ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറണമെന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശം നടപ്പാക്കാൻ പുതിയ നഗരസഭാ ഭരണസമിതി നടപടി സ്വീകരിക്കണമെന്നു ജനകീയാവശ്യം ഉയരുന്നു.
തൃശൂർ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തുനിന്നും വരുന്ന ബസുകൾ സ്റ്റാൻഡിൽ കയറിയശേഷം പോകണമെന്നായിരുന്നു നിർദേശം. എന്നാൽ സ്റ്റാൻഡിൽ കയറാതെയാണ് ഇപ്പോഴും പോകുന്നത്. ഈ കൊടുംവെയിലത്തും യാത്രക്കാർ പാതയോരത്തു കാത്തുനിന്നാണ് ബസുകളിൽ കയറിപ്പറ്റുന്നത്. നേരത്തെ ഒറ്റപ്പാലത്തുനിന്നു തൃശൂരിലേക്കു പോകുന്ന ബസുകൾക്കുമാത്രം ഇളവ് അനുവദിച്ചിരുന്നു.
കഴിഞ്ഞ മേയ് 26ന് ഷൊർണൂർ നഗരസഭാധ്യക്ഷന്റെ സാന്നിധ്യത്തിൽ ബസുടമകൾ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്ന് ബസുകൾ സ്റ്റാൻഡിൽ കയറുന്നതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങൾ എടുത്തിരുന്നു.
പോലീസും ആർടിഒ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.ഈ യോഗത്തിലാണ് ഒറ്റപ്പാലത്തുനിന്ന് തൃശൂരിലേക്കുപോകുന്ന ബസുകളൊഴികെ മറ്റെല്ലാ ബസുകളും സ്റ്റാൻഡിൽ കയറണമെന്നു തീരുമാനിച്ചത്.
പട്ടാമ്പിയിൽനിന്നുവരുന്ന ബസുകൾക്ക് വാടാനാംകുറുശിയിലടക്കമുള്ള പാതയുടെ തകർച്ചയും ഷൊർണൂരിൽനിന്നുള്ള ബസുകൾക്കു കുളപ്പുള്ളി പാതയിലെ തകർച്ചയും കാരണം സ്റ്റാൻഡിൽ കയറാനാവില്ലെന്നായിരുന്നു ബസ് ജീവനക്കാരുടെ മുൻമ്പുള്ള വിശദീകരണം.സ്റ്റാൻഡിൽ കയറാത്ത ബസുകൾക്ക് 1,000 രൂപ വീതം പിഴയീടാക്കാനുള്ള തീരുമാനവും നടപ്പായില്ല.