പ്ലസ് ടു, നീറ്റ്-യുജി എന്നിവയ്ക്കുശേഷം യുജിസി-നെറ്റ് പരീക്ഷയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എന്‍ടിഎ) “കുള’’മാക്കി. ഈ ഏജൻസി ലക്ഷക്കണക്കിനു വിദ്യാർഥികളുടെ അധ്വാനവും സമയവും ഭാവിയും അവതാളത്തിലാക്കിക്കഴിഞ്ഞു. നിരവധി വിദ്യാർഥികൾ ജീവനൊടുക്കി. പക്ഷേ, അവിശ്വസനീയം! ഏജൻസി ആരോടും ഒരുത്തരവാദിത്വവുമില്ലാതെ വാഴുന്നു. വന്ദേമാതരത്തിന്റെ ചരണം തെറ്റിയോ എന്ന് അന്വേഷിക്കുന്നതിന്റെ നാലിലൊന്നു ശ്രദ്ധ സർക്കാരിന് ഈ രാജ്യത്തെ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവിയെക്കുറിച്ച് ഉണ്ടായിരുന്നെങ്കിൽ ഈ ഏജൻസിയുടെ നടത്തിപ്പുകാർ എന്നേ ജയിലിലാകുമായിരുന്നു. കാവിവത്കരിച്ച സിലബസും താറുമാറായ പരീക്ഷാ നടത്തിപ്പും വിദ്യാഭ്യാസമേഖലയെ പിന്നോട്ടടിച്ചു. അതു കെടുകാര്യസ്ഥതകൊണ്ടു മാത്രമല്ലാത്തതിനാൽ മന്ത്രിയെയും എൻടിഎ ഡയറക്ടർ ജനറലിനെയും ജീവനക്കാരെയും മാറ്റി പ്രതിഷ്ഠിച്ചതുകൊണ്ടു മാത്രമായില്ല. വിദ്യാർഥികളും അധ്യാപകരും മതേതരസമൂഹവും ജാഗ്രത പാലിക്കണം.
കോളജുകളിലേക്കും സർവകലാശാലകളിലേക്കുമുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾ, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കായി ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായാണ് യുജിസി നെറ്റ് പരീക്ഷ നടത്തിയത്. ലക്ഷങ്ങൾ പരീക്ഷ എഴുതി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകളിൽ ഒട്ടേറെ പിഴവുകളും ചോദ്യങ്ങളുടെ ആവര്‍ത്തനവും ഉണ്ടായതായി എന്‍ടിഎ സമിതിയാണ് കണ്ടെത്തിയത്. ഇംഗ്ലീഷ് പരീക്ഷയിലെ 150 ചോദ്യങ്ങളില്‍ 67എണ്ണം 2024 പരീക്ഷയിലെ ചോദ്യങ്ങളോടു സാമ്യമുള്ളവയായിരുന്നു. സോഷ്യോളജി പരീക്ഷയിൽ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളടക്കം തെറ്റി. വ്യാകരണപ്പിഴവുകൾ വേറെ. പുനഃപരീക്ഷ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തും. വിദ്യാർഥികളുടെ രണ്ടര മാസം പാഴായി. ആരുമില്ല ഉത്തരവാദികൾ. പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയം അടിമുടി പാളിയതും നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ 2024ലും 2026ലും ചോർന്നതും ഉൾപ്പെടെ നിരവധി പരീക്ഷാ ക്രമക്കേടുകൾ പരിഗണിച്ചാൽ ഈ ഏജൻസിക്ക് ഒരു പ്രൈമറി സ്കൂൾ പരീക്ഷപോലും നടത്താന്‍ ശേഷിയില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. പിരിച്ചുവിടുക മാത്രമാണ് പോംവഴിയെന്ന് വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലാകേണ്ട എൻടിഎ പ്രവർത്തിച്ചത് 24 സ്ഥിരം ജീവനക്കാരെയും 197 കരാർ-പുറം തൊഴിലാളികളെയും ആശ്രയിച്ചാണെന്ന വാർത്ത നടുക്കുന്നതായിരുന്നു. ചോദ്യക്കടലാസ് ചോർച്ച വിവാദമായതോടെ 47 കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെത്തുടർന്ന് വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷി ‘ബിൽഡ് ന്യൂ എൻടിഎ’ എന്ന പേരിൽ വിവിധ തസ്തികകളിലേക്കു നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. പക്ഷേ, ഇതും കരാർ അടിസ്ഥാനത്തിലാണ്. ഓരോ വിദ്യാർഥിയുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന ശക്തവും സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച തികയുംമുന്പാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. അതിനു 10 ദിവസം മുന്‍പാണ്, പൊതുപരീക്ഷാ (അനുചിത മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ 2026 പാർലമെന്റ് പാസാക്കിയെന്നും അതു പരീക്ഷാ സമ്പ്രദായത്തെ കരുത്തുറ്റതാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയത്. പ്രത്യേക കർമസേന, അതിവേഗ കോടതികൾ, സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചന... ഒന്നും ഫലിച്ചില്ല. അതിനിടെയാണ് നെറ്റും കീറിയത്!
2018ൽ സൊസൈറ്റിയായി വിദ്യാഭ്യാസ മന്ത്രാലയം രജിസ്റ്റർ ചെയ്ത എൻടിഎയെ പാർലമെന്ററി പരിശോധനയുടെ പരിധിയിൽനിന്നു മാറ്റിനിർത്തിയതും അക്കൗണ്ടുകൾ സിഎജി (കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) നേരിട്ട് ഓഡിറ്റ് ചെയ്യുന്നതിന് പകരം സിഎജിക്കു കീഴിലുള്ള സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ഏൽപ്പിച്ചതും, നിർണായക ജോലികൾ വേണ്ടപ്പെട്ടവർക്കു കരാർകൊടുത്തതുമൊക്കെ ദുരൂഹമാണ്. പാർലമെന്റിന്റെയോ സർക്കാരിന്റെയോ നിയന്ത്രണങ്ങൾ ഒഴിവാക്കി രാഷ്ട്രീയ താത്പര്യങ്ങൾക്കുള്ള കാര്യാലയമായി എൻടിഎയെ ചുരുക്കിക്കളഞ്ഞവർക്ക്, കെടുകാര്യസ്ഥതയും അഴിമതിയും അവഗണിച്ചും അതിനെ സംരക്ഷിക്കേണ്ടിവന്നിരിക്കുന്നു. 2024ലെ ചോദ്യപേപ്പർ ചോർച്ച മുതൽ ഉപദേശവും താക്കീതുമല്ലാതൊന്നും കോടതികളിൽനിന്നുപോലും ഉണ്ടാകുന്നില്ല. പരീക്ഷ നടത്തിയും റദ്ദാക്കിയും ചോദ്യപേപ്പർ വിറ്റും വിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ കോടിക്കണക്കിനാളുകളുടെ ജീവിതം തട്ടിക്കളിക്കുന്ന എൻടിഎയ്ക്കെതിരേ ചുവപ്പുകാർഡുയർത്തുന്നില്ല. രാഷ്ട്രീയ റഫറിമാരുള്ളിടത്തോളം എൻടിഎ ഔട്ടാകില്ല.