കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിര്‍ണായക യോഗം ഇന്ന് മൂന്നാറിൽ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ഭൂട്ടാനിലെയും ഉന്നത ഉദ്യോഗസ്ഥരടക്കം 25 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇരു രാജ്യങ്ങളിലെയും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ചർച്ചയാകും. ഓപ്പറേഷൻ നുംഖൂറിലൂടെ കേരളത്തിൽ നിന്ന് മാത്രം 50ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.
15000 വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്ന് കടത്തിയത്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തത്. ഇതിലൂടെ രാജ്യത്ത് കോടികളുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. സൂപ്പർ കാറുകൾ, ബൈക്കുകൾ അടക്കം രാജ്യത്തേക്ക് കടത്തിയിട്ടുണ്ട്.
നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ ഉൾപ്പടെയുള്ള വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
Tags : operation numkhor customs bhutan munnar