Kerala
കൊച്ചി: രണ്ടാം പിണറായി സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ പരസ്യങ്ങൾക്കും പ്രചാരണ പരിപാടികൾക്കുമായി ഇതുവരെ ചെലവഴിച്ചത് 152. 56 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിൽനിന്നു ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരള ടൂറിസത്തിന്റെ രാജ്യത്തിനകത്തെ പ്രചാരണങ്ങൾക്കായി 117.07 കോടിയാണു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെലവഴിച്ചത്. അന്താരാഷ്ട്രതലങ്ങളിലുള്ള പ്രചാരണങ്ങൾക്കായി 35.49 കോടി സർക്കാർ അനുവദിച്ചിരുന്നു. അനുവദിച്ച തുക പൂർണമായി ചെലവഴിച്ചതായും വിനോദസഞ്ചാര വകുപ്പിന്റെ രേഖകളിൽ പറയുന്നു. സർക്കാർ അംഗീകൃത ഏജൻസികളാണ് ടൂറിസം വകുപ്പിന്റെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും രേഖകളിൽ വ്യക്തമാക്കുന്നു.
ഈ സർക്കാർ ഓരോ വർഷങ്ങളിൽ ടൂറിസം വകുപ്പിന്റെ മാർക്കറ്റിംഗ് പരസ്യങ്ങൾക്കായി ബജറ്റിൽ അനുവദിച്ചത്, നൽകിയത്, ചെലവഴിച്ചത് എന്നീ ഇനങ്ങളിലുള്ള തുക പ്രത്യേകമായി ക്രോഡീകരിച്ചിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.
2025ൽ സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിനുവേണ്ടി മാത്രം രണ്ടു കോടി രൂപ ടൂറിസം വകുപ്പിന് അനുവദിച്ചതു വിവാദമായതാണ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ നടന്ന ബേപ്പൂർ ഫെസ്റ്റിന്റെ പരസ്യത്തിന് 13 ലക്ഷം ചെലവഴിച്ചിരുന്നു.
National
മുംബൈ: കോടികൾ ആവശ്യപ്പെട്ട് ബോളിവുഡ് താരം രൺവീർ സിംഗിന് വാട്സ്ആപ് സന്ദേശം. സംഭവത്തിന് പിന്നാലെ നടന്റെ വീടിന് പുറത്ത് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം, നിർമാതാവ് രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീട്ടിൽ വെടിവയ്പ്പ് നടന്നതിന് പിന്നാലെയാണ് ഈ സംഭവം. ഫെബ്രുവരി ഒന്നിനാണ് രോഹിത് ഷെട്ടിയുടെ ജുഹുവിലെ ഒമ്പത് നില കെട്ടിടത്തിന് നേരെ വെടിവയ്പ്പുണ്ടായത്.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒളിവിൽ കഴിയുന്ന ശുഭം ലോങ്കറിന്റെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും ലോങ്കർ പോലീസ് തിരയുന്ന വ്യക്തിയാണ്.
National
ബംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലക്കും ഇടയിൽ കേരളത്തിൽനിന്നുള്ള കാർ യാത്രികനെ തടഞ്ഞ് ആക്രമിസംഘം ഒന്നര കോടി രൂപ വിലമതിക്കുന്ന 1.2 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി. കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവാണ് വ്യാഴാഴ്ച രാത്രി കേരളത്തിലേക്ക് കാർ യാത്ര ചെയ്യുന്നതിനിടെ ആക്രമണത്തിന് ഇരയായത്.
നഞ്ചൻഗുഡിലെ കടക്കോളയിൽനിന്നുള്ള സുഹൃത്തിനൊപ്പം കാറിൽ ബന്ദിപ്പൂർ-കേരള റൂട്ടിൽ മൂലെഹോൾ മദ്ദൂർ വനം ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ആറംഗ സംഘം ആക്രമിച്ചത്. മാണ്ഡ്യയിലെ സ്വർണപ്പണിക്കാരനിൽനിന്നാണ് വിനു സ്വർണക്കട്ടി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
സ്വർണപ്പണിക്കാരൻ കടക്കോളയിൽ എത്തിച്ചു നൽകിയ സ്വർണവുമായി വിനുവും സുഹൃത്തും മടക്കയാത്ര ആരംഭിച്ച് കുറച്ച് ദൂരം പിന്നിട്ടപ്പോൾ മൂന്ന് കാറുകൾ സംശയാസ്പദമായി പിന്തുടരുന്നത് ശ്രദ്ധയിൽപെട്ടു.
മൂലെഹോളിനടുത്ത് എത്തിയപ്പോൾ ഇതിൽ രണ്ട് കാറുകൾ വിനുവിന്റെ കാർ തടഞ്ഞു. കൊള്ളക്കാർ ഇരുവരെയും കീഴടക്കി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് സംഘം വാഹനം ഉൾവനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. വിരാജ്പേട്ട് റോഡിലേക്ക് കയറ്റി വിനുവിന്റെ പക്കൽനിന്ന് സ്വർണക്കട്ടി അടങ്ങിയ ബാഗ് പിടിച്ചുപറിച്ചു വാഹനങ്ങളിൽ കയറി രക്ഷപ്പെട്ടു.
അന്വേഷണത്തിനായി മൂന്ന് സംഘങ്ങൾ രൂപവത്കരിച്ചു. ഒരു സംഘം കേരളത്തിലേക്കും മറ്റൊരു സംഘം മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൂന്നാമത്തെ സംഘം നിലവിൽ ബന്ദിപ്പൂർ റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങൾ തിരിച്ചറിയുന്നു. സ്വർണം വാങ്ങിയതിന്റെ സഹചര്യങ്ങളും അന്വേഷിക്കുന്നുണ്ട്.