കേരള ഹൈക്കോടതി
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് കള്ളക്കടത്തുസ്വര്‍ണം പിടികൂടിയതിന്റെ പേരില്‍ പോലീസിനു കസ്റ്റംസ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
കസ്റ്റംസിന്റെ അധീനതയിലുള്ള വിമാനത്താവള പരിസരത്തുനിന്ന് സ്വര്‍ണം പിടികൂടിയതിന് പിഴ ഈടാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് (പ്രിവന്റീവ്) ജോയിന്റ് കമ്മീഷണര്‍ നല്കിയ നോട്ടീസ് ചോദ്യം ചെയ്തു കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ടി.എസ്. ബിനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. കസ്റ്റംസിന്റെ വിശദീകരണം തേടിയ കോടതി കേന്ദ്രസര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കുമടക്കം നോട്ടീസയയ്ക്കാനും ഉത്തരവിട്ടു.
കസ്റ്റംസ് പരിശോധന വെട്ടിച്ച് വിമാനത്താവളത്തിനു പുറത്തിറങ്ങിയ യാത്രക്കാരില്‍നിന്ന് അനധികൃത സ്വര്‍ണവും പണവും പിടികൂടിയതിന്റെ പേരില്‍ നോട്ടീസ് നല്‍കിയത് പ്രതികാരബുദ്ധിയോടെയുള്ള നടപടിയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നിയമവ്യവസ്ഥകള്‍ പാലിച്ചാണു തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പിടികൂടിയവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പാര്‍ക്കിംഗ് ഏരിയയിലും മറ്റും നടന്ന സ്വര്‍ണവേട്ടയാണ് വകുപ്പുകള്‍ തമ്മിലുള്ള നിയമപോരാട്ടത്തിനു വഴിവച്ചത്. നാലു സംഭവങ്ങളിലായി ആകെ 2886.6 ഗ്രാം സ്വര്‍ണം പിടിച്ചെടുത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
മിശ്രിതരൂപത്തിലുള്ള സ്വര്‍ണം കോടതികള്‍ നേരിട്ടു സ്വീകരിക്കാത്തതിനാല്‍ അംഗീകൃത സ്വര്‍ണപ്പണിക്കാരെക്കൊണ്ട് ശുദ്ധീകരിച്ചശേഷമാണു കോടതിയില്‍ ഹാജരാക്കിയിരുന്നത്. കോടതി ഇതു കസ്റ്റംസിന് കൈമാറുകയും കസ്റ്റംസ് അതു സ്വീകരിച്ച് തുടര്‍നടപടി സ്വീകരിക്കുകയുമാണ് ചെയ്തിരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
Tags : KeralaHighCourt ShowCause notices Customs police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash