ഡൽഹിയിലെ കൽക്കാജിയിൽ ആസ്ത കുഞ്ജ് പാർക്കിന് സമീപം 17 വയസുള്ള പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ ദാരുണ സംഭവത്തിന് പിന്നാലെ, സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും വീണ്ടും രാജ്യത്ത് വലിയ ചർച്ചയാവുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ തെരുവിലിറങ്ങി വൻ പ്രക്ഷോഭം സംഘടിപ്പിച്ചു. മിറാൻഡ ഹൗസ്, ലേഡി ശ്രീറാം, ഗാർഗി, കമല നെഹ്റു തുടങ്ങിയ പ്രമുഖ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികളും ക്വീർ സമൂഹത്തിൽ നിന്നുള്ളവരും ചേർന്നാണ് ഈ പോരാട്ടത്തിന് നേതൃത്വം നൽകിയത്.
സുരക്ഷയുടെ പേരിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ വീണ്ടും വിലക്കുകൾ അടിച്ചേൽപ്പിക്കുന്ന അധികൃതരുടെ രീതിയെ പ്രതിഷേധക്കാർ ശക്തമായി ചോദ്യം ചെയ്തു.
"ഹം ഔരത്തേൻ ആസാദ് ഹൈൻ" (ഞങ്ങൾ സ്ത്രീകൾ സ്വതന്ത്രരാണ്) എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച മാർച്ചിൽ, ഭയമില്ലാതെ ജീവിക്കാനും പൊതുയിടങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള അവകാശം പെൺകുട്ടികൾ ഉറക്കെ പ്രഖ്യാപിച്ചു.
പീഡനങ്ങൾ തടയാൻ പെൺകുട്ടികളുടെ യാത്രകളെയും വസ്ത്രധാരണത്തെയും സമയപരിധികളെയും നിയന്ത്രിക്കുന്നതിന് പകരം കുറ്റവാളികളെ അകത്താക്കാനും അവരുടെ മനോഭാവം പരിശോധിക്കാനുമാണ് സമൂഹം തയ്യാറാകേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടി.
സർഗാത്മകമായ പ്ലക്കാർഡുകളും ശക്തമായ മുദ്രാവാക്യങ്ങളുമാണ് ഇത്തവണത്തെ പ്രതിഷേധത്തെ വേറിട്ടതാക്കിയത്. സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്ന രീതിക്കെതിരെയും പുരുഷാധിപത്യ ചിന്താഗതികൾക്കെതിരെയും വിദ്യാർഥികൾ ഹാസ്യവും പരിഹാസവും ആയുധമാക്കി.
നിർഭയ സംഭവത്തിന് ശേഷവും രാജ്യത്ത് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഓർമ്മിപ്പിച്ച പ്രതിഷേധക്കാർ, മൗനം വെടിഞ്ഞ് അനീതിക്കെതിരെ ശബ്ദമുയർത്താൻ എല്ലാവരോടും ആഹ്വാനം ചെയ്തു.
ജെൻ-സി വെറും സോഷ്യൽ മീഡിയ റീലുകൾ ഉണ്ടാക്കാൻ മാത്രമല്ല, തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങി പോരാടാനും പ്രാപ്തരാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്രക്ഷോഭം.