കുറവിലങ്ങാട്: ചിങ്ങപ്പുലരിയെ വരവേൽക്കാൻ കൃഷിവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ അഞ്ചു ദിനം നീളുന്ന കാർഷിക വിസ്മയോത്സവം. വിസ്മയോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, കൃഷി ഓഫീസർ ബി. സന്തോഷ് കുമാർ, പഞ്ചായത്തംഗം ബിജു കുര്യൻ, കൃഷി അസിസ്റ്റന്റ് ഓഫീസർ സാബു ഒറ്റക്കണ്ടം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നുമുതൽ ആഘോഷങ്ങൾക്കു തുടക്കമാകും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിഭാഗങ്ങളിൽ കർഷക പ്രതിഭകളെ ആദരിക്കും. ഇന്ന് 10.30ന് കൃഷിഭവൻ അങ്കണത്തിൽ സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്യും. നാളെ കുര്യത്തുനിന്ന് പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് കർഷകരുടെ നേതൃത്വത്തിലുള്ള വാഹന റാലി. 15നു സ്വാതന്ത്ര്യദിനാഘോഷം. 16നു 10.30ന് വിവിധ മത്സരങ്ങൾ ആരംഭിക്കും. ഗാനസന്ധ്യയോടെ മത്സരങ്ങൾ സമാപിക്കും. കറിക്കരിയൽ, ചുമന്നുകൊണ്ട് ഓട്ടം, കൃഷിപ്പാട്ട്, ചമ്മന്തി നിർമാണം എന്നിങ്ങനെ വ്യത്യസ്തതയാർന്ന മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
നാടൻ ഭക്ഷണവിഭവങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ചമ്മന്തി ഉണ്ടാക്കൽ മത്സരത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.