പോടുവന്ന പല്ലിൽ പഴുപ്പുവരുന്ന അവസ്ഥയ്ക്കാണ് ദന്തൽ ആബ്സസ് -പല്ലിലെ പഴുപ്പ്- എന്നു പറയുന്നത്. പഴുപ്പു വന്ന പല്ലിനെ ആബ്സസ് ടൂത്ത് എന്നു പറയുന്നു. ഇതു വളരെ വേദനയുണ്ടാക്കുന്നതാണ്. രോഗാണുക്കളുടെ ഒരു കോളനി തന്നെ ഈ പഴുപ്പിൽ ഉണ്ടാകും.
പ്രധാനമായും മൂന്നു തരത്തിലാണ് ആബ്സസ്(പഴുപ്പ്).
1. പെരി അപ്പിക്കൽ ആബ്സസ്
2. ജിഞ്ചൈവൽ ആബ്സസ്
3. പെരിയോഡോണ്ഡൽ ആബ്സസ്
പെരിഅപ്പിക്കൽ ആബ്സസ്
പല്ലുകൾക്കുള്ളിലെ ഞരന്പുകളും രക്തക്കുഴലുകളും അടങ്ങുന്ന പൾപ്പ് എന്ന ഭാഗത്തിന് ഉണ്ടാകുന്ന പഴുപ്പ് വേരിന്റെ അടിയിൽ എത്തി ക്ഷതമായി മാറുന്നു. വേരുമായി ബന്ധപ്പെട്ട സ്ഥലത്ത് ഇത് കുമളിച്ചുവരുന്നു. ഇതിനോടൊപ്പം പഴുപ്പ് പൊട്ടി പുറത്തേക്കു വരാം. വേദനയും, നീരുമുണ്ടാവും.
ചികിൽസ:
റൂട്ട് കനാൽ ചികിൽസയ്ക്കുശേഷം ക്യാപ്പിടുന്ന ചികിൽസയും കൂടി ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
ജിഞ്ചൈവൽ ആബ്സസ് (ഗം ആബ്സസ്)
ഇതിന്റെ തുടക്കം മോണപഴുപ്പിൽ നിന്നാണ്. ഏതെങ്കിലും കാരണത്താൽ മോണയിൽ മുറിവുണ്ടായാലും അത് ആബ്സസായി മാറാം. ഇത് മോണയിൽ മാത്രമായി കാണുന്നു. പല്ലിനെയും പല്ലുമായി ബന്ധപ്പെട്ട ലിഗമെന്റിനെയും ഇത് ബാധിക്കുന്നില്ല.
ചികിൽസ:
മൈനർ സർജറി നടത്തി പരിഹരിക്കാവുന്ന പ്രശ്നമാണിത്. മോണയുടെ ചികിൽസയും, ആവശ്യമെങ്കിൽ റൂട്ട്കനാലും ക്യാപ്പും ചെയ്താൽ പൂർണമായും ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
പെരിയോഡോണ്ഡൽ ആബ്സസ്
തുടക്കം മോണവീക്കത്തിൽ നിന്നും പഴുപ്പിൽ നിന്നുമാണ്. ക്രമേണ പല്ലിന്റെ അടിത്തറയായ എല്ലിനെയും ലിഗമെന്റിനെയും ഇതു ബാധിക്കുന്നു. പല്ലിൽ തൊടുന്പോൾ ഇളക്കം അനുഭവപ്പെടും. പല്ലിന്റെയും മോണകളുടെയും ഇടയിൽ ഭക്ഷണം കയറുകയും രോഗാണുബാധയുണ്ടാകുകയും ചെയ്യും.
ചികിൽസ:
പെരിയോഡോണ്ടൽ ഫ്ളാപ്പ് സർജറിയാണ് ഇതിന്റെ ചികിൽസ. മോണയും പല്ലുമായി കൂടുന്ന സ്ഥലത്തെ അഴുക്കുകളും കട്ടിയായി പിടിച്ചിരിക്കുന്ന ചെത്തലും ക്ലീൻ ചെയ്യുന്നു. മരവിപ്പിച്ചതിനുശേഷമാണ് ഈ ചികിൽസ തുടങ്ങുന്നത്. വേരു തുടങ്ങുന്ന ഭാഗത്ത് ചെത്തലും അഴുക്കും പിടിക്കുവാനുള്ള സാധ്യതയുണ്ട്. ഈ സാധ്യത പൂർണമായും ഇല്ലാതാക്കാൻ ഈ ചികിൽസ വഴി സാധിക്കുന്നു. എന്നാൽ ഈ ചികിൽസയ്ക്കു ശേഷമുള്ള ദന്തപരിചരണം വളരെ പ്രാധാന്യമുള്ളതാണ്. ഇതിനു ശേഷം വായ ശുചിയായി സൂക്ഷിച്ചാൽ മാത്രമേ ഈ ചികിൽസക്ക് പൂർണ്ണമായും പ്രയോജനം ലഭിക്കൂ.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903