Kerala
കോഴിക്കോട്: ഭൂട്ടാനില്‍നിന്നു സൈനികവാഹനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയ കേസില്‍ ഭൂരിഭാഗം വാഹനങ്ങളും കേരളത്തില്‍ ‘അപ്രത്യക്ഷമായതായി’ കസ്റ്റംസ്.
വാഹനങ്ങള്‍ കെവശമുള്ളവര് അത് ഒളിപ്പിക്കുകയോ കേരളത്തിനു പുറത്തേക്കു മാറ്റുകയോ ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം.
140ലധികം ഭൂട്ടാന് വാഹനങ്ങള്‍ സംസ്ഥാനത്തുനിന്ന് ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കസ്റ്റംസിന്റെ ഓപ്പറേഷൻ നുമ്ഖോർ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽനിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരു ആഡംബര കാർകൂടി കസ്റ്റംസ് പ്രിവന്റിവ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് മുക്കത്തുനിന്നാണു വാഹനം പിടികൂടിയത്. ഇതുൾപ്പെടെ നാല്പതോളം വാഹനങ്ങളാണു സംസ്ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്.
അതേസമയം, ഇരുനൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇവ കണ്ടെത്താൻ മോട്ടർ വാഹനവകുപ്പടക്കം മറ്റ് ഏജൻസികളുടെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ആറര കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്.
ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്.
വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.
ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയിൽ ഒളിപ്പിച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് ആറര കോടിയോളം രൂപ വിലവരുമെന്നാണ് കസ്റ്റംസ് പറയുന്നത്.
രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. ഹൈക്കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു.
വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാൻ ദുല്‍ഖര്‍ അപേക്ഷ നല്കാന് ഒരുങ്ങുന്നത്.
ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നൽകാൻ ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. അതേസമയം ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്.
District News
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ വലിയ സ്വർണ്ണക്കടത്ത് കേസാണിത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.