ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
നിത്യജീവിതത്തിൽ അനുഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റിയും ദഹനക്കേടും.
എരിവുള്ള ഭക്ഷണം കഴിക്കുമ്പോഴോ, സമയം തെറ്റി ആഹാരം കഴിക്കുമ്പോഴോ ഉണ്ടാകുന്ന നെഞ്ചെരിച്ചിലും വയറ്റിലെ അസ്വസ്ഥതയും പലരും അന്റാസിഡ് ഗുളികകൾ കഴിച്ച് താത്കാലികമായി ശമിപ്പിക്കാറാണ് പതിവ്.
എന്നാൽ വിട്ടുമാറാതെ നിൽക്കുന്ന ദഹനക്കേട് വെറുമൊരു അസിഡിറ്റി മാത്രമാകണമെന്നില്ല. ആമാശയത്തിലോ ദഹനവ്യവസ്ഥയിലോ ഉണ്ടാകുന്ന അർബുദങ്ങളുടെ പ്രാരംഭ സൂചനയാകാം ഇത്.
ഡോക്ടറുടെ കുറിപ്പടിയൊന്നുമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന ആന്റാസിഡുകൾ അമിതമായി കഴിച്ച് താത്കാലിക ആശ്വാസം കണ്ടെത്തുന്നത് രോഗനിർണയം വൈകിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം.
അസിഡിറ്റിയും അർബുദ ലക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാം?
സാധാരണയായി അസിഡിറ്റി എന്നത് ഭക്ഷണരീതിയിലോ ജീവിതശൈലിയിലോ വരുത്തുന്ന മാറ്റങ്ങൾ കൊണ്ടോ ചുരുങ്ങിയ കാലയളവിൽ കഴിക്കുന്ന മരുന്നുകൾ കൊണ്ടോ പൂർണമായും മാറുന്ന ഒന്നാണ്.
എന്നാൽ ദഹനവ്യവസ്ഥയെ ബാധിക്കുന്ന അർബുദങ്ങളുടെ പ്രാരംഭഘട്ടത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ തുടർച്ചയായി നിലനിൽക്കുകയും കാലക്രമേണ തീവ്രമാവുകയും ചെയ്യും.
അന്റാസിഡ് ഗുളികകൾ കഴിക്കുമ്പോൾ ഇത്തരം ലക്ഷണങ്ങൾ താത്കാലികമായി കുറയുമെങ്കിലും അർബുദ കോശങ്ങളുടെ വളർച്ച ഉള്ളിൽ തുടരുക തന്നെ ചെയ്യും.
ശ്രദ്ധിക്കേണ്ട പ്രധാന പ്രാരംഭ ലക്ഷണങ്ങൾ
അസിഡിറ്റിയുടെ മറവിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതും എന്നാൽ അടിയന്തരമായി വൈദ്യസഹായം തേടേണ്ടതുമായ പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
തുടർച്ചയായ ദഹനക്കേടും നെഞ്ചെരിച്ചിലും: ആഴ്ചകളോളം തുടർച്ചയായി അനുഭവപ്പെടുന്ന ദഹനക്കേട്, വയറു വീർക്കുന്ന അവസ്ഥ, നെഞ്ചെരിച്ചിൽ എന്നിവ സാധാരണ പ്രതിവിധികളിലൂടെ മാറുന്നില്ലെങ്കിൽ ശ്രദ്ധിക്കുക.
കുറച്ചു കഴിക്കുമ്പോഴേക്കും വയറ് നിറയുന്ന അവസ്ഥ: സാധാരണ കഴിക്കുന്ന അളവിൽ ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരികയും കുറച്ച് കഴിക്കുമ്പോഴേക്കും വയറ് നിറഞ്ഞതുപോലെ അനുഭവപ്പെടുകയും ചെയ്യുന്നത് ആമാശയ അർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.
കാരണമില്ലാതെ ശരീരഭാരവും വിശപ്പും കുറയുക: പ്രത്യേക ഡയറ്റുകളോ വ്യായാമമോ ഇല്ലാതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കടുത്ത വിശപ്പില്ലായ്മയും ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്.
ഭക്ഷണം വിഴുങ്ങുമ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്: ആഹാരം കഴിക്കുമ്പോൾ തൊണ്ടയിലോ നെഞ്ചിന്റെ ഭാഗത്തോ തടസം അനുഭവപ്പെടുകയോ വേദന തോന്നുകയോ ചെയ്യുന്നത് അന്നനാളം അഥവാ ആമാശയത്തിന്റെ മുകൾഭാഗത്തെ ബാധിക്കുന്ന തടസങ്ങളുടെ ലക്ഷണമാകാം.
ഛർദ്ദിയും മലത്തിന്റെ നിറത്തിൽ കാണപ്പെടുന്ന വ്യത്യാസവും: ഛർദ്ദിയിൽ രക്തത്തിന്റെ അംശം കാണുകയോ, ഛർദ്ദിക്കുകയോ ചെയ്യുന്നത് അപകടസൂചനയാണ്. കൂടാതെ മലം കറുത്ത നിറത്തിൽ പോകുന്നതും ദഹനവ്യവസ്ഥയിലെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണമാണ്.
ക്ഷീണവും വിളർച്ചയും: ദഹനവ്യവസ്ഥയിലെ രക്തസ്രാവം കാരണം ഹീമോഗ്ലോബിന്റെ അളവ് കുറയുകയും രോഗിക്ക് വിട്ടുമാറാത്ത ക്ഷീണവും തലകറക്കവും അനുഭവപ്പെടുകയും ചെയ്യാം.
അന്റാസിഡുകളുടെ അമിതോപയോഗം വരുത്തുന്ന വിന
സ്വയംചികിത്സയുടെ ഭാഗമായി കഴിക്കുന്ന ഗുളികകൾ അസിഡിറ്റിയുടെ തീവ്രത കുറയ്ക്കാൻ സാധിക്കും. എന്നാൽ രോഗത്തിന് അല്ല മറിച്ച് ലക്ഷണത്തിനാണ് മരുന്നുകൾ കഴിക്കുന്നത് എന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല.
ഈ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ മാറുകയും അർബുദം കൂടുതൽ രൂക്ഷമായ ഘട്ടങ്ങളിലേക്ക് എത്തുമ്പോൾ മാത്രമായിരിക്കും പലരും വിദഗ്ധ സഹായം തേടുക.
പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ദഹനവ്യവസ്ഥാ അർബുദങ്ങൾ, രോഗനിർണയം വൈകുന്നതു കൊണ്ടുമാത്രം സങ്കീർണമാകുന്നു.
ഉയർന്ന അപകടസാധ്യതയുള്ളവർ
ശരിയായ രോഗനിർണയ മാർഗങ്ങൾ
രണ്ടു ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ദഹനക്കേടോ അസിഡിറ്റിയോ ഉണ്ടെങ്കിൽ ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.
പ്രതിരോധവും മുൻകരുതലുകളും
എല്ലാ അസിഡിറ്റിയും അർബുദമല്ല! എന്നാൽ വിട്ടുമാറാതെ നിലനിൽക്കുന്ന അസിഡിറ്റി ശരീരത്തിന്റെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പാണ്.
അന്റാസിഡുകൾ കഴിച്ച് രോഗലക്ഷണങ്ങളെ അടിച്ചമർത്താതെ കൃത്യസമയത്ത് വിദഗ്ധ പരിശോധന നടത്തുന്നത് രോഗനിർണയത്തിനും അനുബന്ധ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനും സഹായിക്കും.
അതിനാൽ ലക്ഷണങ്ങൾ തിരിച്ചറിയുക ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.
വിവരങ്ങൾ: ഡോ. അരുൺ പി.ടി
സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്.
Tags : StomachCancer Heartburn Indigestion Cancer FamilyHealth