഗ്രാം, വൻപയർ-250 ഗ്രാം, കടല-500 ഗ്രാം, നെയ്യ് (മിൽമ)-100 മില്ലി, ശബരി പായസക്കൂട്ട്-40 ഗ്രാം, ശബരി ഗോൾഡ് ടീ -250 ഗ്രാം, ശബരി പായസം മിക്സ്-200 ഗ്രാം, ശബരി സാമ്പാർ പൊടി-100 ഗ്രാം, ശബരി മുളക് പൊടി-100 ഗ്രാം, ശബരി മഞ്ഞൾപൊടി-100 ഗ്രാം, ശബരി മല്ലിപ്പൊടി-100 ഗ്രാം, ശബരി ഉപ്പ്- ഒരു കിലോ.