അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപതുവർഷം കഠിനതടവ്. പുന്നപ്ര സ്വദേശി അരുണിനെയാണ് (28) ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ 70,000 രൂപ പിഴയും പ്രതി കൊടുക്കണം. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ആണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ നടപടികൾക്കു പുറമേ പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും.
2024 മേയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. വണ്ടാനം മെഡിക്കൽ കോളജിലെ പന്ത്രണ്ടാം വാർഡിൽ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. രാവിലെ 11ന് പെൺകുട്ടി ബാത്റൂമിൽ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു കോടതിയിൽ ഹാജരായി. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽനിന്ന് ഒരു ഭാഗം ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.