തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തനിക്കെതിരെ വിമർശനം ഉന്നയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും കായിക മന്ത്രിയുമായ ഒ.ജെ. ജനീഷിന് ഫേസ്ബുക്കിലൂടെ മറുപടിയുമായി ചിന്ത ജെറോം. ഒരു യുവാവ് മന്ത്രിസഭയിലെത്തിയ തീരുമാനം സ്വാഗതാർഹമാണെന്ന് കുറിച്ച ചിന്ത, എന്നാൽ വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
മന്ത്രി പദവി ഉപയോഗിച്ച് മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാനോ, സോഷ്യൽ മീഡിയ പ്രൊമോട്ടർമാരെ ഉപയോഗിച്ച് വനിതാ പൊതുപ്രവർത്തകരെ അധിക്ഷേപിക്കാനോ ശ്രമിക്കരുതെന്നും ചിന്ത ജെറോം വിമർശിച്ചു. ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രൊമോട്ടർമാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കാൻ മന്ത്രി പദം ഉപയോഗിക്കരുതെന്ന് ചിന്ത ഓർമിപ്പിച്ചു.
തങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനിടയിൽ പ്രവർത്തകന്റെ ഭാഗത്തുനിന്ന് ഉയർന്ന സ്ത്രീവിരുദ്ധ മുദ്രാവാക്യം തെറ്റാണെന്ന് മനസ്സിലാക്കി, അത് ഏറ്റുവിളിക്കാതെ തടയാൻ ആർജവം കാണിച്ചതാണ് ഡിവൈഎഫ്ഐയുടെ രാഷ്ട്രീയമെന്ന് ചിന്ത കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ അധ്യക്ഷയായി വനിത വരുന്നത് നല്ലതാണെങ്കിലും തെരുവിൽ കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്ന് മന്ത്രി ജനീഷ് തൃശൂരിൽ വാർത്താസമ്മേളനത്തിൽ വിമർശിച്ചിരുന്നു.
മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും വഹിച്ച് രാഷ്ട്രീയ പ്രതിരോധം തീർക്കാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ ചിന്ത ജെറോമിന്റെ മറുപടി വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.