പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ എസ്എഫ്ഐ നേതാക്കളെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം ജില്ലാ സെകട്ടറി രാജു ഏബ്രഹാം. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രണവ് ജയകുമാര്‍, അടൂര്‍ ഏരിയ സെക്രട്ടറി സഹില്‍ എന്നിവരെയാണ് മര്‍ദിച്ചത്.
പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. പരിക്കേറ്റു കിടന്ന സഹിലിനെ പൊലീസ് ജീപ്പില്‍ കയറ്റിയെങ്കിലും പൊലിസ് നോക്കി നില്ക്ക ജീപ്പിലും രാഹൂല്‍ മാങ്കൂട്ടവും സംഘവും മര്‍ദിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. മര്‍ദനം തടയാനെത്തിയ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ചെകിട്ടത്ത് രാഹുല്‍ മാങ്കൂട്ടം അടിച്ചു. ആക്രമണശേഷം അക്രമികള്‍ രക്ഷപ്പെട്ടതും പൊലിസ് സഹായത്തോടെയാണ്.
ഡല്‍ഹിയില്‍ സിപിഎം നേതാക്കളെ പൊലിസ് ആക്രമിച്ചതിനെതിരേ ശനിയാഴ്ച വൈകുന്നേരം ഏഴംകുളത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സ്ഥലത്തെ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ മദ്യപിച്ച് ലക്കുകെട്ട് മാര്‍ച്ചില്‍ കടന്നുകയറി അലങ്കോലമാക്കാന്‍ ശ്രമിച്ചതാണ് അക്രമ പരമ്പരയുടെ തുടക്കമെന്ന് സിപിഎം ആരോപിച്ചു. ഇത് ഉന്തിലും തള്ളിലുമാണ് കലാശിച്ചത്. ഇതിന്റെ പേരില്‍ അടൂരിലെ എസ്എഫ്ഐ നേതാക്കളെ ആക്രമിക്കുകയായിരുന്നു. അതിനൊപ്പം സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി എസ് മനോജ് സഞ്ചരിച്ച കാറും മാങ്കൂട്ടം സംഘം തകര്‍ക്കുകയായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം അടൂരില്‍ പ്രകടനവും നടത്തി.