പ്രതീകാത്മകചിത്രം
ചില സമയത്ത് വേരുമായി ബന്ധപ്പെട്ട് പല്ലിനു വേദന ഉണ്ടാകാം. ചിലപ്പോൾ മോണയിലോ മോണയ്ക്കും പല്ലുകൾക്കും ഇടയിലാകാം. വളരെ സാധാരണയായി കണ്ടുവരുന്ന വേദന പോടുവന്ന പല്ലുകളിലെ വേദനയാണ്. പോടുവന്ന പല്ലിൽ പഴുപ്പുവരുന്ന അവസ്ഥയ്ക്കാണ് ദന്തൽ ആബ്സസ് -പല്ലിലെ പഴുപ്പ്- എന്നു പറയുന്നത്. പഴുപ്പു വന്ന പല്ലിനെ ആബ്സസ് ടൂത്ത് എന്നു പറയുന്നു. ഇതു വളരെ വേദനയുണ്ടാക്കുന്നതാണ്. രോഗാണുക്കളുടെ ഒരു കോളനി തന്നെ ഈ പഴുപ്പിൽ ഉണ്ടാകും.
പല്ലുപഴുപ്പ്- കാരണങ്ങൾ
1. പ്രധാനകാരണം ദന്തക്ഷയം തന്നെയാണ്. പോടുകൾ ഉണ്ടായാൽ ഇത് ഞരന്പുകളെയും രക്തക്കുഴലുകളെയും ബാധിച്ചാൽ പഴുപ്പ് ഉണ്ടാകുന്നു.
2. കുഞ്ഞുങ്ങളുടെ ആദ്യം ഉണ്ടാകുന്ന ദന്ത നിരയിൽ പോടു വഴി പഴുപ്പ് ഉണ്ടാകുന്നത് വേദനയ്ക്കും പഴുപ്പിനും കാരണമാകുന്നു. പുതുതായി അടിയിൽ നിന്നു വരേണ്ട പല്ലുകൾക്ക് പോടുണ്ടാകാനും ഇതു കാരണമാകുന്നു.
3. അപകടങ്ങളിൽ പല്ലുകൾക്ക് ക്ഷതം സംഭവിച്ചാൽ കാലക്രമേണ നിറം മാറുകയും പഴുപ്പുണ്ടാകുകയും ചെയ്യുന്നു.
പരിശോധനകൾ
ദന്തഡോക്ടറെ സന്ദർശിച്ചു പ്രശ്നം പറഞ്ഞാൽ വായ്ക്കുള്ളിൽ ലൈറ്റടിച്ച് പരിശോധിക്കുന്നതിലൂടെ ഏതു പല്ലിനാണ് പ്രശ്നം എന്നു കണ്ടുപിടിക്കാനാവും.വേദനയുണ്ടെങ്കിൽ അതിന്റെ സ്വഭാവം അനുസരിച്ച് പ്രശ്നം എന്താണെന്നും കണ്ടു പിടിക്കാൻ ഡോക്ടർക്കു കഴിയും. ചൂടിനോടും തണുപ്പിനോടും ഉള്ള പല്ലിന്റെ പ്രതികരണം വേദനയാണോ പുളിപ്പാണോ എന്നും പരിശോധിക്കാം.
ഇതിനോടൊപ്പം എക്സ്റേയും കൂടി പരിശോധിച്ചാർ എന്താണു പ്രശ്നം എന്നു മനസിലാക്കാം. പല്ലുകൾ പൊടിഞ്ഞു പോയി കുറ്റിയായി നിൽക്കുന്നനിൽ നിന്ന് പഴുപ്പുണ്ടാകാൻ സാധ്യതയുണ്ട്. കുറ്റിപ്പല്ല് നിർബന്ധമായും നീക്കം ചെയ്യേണ്ടതാണ്. പല്ലിലുണ്ടാകുന്ന പഴുപ്പ് ചികിൽസിച്ചില്ലെങ്കിൽ പല്ലു നഷ്ടപ്പെടും. മുകൾ മോണയിലെയോ, താടിയെല്ലിലെയോ മറ്റു സ്ഥലങ്ങളിലേക്കു പഴുപ്പ് ബാധിക്കാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു പഴുപ്പ് ബാധിക്കാം.
ചികിൽസകൾ
- പല്ലിലുണ്ടാവുന്ന പോടുകൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് ചികിൽസ ലഭ്യമാക്കിയാൽ പഴുപ്പുണ്ടാകുന്നത് ഒരു പരിധിവരെ ഇല്ലാതാക്കാം.
- ഏതെങ്കിലും തരത്തിൽ അപകടങ്ങളിലോ ഇടിയിലോ പല്ലിന് ആഘാതമുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് ചികിൽസിച്ചാൽ പഴുപ്പുണ്ടാകുന്നത് തടയാം.
- റൂട്ട് കനാൽ ചികിൽസയും ആവശ്യമെങ്കിൽ എപ്പിസക്റ്റ്മി (വേരിന്റെ അടിയിലെ പഴുപ്പ് നേരിട്ട് എടുത്ത് കളയുന്ന രീതി) ചെയ്താൽ ടൂത്ത് ആബ്സസ് പരിഹരിക്കാവുന്നതാണ്.
- മോണയിലുണ്ടാവുന്ന പഴുപ്പ് സർജറി നടത്തി ക്ലീൻ ചെയ്ത് പരിഹരിക്കാവുന്നതാണ്.
- മോണയുടെ പഴുപ്പ് ചികിൽസിച്ചു മാറ്റിയിട്ടും പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നുണ്ടെങ്കിൽ ഫില്ലിങ്ങിലുടെയോ ക്യാപ്പിങ്ങിലുടെയോ ഈ പ്രശ്നം പരിഹരിക്കണം.
വേദന സംഹാരി മരുന്നു കഴിച്ചാൽ താത്കാലികമായി വേദന മാറുമെങ്കിലും പ്രശ്നത്തെ വേരോടെ ചികിൽസിച്ചു മാറ്റണം. അതിന് ഒരു ഡോക്ടറുടെ സേവനം തന്നെ ആവശ്യമാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Tags : dental abscess gum infection Dental Abscess Causes HealthNews FamilyHealth