മലപ്പുറം: താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതക കേസില്‍ നിര്‍ണായകമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേസില്‍ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. പ്രതികളെ സാക്ഷികളാക്കി മാറ്റുകയും താരതമ്യേന ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുകയും ചെയ്ത നടപടി ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുകയാണ്.
പൊലീസ് ഉയര്‍ത്തിയ കള്ളക്കഥകള്‍ക്ക് അനുസരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നത് സിബിഐയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന നടപടിയാണ്. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
നിലവിലെ കോടതി നടപടികള്‍ നിര്‍ത്തിവച്ച് കേസില്‍ ശക്തവും നിഷ്പക്ഷവുമായ പുനരന്വേഷണം നടത്തണം.
താമിര്‍ ജിഫ്രിയുടെ കുടുംബവും സമരസമിതിയും നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍ താമിര്‍ ജിഫ്രിയുടെ വീട് സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം സൈതലവി കാട്ടേരി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സാബിര്‍ കൊടിഞ്ഞി എന്നിവരാണ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.