ചോറ്റാനിക്കര: സർക്കാർ ആശുപത്രികൾ വിപുലീകരിക്കുന്നതിനും പ്രവർത്തനസജ്ജമാക്കുന്നതിനും സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പടെ 1,800 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചോറ്റാനിക്കര, തോട്ടൂർ, കൂവപ്പടി എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡോക്ടർ തസ്തികകൾ കൂടാതെ 500 നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളും നികത്തും. അതിനായി ധനകാര്യ വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഡോക്ടർമാരുടെ സേവനം ലഭിച്ചാൽ എല്ലാ ജില്ലാ ആശുപത്രികളും 24 മണിക്കൂർ പ്രവർത്തനസജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഹെൽത്ത് ഗ്രാൻഡ് ഫണ്ടിൽനിന്നു ചോറ്റാനിക്കര, തോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിനായി 1.43 കോടി രൂപ വീതവും കൂവപ്പടി ആരോഗ്യകേന്ദ്രത്തിന് 55 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എൻ.ഡി. രാജു മറ്റത്തിൽ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജയിംസ്, ജില്ലാ പഞ്ചായത്ത് മെമ്പർ സോന ജയരാജ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര ധർമരാജൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. ഷാഹിർ ഷാ, ഡോ. എം.എം. ഹനീഷ്, ഡോ. ടി.എസ്. ബൈജു തുടങ്ങിയവർ പങ്കെടുത്തു.
Tags : Deepika DeepikaNewspaper BreakingNews 1 800 doctor posts created