ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് പാഠ്യപദ്ധതി ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രം.
എന്നാല്‍, അതു ഭരണഘടനാ മൂല്യങ്ങളും അടിസ്ഥാനതത്വങ്ങളും പാലിച്ചുകൊണ്ടായിരിക്കണമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ അബ്ദുൾ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നല്കി.
പിഎം ശ്രീയില്‍നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും.
കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ടശേഷം സ്കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയിൽ ചേരുന്നതിനായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ഏതു പാഠ്യപദ്ധതിയും സിലബസും നയങ്ങളും സംസ്ഥാനങ്ങൾ നടപ്പിലാക്കേണ്ടിവരുമോയെന്ന ചോദ്യത്തിന്, പിഎം ശ്രീയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇയുമായാണോ അതോ സംസ്ഥാന പരീക്ഷാ ബോർഡുമായാണോ എന്നതു കണക്കിലെടുത്താണ് അവരുടെ സിലബസ് തീരുമാനിക്കപ്പെടുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.