അടൂരിലെ യൂത്ത് കോണ്‍ഗ്രസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനം.
പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ എസ്എഫ്ഐ നേതാക്കളെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം ജില്ലാ സെകട്ടറി രാജു ഏബ്രഹാം. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രണവ് ജയകുമാര്‍, അടൂര്‍ ഏരിയ സെക്രട്ടറി സഹില്‍ എന്നിവരെയാണ് മര്‍ദിച്ചത്.
പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. പരിക്കേറ്റു കിടന്ന സഹിലിനെ പൊലീസ് ജീപ്പില്‍ കയറ്റിയെങ്കിലും പൊലിസ് നോക്കി നില്ക്ക ജീപ്പിലും രാഹൂല്‍ മാങ്കൂട്ടവും സംഘവും മര്‍ദിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. മര്‍ദനം തടയാനെത്തിയ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ചെകിട്ടത്ത് രാഹുല്‍ മാങ്കൂട്ടം അടിച്ചു. ആക്രമണശേഷം അക്രമികള്‍ രക്ഷപ്പെട്ടതും പൊലിസ് സഹായത്തോടെയാണ്.
ഡല്‍ഹിയില്‍ സിപിഎം നേതാക്കളെ പൊലിസ് ആക്രമിച്ചതിനെതിരേ ശനിയാഴ്ച വൈകുന്നേരം ഏഴംകുളത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സ്ഥലത്തെ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ മദ്യപിച്ച് ലക്കുകെട്ട് മാര്‍ച്ചില്‍ കടന്നുകയറി അലങ്കോലമാക്കാന്‍ ശ്രമിച്ചതാണ് അക്രമ പരമ്പരയുടെ തുടക്കമെന്ന് സിപിഎം ആരോപിച്ചു. ഇത് ഉന്തിലും തള്ളിലുമാണ് കലാശിച്ചത്. ഇതിന്റെ പേരില്‍ അടൂരിലെ എസ്എഫ്ഐ നേതാക്കളെ ആക്രമിക്കുകയായിരുന്നു. അതിനൊപ്പം സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി എസ് മനോജ് സഞ്ചരിച്ച കാറും മാങ്കൂട്ടം സംഘം തകര്‍ക്കുകയായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം അടൂരില്‍ പ്രകടനവും നടത്തി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസ്
അടൂര്‍: ഏഴംകുളത്തും ആശുപത്രിയിലുമുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം ഏഴു പേര്‍ക്കെതിരേ അടൂര്‍ പൊലിസ് കേസെടുത്തു.
ആശുപത്രിയില്‍ മര്‍ദനമേറ്റ പ്രണവിനെയും സഹിലിനെയും പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സതേടി.
രാത്രി മരിയ ആശുപത്രിക്ക് മുന്നില്‍ രാഹുല്‍ മാങ്കൂട്ടവും സംഘവും സംഘടിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്. സിപിഎം ഏരിയ സെക്രട്ടറി എസ്. മനോജ് സഞ്ചരിച്ച ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി വിനേഷിന്റെ കാര്‍ രാഹുല്‍ മാങ്കൂട്ടവും സംഘവും പൊലിസിന്റെ ലാത്തി പിടിച്ചു വാങ്ങി അടിച്ചു തകര്‍ത്തുവെന്നാണ് പരാതി. ജനറല്‍ ആശുപത്രിയില്‍ എസ്എഫ്ഐ നേതാക്കളെ മര്‍ദിച്ച സംഭവത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിന്റെയും സംഘത്തിന്റെയും ആക്രമണത്തിനെതിരേയും അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചും സിപിഎം നേതൃത്വത്തില്‍ അടൂരില്‍ പ്രകടനം നടന്നു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം കെഎസ്ആര്‍ടിസി കോര്‍ണറില്‍ സമാപിച്ചു.
സമാപന യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി. ഡി. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി. ബി. ഹര്‍ഷകുമാര്‍, സി. രാധാകൃഷ്ണന്, ഏരിയ സെക്രട്ടറി എസ്. മനോജ്, ജില്ലാ കമ്മിറ്റി അംഗം ബി. നിസാം എന്നിവര്‍ പ്രസംഗിച്ചു.
സഹപ്രവര്‍ത്തകര്‍ക്കായി ഇടപെടും: മാങ്കൂട്ടത്തിൽ
അടൂര്‍: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയെങ്കിലും മനസില്‍നിന്ന് കോണ്‍ഗ്രസ് പോയിട്ടില്ലെന്നും ഒരിക്കലും പോകില്ലെന്നും മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി തനിക്ക് ഏതെങ്കിലും സ്ഥാനം നല്കിയാല്, പിന്നീട് ആ സ്ഥാനത്തുനിന്ന് മാറ്റിയാലും അത് നൂറുശതമാനം അംഗീകരിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താന്‍ ഇടപെട്ടാല്‍ സംഘടന മറുപടി പറയേണ്ടിവരുമെന്ന നിലപാടിനെയും അദ്ദേഹം വിശദീകരിച്ചു. കോണ്ഗ്രസിലുള്ളവരാണ്. അവരില്‍ ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സ്വാഭാവികമായും ആ വിഷയത്തില്‍ ഇടപെടും.
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് താനാണെന്ന ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
സമാന്തര പൊലിസ് സംവിധാനം അനുവദിക്കില്ല
അടൂരില്‍ ചില ഗുണ്ടാസംഘങ്ങള്‍ ചേര്‍ന്ന് സമാന്തര പൊലിസ് സംവിധാനം പ്രവര്‍ത്തിപ്പിക്കുകയാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംവിധാനത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും മനോജ് ആരോപിച്ചു. നാട്ടില്‍ നിയമവും നീതിയും നടപ്പാകണം. അതിനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Condemnable NattuVishasham DistrictNews