ബംഗാളിനെ ഒന്നര പതിറ്റാണ്ട് അടക്കിഭരിച്ച തീപ്പൊരി നേതാവ് മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും തേരോട്ടത്തിന് ബിജെപി കടിഞ്ഞാണിട്ടതു വ്യക്തമായ തന്ത്രങ്ങളിലൂടെ. ഇടതുപക്ഷവും കോൺഗ്രസും ദുർബലമായപ്പോൾ പതിയെപ്പതിയെ മമതയെ നേരിടാനുള്ള ദൗത്യം ബിജെപി ഏറ്റെടുക്കുകയായിരുന്നു.
2021ൽ ബിജെപിയുടെ ദൗത്യം ഏറെക്കുറെ വിജയിച്ചെങ്കിലും ലക്ഷ്യത്തോടടുത്തില്ല. എന്നാൽ ഇക്കുറി ലക്ഷ്യം സഫലമാകുകയായിരുന്നു. ഡൽഹിയുമായി വഴക്കിടുകയെന്നത് വർഷങ്ങളായി ബംഗാൾ ഭരണരാഷ്ട്രീയത്തിന്റെ ശീലമാണ്. ബുദ്ധദേവ് ഭരണത്തിന്റെ അവസാനവർഷങ്ങളിൽ അതു കുറഞ്ഞെങ്കിൽ മമത അതിന്റെ തീവ്രത കൂട്ടാനാണു ശ്രമിച്ചിട്ടുള്ളത്. ഇതിനുകൂടിയാണ് ബിജെപി തടയിട്ടിരിക്കുന്നത്.
മമത ബാനര്‍ജിയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും എന്നാല്‍ തിളക്കമാര്‍ന്നതുമായ വിജയമായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേത്. ബിജെപിയുടെ ശക്തമായ പ്രചാരണങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് 294 അംഗ നിയമസഭയില്‍ 215ലധികം സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം തവണയും അധികാരത്തിലെത്തിയത്. കാലിനു പരിക്കേറ്റിട്ടും വീല്‍ചെയറിലിരുന്ന് സംസ്ഥാനത്തുടനീളം അവര്‍ നടത്തിയ പ്രചാരണം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഇടതുപക്ഷത്തിന്റെ പതനവും മമതയുടെ രംഗപ്രവേശവും
ഇന്ദിരാഗാന്ധിക്ക് നെഹ്റുവും ജയലളിതയ്ക്ക് എംജിആറും മായാവതിക്ക് കാൻഷി റാമുമുണ്ടായിരുന്നെങ്കിൽ മമത ബാനർജിയുടെ വിജയത്തിനു പിന്നിൽ സ്ത്രീയോ പുരുഷനോ ഇല്ലായിരുന്നു. സാമാന്യബുദ്ധിയും അതിനൊത്ത തന്ത്രങ്ങളുമാണ് അവരെ നയിച്ചത്.
സ്വാതന്ത്ര്യത്തിനുശേഷം 33 വർഷത്തോളം കോൺഗ്രസ് അധികാരത്തിലിരുന്ന ബംഗാളിൽ എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് ആ പാർട്ടിയുടെ ശക്തി ക്ഷയിച്ചു. ഇതു മുതലെടുത്ത് ഇടതുപക്ഷം ഭരണത്തിലേറി. ആ ഭരണം 34 വർഷം നീണ്ടു. പ്രതിപക്ഷമില്ലായിരുന്നുവെന്നതാണ് ഭരണം അപ്രതീക്ഷിതമായി 34 വർഷം നീണ്ടതിന് കമ്യൂണിസ്റ്റുകാരും പറയുന്ന പ്രധാന കാരണം. പിളർപ്പിനുശേഷം അവശേഷിച്ച കോൺഗ്രസിലാണ് മമത വളർന്നത്.
മഹിളാ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയുമൊക്കെ നേതാവായി. 1984ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് സോമനാഥ് ചാറ്റർജിയെയാണ് തോൽപ്പിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തുടർന്നങ്ങോട്ട് മമത ബംഗാൾ നേതാവായി കോൽക്കത്ത സൗത്തിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു. തുടർച്ചയായി അഞ്ചു തവണ ലോക്സഭയിലേക്കു വിജയിച്ച് 2011ൽ ലോക്സഭാംഗമായിരിക്കേയാണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. തുടർന്നിങ്ങോട്ട് തുടർച്ചയായി മൂന്നു തവണ മുഖ്യമന്ത്രിയായി.
കോൺഗ്രസ് വിട്ട് തൃണമൂൽ രൂപവത്കരണം
1997 ഓഗസ്റ്റിലാണ് ബംഗാൾ കോൺഗ്രസിൽ മമത കലാപം പ്രഖ്യാപിക്കുന്നത്. കോൽക്കത്തയിൽ നിശ്ചയിച്ച എഐസിസി പ്ലീനറി സമ്മേളനത്തെപ്പോലും പ്രതിസന്ധിയിലാക്കിയ നടപടിയായിരുന്നു അത്. സോണിയ ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശത്തിനു നിശ്ചയിച്ച വേദിയെന്ന പ്രാധാന്യവുമുള്ളതായിരുന്നു പ്ലീനറി. ഇന്ദിരയും രാജീവുമില്ലാത്ത കോൺഗ്രസിൽ എന്തുണ്ടെന്ന ചോദ്യമെറിഞ്ഞ് മമത കോൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടത്തിയ റാലിയിൽ മൂന്നു ലക്ഷം പേർ പങ്കെടുത്തു.
തൃണമൂൽ കോൺഗ്രസ് കമ്മിറ്റി (ടിസിസി) എന്നൊരു സംഘടനയാണ് മമത അന്നു പ്രഖ്യാപിച്ചത്. 1998 ജനുവരി മുതൽ അത് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസായി. തുടർന്ന് ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരേയുള്ള പോരാട്ടം ശക്തമാക്കുകയായിരുന്നു. കര്‍ഷകര്‍ക്കായി നടത്തിയ പോരാട്ടങ്ങളാണ് അവരെ സാധാരണക്കാരുടെ ‘ദീദി’യാക്കി മാറ്റിയത്. ഈ ജനപിന്തുണയുടെ കരുത്തില്‍ 2011ല്‍ പശ്ചിമ ബംഗാളിലെ 34 വര്‍ഷം നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യം കുറിച്ച് മമത ബാനര്‍ജി ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേറ്റു. ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന നേട്ടവും ഇതോടെ അവര്‍ക്കു സ്വന്തമായി.
ആഞ്ഞടിച്ച് ഭരണവിരുദ്ധ വികാരം
കന്യാശ്രീ, ലക്ഷ്മീ ഭണ്ഡാര്‍ തുടങ്ങിയ ജനപ്രിയ ക്ഷേമപദ്ധതികള്‍ സ്ത്രീവോട്ടര്‍മാരെ വലിയ രീതിയില്‍ ആകര്‍ഷിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പ്രധാന രഹസ്യം. എന്നാൽ ഇക്കുറി ഭരണവിരുദ്ധ വികാരവും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും തിരിച്ചടിച്ചുവെന്നു വേണം കരുതാൻ. പ്രത്യേകിച്ച്, 2024ലെ ആർജി കർ മെഡിക്കൽ കോളജ് സംഭവവും അതിനെത്തുടർന്നുണ്ടായ ജനരോഷവും ബിജെപി കൃത്യമായി മുതലെടുത്തു. തൃണമൂലിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്ന വനിതകളിൽ വലിയൊരു വിഭാഗം ഇക്കുറി പാർട്ടിയെ കൈവിട്ടു. 90 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽനിന്നു പിറത്തായി. അത് ഉയർത്തിക്കാട്ടിയുള്ള മമതയുടെ നിയമപോരാട്ടങ്ങളും വോട്ടർമാരെ സ്വാധീനിച്ചില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ധ്രുവീകരണവും "സോനാർ ബംഗ്ല' (സുവർണ ബംഗാൾ) എന്ന മുദ്രാവാക്യമുയർത്തി ബിജെപി നടത്തിയ പ്രചാരണവും ഹിന്ദി പാർട്ടിയെന്ന പ്രതിച്ഛായ മാറ്റാൻ അവരെ സഹായിച്ചു. ഹിന്ദുവോട്ടുകളുടെ ഏകീകരണവും മുസ്ലിം വോട്ടുകൾ ഭിന്നിച്ചുപോയതും ബിജെപിയുടെ വിജയത്തിന് ആക്കം കൂട്ടി. ഗോത്രവർഗ മേഖലയായ ജംഗിൾ മഹലിലും തൃണമൂലിന്റെ കോട്ടകളായ ബിർഭൂം, ഹൂഗ്ലി എന്നിവിടങ്ങളിലും ബിജെപി അപ്രതീക്ഷിത മുന്നേറ്റമാണു നടത്തിയത്.