ചേര്‍ത്തല: ശബരിമല വിഷയത്തില്‍ കേസ് അന്വേഷിക്കുന്ന എസ്ഐടി യുഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്തത് യുഡിഎഫിന്റെ അവസ്ഥ പരിതാപകരമാക്കിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരിക്കുന്ന സമയത്താണ് പോറ്റി ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയില്‍ സ്ഥാനം പിടിക്കുന്നതെന്നും ബിനോയ് വിശ്വം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് സെന്റ് മൈക്കിൾസ് കോളജിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ മോഷണം നടത്തിയവര്‍ എത്ര പ്രമുഖരായാലും ശിക്ഷിക്കപ്പെടണമെന്ന് നിലപാടാണ് എല്‍ഡിഎഫിന്റേത്. ശബരിമലയിലെ ഒരുതരി സ്വര്‍ണംപോലും കളവുപോകാന്‍ അനുവദിക്കില്ല. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരേ മത്സരിക്കുന്നത്. കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ ബാന്ധവത്തെ ജനങ്ങള്‍ തകര്‍ത്തെറിയുകയും എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുകയും ചെയ്യും. നരേന്ദ്രമോദി രാജ്യത്തിന്റെ പരമാധികാരം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു മുന്നില്‍ പണയംവച്ചിരിക്കുകയാണ്.
കോര്പറേറ്റിനുവേണ്ടിയാണ് ബിജെപിയുടെ ഭരണം. ദേശസ്നേഹം എന്ന വാക്ക് ഉച്ചരിക്കാനുള്ള അവകാശംപോലും ബിജെപിക്കില്ല. ബിജെപിയുടെ താങ്ങും തണലുമായി കോണ്‍ഗ്രസ് മാറി. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അഡ്വ. എ.എം. ആരിഫ് അധ്യക്ഷത വഹിച്ചു. ജാഥ മാനേജർ എം. സ്വരാജ്, സി.എസ്. സുജാത, യൂജിൻ മൊറേലി, ഷാജു ജോർജ് അഗസ്റ്റിൻ, വി.ടി. ജോസഫ്, പി.കെ. രാജൻ മാസ്റ്റർ, കെ.വി. ബാലസുബ്രഹ്മണ്യൻ, മന്ത്രി പി. പ്രസാദ്, ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.