സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) അനുമതിപത്രം ലഭിച്ച ശേഷം സിനിമയിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയെന്ന പരാതിയിൽ മോളിവുഡ് ടൈംസ് സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ പോലീസ് കേസ്.
സിബിഎഫ്സി നിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് കേസ്. റീജിയണൽ ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പോലീസാണ് കേസെടുത്തിരിക്കുന്നത്.
കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സിബിഎഫ്സിയിൽ നിന്നും യുഎ 16+ വിഭാഗത്തിലുള്ള അനുമതിപത്രമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
എന്നാൽ ഈ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷം നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി സിനിമയിലെ ചില രംഗങ്ങളിൽ ഭേദഗതി വരുത്തുകയും അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടുത്തി കൃത്രിമം കാണിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. സിനിമാറ്റോഗ്രാഫ് നിയമപ്രകാരമാണ് അണിയറപ്രവർത്തകർക്കെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്.
സെന്‍സര്‍ ബോർഡ് ചില ഭാഗങ്ങള്‍ നീക്കം ചെയ്യാനും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു. പക്ഷേ അണിയറക്കാര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത് ഇത്തരം മാറ്റങ്ങള്‍ വരുത്തിയ സിനിമയായിരുന്നില്ല.
ഏതൊക്കെ ഭാഗങ്ങളാണോ നീക്കം ചെയ്യാന്‍ നിർദേശിച്ചത് അത് കോര്‍ത്തിണക്കുകയും മ്യൂട്ട് ചെയ്ത ഭാഗങ്ങള്‍ മ്യൂട്ട് ഒഴിവാക്കുകയും ചെയ്തു. സിനിമാട്ടോഗ്രഫി നിമയമങ്ങള്‍ക്ക് വിരുദ്ധമായാണ് സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.