കോഴിക്കോട്: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേരളം. 2026 ഖാരിഫ് സീസണ് മുതല്‍ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന (പിഎംഎഫ്ബിവൈ) യ്ക്ക് കീഴില്‍ വന്യജീവി ആക്രമണം മൂലമുള്ള വിളനാശം അധിക ഇന്‍ഷ്വറന്‍സ് പരിരക്ഷയായി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തിലാണ് നടപടി.
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള രൂപരേഖ സംയുക്തമായി തയാറാക്കാന്‍ വനം, കൃഷി വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വനം, കൃഷി വകുപ്പുകള്‍, അഗ്രികള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി മൂന്നാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
നിലവില്‍ സംസ്ഥാനത്തെ നഷ്ടപരിഹാര വിതരണ സംവിധാനം കാര്യക്ഷമമല്ല. കര്‍ഷകര്‍ക്കു നേരിട്ട യഥാര്‍ഥ നഷ്ടത്തേക്കാള്‍ കുറവ് തുകയാണ് കാലതാമസത്തിനൊടുവില്‍ വനംവകുപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ സമയബന്ധിതമായി അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ക്രമീകൃത വിള ഇന്‍ഷ്വറന്‍സ് സംവിധാനം അനിവാര്യമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഒക്ടോബറില്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
കേരളത്തില്‍ നിലവിലുള്ളത് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സാണ്. ഈ പദ്ധതിയില്‍ ആഡ്-ഓണ്‍ പരിരക്ഷയായി വന്യജീവി ശല്യം മൂലമുള്ള കൃഷിനാശം ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ഇനി ഇതിനുള്ള പ്രായോഗിക രൂപരേഖയാണ് വനം-കൃഷി വകുപ്പുകള്‍ സംയുക്തമായി തയാറാക്കേണ്ടത്.
പദ്ധതി പ്രാവര്‍ത്തികമാകണമെങ്കില്‍ ആന, കാട്ടുപന്നി, മാന്‍, കുരങ്ങ് തുടങ്ങി കൃഷി നശിപ്പിക്കുന്ന വന്യജീവികളുടെ പട്ടികയും വന്യജീവിശല്യം രൂക്ഷമായ ജില്ലകളും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യണം. വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് എടുക്കുമ്പോള്‍ വന്യജീവി ശല്യത്തിനുള്ള ആഡ്-ഓണ്‍ കവര്‍കൂടി തെരഞ്ഞെടുക്കാം. ഇതിന് നിശ്ചിത തുക അധിക പ്രീമിയം ഉണ്ടാകും. സംസ്ഥാന സര്‍ക്കാരിന് പ്രീമിയം സബ്സിഡി അനുവദിക്കാം.
വിളനാശം സംഭവിച്ച് 72 മണിക്കൂറിനുള്ളില്‍ കര്‍ഷകര്‍ ക്രോപ് ഇന്‍ഷ്വറന്‍സ് ആപ് വഴി ജിയോ ടാഗ് ചെയ്ത ഫോട്ടോകള്‍ സഹിതം വിവരം റിപ്പോര്‍ട്ട് ചെയ്യണം. ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധി, കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കര്ഷകന് എന്നിവരടങ്ങുന്ന സംയുക്ത സംഘം കൃഷിയിടം നേരിട്ട് സന്ദര്‍ശിച്ച് നാശനഷ്ടം തിട്ടപ്പെടുത്തും.
സാങ്കേതികവിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ഉറപ്പാക്കാന്‍ വിള ഇന്‍ഷ്വറന്‍സ് സംവിധാനം വഴിതെളിക്കും.