ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വകാര്യ ഹോട്ടലിലെ മാലിന്യ ചേമ്പർ വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കമലേഷ് തമ്പോലി, നിതിൻ വാൽമിക്, മനോജ് മീന, വാഹിദ് എന്നിവരാണ് മരിച്ചത്. ശുചീകരണത്തിനായി മാലിന്യ ചേമ്പറിനുള്ളിൽ പ്രവേശിച്ച നാലുപേരും അവിടെ കുടുങ്ങിപ്പോവുകയായിരുന്നു.
ശനിയാഴ്ച രാത്രി ഹോട്ടലിലെ മാലിന്യ ചേമ്പർ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ചേമ്പറിനുള്ളിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ഇവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ബോധരഹിതരായി കുടുങ്ങിപ്പോവുകയുമായിരുന്നു.
വിവരമറിഞ്ഞ് ഉടൻതന്നെ പൊലിസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഇവരെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊഴിലാളികൾ ചേമ്പർ വൃത്തിയാക്കാൻ സ്വയം ഇറങ്ങിയതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.