ന്യൂഡൽഹി: ഡൽഹിയിലെ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നു വീണ് രണ്ട് കുട്ടികളും നാലു മാസം ഗർഭിണിയായ യുവതിയും ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം 3:30-ഓടെയാണ് വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരി പ്രദേശത്ത് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ എട്ട് പേരെ രക്ഷപ്പെടുത്തി താഹിർപൂരിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊമിൻ മിർജ (56), അബ്ദാൻ (3), അബ്ദുൾ റഹ്മാൻ (28), ദേവ്റുദ്ദീൻ (28), സാൽമ (50), ഛോട്ടെ (34), സകീന (35), സമദ് (30) എന്നിവരാണ് ചികിത്സയിലുള്ളത്. 12 വയസുള്ള പെൺകുട്ടി, നാല് മാസം ഗർഭിണിയായ ഗുലാഫ്സ (21) എന്നിവരാണ് മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞവർ.
ഉത്തരാഖണ്ഡിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഡൽഹി-എൻസിആർ മേഖലയിലുണ്ടായ കുലുക്കത്തിൽ കെട്ടിടത്തിന് വിള്ളലുകൾ വീണിരുന്നതായി പ്രദേശവാസികൾ ആരോപിച്ചു. എന്നാൽ അന്വേഷണത്തിന് ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ഡൽഹി ഫയർ സർവീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഗതാതതടസം ഒഴിവാക്കാൻ ജനങ്ങൾ ആ ഭാഗത്തേക്ക് പോകരുതെന്ന് ഡൽഹി ട്രാഫിക് പൊലിസ് അഭ്യർത്ഥിച്ചു.