National
ന്യൂഡൽഹി: എല്ലാ പുതിയ മൊബൈൽ ഫോണുകളിലും സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി ആപ്പ്’ പ്രീലോഡ് ചെയ്യാൻ സ്മാർട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്രസർക്കാരിന്റെ ‘രഹസ്യ’ നിർദേശം.
ഫോണിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ മൊബൈലുകളിൽ ആപ്പ് ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഫോൺ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കേന്ദ്ര സർക്കാർ നവംബർ 28നു പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിന്റെ ആധികാരികത റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയരുതെന്ന വ്യവസ്ഥയോടെ സൈബർ സുരക്ഷ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് മാത്രമായി അയച്ചിരിക്കുന്ന ഉത്തരവിലെ നിർദേശം.
ആപ്പ് പുതിയ ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് 90 ദിവസത്തെ സമയമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. വിതരണ ശൃംഖലയിൽ ഇതിനോടകമുള്ള ഫോണുകളിൽ സോഫ്റ്റ്വേർ അപ്ഡേറ്റുകളിലൂടെ ആപ്പുകൾ ഉൾപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
ടെലികോം സൈബർ സുരക്ഷയുടെ ഗുരുതരമായ അപകടാവസ്ഥയെ ചെറുക്കാനാണ് ആപ്പെന്നും നഷ്ടപ്പെട്ട ഫോണുകൾ ഉടമസ്ഥർക്ക് തിരികെ ലഭിക്കാൻ ആപ്പ് സഹായിക്കുമെന്നും കേന്ദ്രം വിശദീകരിക്കുന്നുണ്ടെങ്കിലും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഇത്തരമൊരു ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്.
റഷ്യൻ സർക്കാരിന്റെ മെസഞ്ചർ ആപ്പായ ‘മാക്സ്’ രാജ്യത്തെ എല്ലാ സ്മാർട്ഫോണുകളിലും ടാബ്ലറ്റുകളിലും പ്രീ-ഇൻസറ്റാൾ ചെയ്യണമെന്ന റഷ്യൻ സർക്കാരിന്റെ ഉത്തരവ് വൻ വിമർശനങ്ങൾക്ക് വഴിവച്ചതിനു പിന്നാലെയാണ് ഇന്ത്യയിലും സമാനനീക്കം.
സർക്കാരിന്റെ കണക്കുകളനുസരിച്ച് സഞ്ചാർ സാഥി ആപ്പ് ജനുവരിയിൽ അവതരിപ്പിച്ചതിനു ശേഷം 7,00,000 നഷ്ടപ്പെട്ട ഫോണുകൾ (ഒക്ടോബറിലെ 50,000 ഉൾപ്പെടെ) വീണ്ടെടുക്കാൻ കഴിഞ്ഞെന്ന് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാരിന്റെ സ്വകാര്യ നിർദേശത്തോട് ആപ്പിൾ, ഗൂഗിൾ, സാംസംഗ്, ഷവോമി തുടങ്ങിയ സ്മാർട്ഫോണുകൾ പരസ്യമായി പ്രതികരിച്ചിട്ടില്ല.
സ്മാർട്ഫോണുകളുടെ വിൽപനയ്ക്ക് മുമ്പ് കേന്ദ്രത്തിന്റെയൊ മറ്റു മൂന്നാം കക്ഷികളുടെയോ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് ചില കമ്പനികൾ വിലക്കുന്നതിനാൽ കേന്ദ്ര ഉത്തരവിനെ എങ്ങനെ സ്വീകരിച്ചുവെന്ന് വ്യക്തമല്ല.
ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് കമ്പനികളുമായി കൂടിയാലോചിക്കാത്തത് സ്മാർട്ഫോൺ നിർമാതാക്കളിൽ ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ടെന്നാണ് സൂചന.
Business
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് മുതലായ സൈബർ തട്ടിപ്പുകൾ തടയുന്നതിനു ജനങ്ങൾതന്നെ കരുതലെടുക്കണമെന്ന് വിദഗ്ധർ. രാജ്യത്തു വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിനു ബാങ്കുകൾ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ തട്ടിപ്പിനു ഇരയാകാതിരിക്കാനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കേണ്ടത് ജനങ്ങൾതന്നെയാണെന്നും സൈബർ സുരക്ഷാ വിദഗ്ധനായ സുന്ദരേശ്വർ കൃഷ്ണമൂർത്തി ഒരു ദേശീയ ദിനപത്രത്തോടു വ്യക്തമാക്കി.
മെസേജിംഗ് ആപ്പിൽ അജ്ഞാത നന്പറുകൾ ബ്ലോക്ക് ചെയ്യുക, കോളർ ഐഡി ഉപയോഗിക്കുക, അജ്ഞാത നന്പറുകളുമായി അധികനേരം ഇടപഴകാതിരിക്കുക, ബാങ്കിംഗിനും സാന്പത്തിക ഇടപാടുകൾക്കും മറ്റൊരു നന്പർ ഉപയോഗിക്കുകയും ഈ നന്പർ മറ്റാരുമായും കൈമാറാതിരിക്കുകയും ചെയ്യുക എന്നിവയാണ് സൈബർ സുരക്ഷാ വിദഗ്ധർ ജനങ്ങൾക്ക് മുന്നിൽവയ്ക്കുന്ന പ്രധാന നിർദേശങ്ങൾ. ഓണ്ലൈൻ തട്ടിപ്പുകൾക്കെതിരെ സൈബർ ഇൻഷ്വറൻസ് എടുക്കുന്നതും പരിഗണിക്കണം. പണമാവശ്യപ്പെട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ ബന്ധപ്പെട്ടാൽ ഉടൻതന്നെ ആ വ്യക്തിയെ പ്രത്യേകമായി ബന്ധപ്പെട്ടു ആധികാരികത ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
ഫിക്സഡ് ഡെപ്പോസിറ്റുകളിലും മ്യൂച്വൽ ഫണ്ടുകളിലും ബാങ്ക് അക്കൗണ്ടുകളിലുമുള്ള പണം സംരക്ഷിക്കുന്നതിനായി പ്രതിവർഷം 1000 രൂപയിൽ താഴെ മാത്രം നൽകിയുള്ള സൈബർ ഇൻഷ്വറൻസുകളുണ്ടെന്ന് സൈബർ ഫോറൻസിക്സ് വിദഗ്ധനായ രൺജിത് ബെല്ലാരി വ്യക്തമാക്കി. രാജ്യത്തു ഡിജിറ്റൽ അറസ്റ്റ് എന്നൊരു നടപടിയില്ലെന്നും അത്തരം അറസ്റ്റുമായി ബന്ധപ്പെട്ടു ആരെങ്കിലും ബന്ധപ്പെട്ടാൽ അങ്ങനെയുള്ള കോളുകൾ ഉടൻ തന്നെ cybercrime.gov.in വെബ്സൈറ്റ് വഴി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
Tech
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) അതിവേഗ വളർച്ച സൈബർ സുരക്ഷാ ലോകത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. സൈബർ കുറ്റവാളികൾ AI സാങ്കേതികവിദ്യ, പ്രത്യേകിച്ച് ജനറേറ്റീവ് AI (Generative AI) ടൂളുകൾ, കൂടുതൽ സങ്കീർണ്ണവും അപകടകരവുമായ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'ഡീപ്ഫേക്കുകൾ' (Deepfakes) ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, AI-യുടെ സഹായത്തോടെ വ്യക്തികളെയും കമ്പനികളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഒരു വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ച് നടത്തുന്ന തട്ടിപ്പുകൾ തിരിച്ചറിയാൻ സാധാരണക്കാർക്ക് പ്രയാസമാണ്.
മാത്രമല്ല, AI അധിഷ്ഠിത റാൻസംവെയറുകൾ (AI-powered ransomware) സൈബർ ലോകത്തിന് പുതിയ ഭീഷണിയായി മാറുന്നു. ഇത്തരം റാൻസംവെയറുകൾക്ക് കമ്പ്യൂട്ടർ ശൃംഖലകളിലെ ദുർബലതകൾ സ്വയം തിരിച്ചറിയാനും, പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമണങ്ങൾ നടത്താനും സാധിക്കും. ഇത് സൈബർ പ്രതിരോധ രംഗത്ത് വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇതിനെ നേരിടാൻ, സൈബർ സുരക്ഷാ കമ്പനികളും ഗവേഷകരും AI ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ (AI-driven cybersecurity) വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണികളെ മുൻകൂട്ടി കണ്ടെത്താനും, അസാധാരണമായ പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും AI അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരമായ ബോധവൽക്കരണവും, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും ഈ സൈബർ യുദ്ധത്തിൽ അതിജീവനത്തിന് നിർണായകമാണ്.