Kerala
തിരുവനന്തപുരം: കോർപ്പറേഷനിലെ പരാജയത്തിന് പിന്നാലെ മുൻ മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് മുൻ മേയറും വട്ടിയൂർകാവ് എംഎൽഎയുമായ വി.കെ. പ്രശാന്ത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് വിമർശനമുണ്ടായത്.
ആര്യ രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് കനത്ത അഹങ്കാരവും കെടുകാര്യസ്ഥതയും ഉണ്ടായിയെന്നാണ് പ്രധാന വിമര്‍ശനം. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. തെരഞ്ഞെടുപ്പ് പ്രചരണവേളയിലൊന്നും ആര്യ രാജേന്ദ്രൻ പങ്കെടുത്തില്ലെന്നും വിമർശനമുയർന്നു.
കൂടാതെ, ശബരിമല വിവാദം ഇടതുമുന്നണിക്ക് തിരച്ചടിയുണ്ടാക്കിയെന്നും സ്ഥാനാർഥിത്വ നിർണയത്തിൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും പിടിപ്പുകേടുണ്ടായെന്നും വിമർശനമുണ്ടായി.
ശബരിമലയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയന് വെള്ളാപ്പള്ളി നടേശന് ഒപ്പം കാറില്‍ യാത്ര ചെയ്തത്, ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ കൊള്ള തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
നഗരസഭ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നിലെത്താന്‍ കഴിഞ്ഞെങ്കിലും വിജയത്തിന് 2020ലെ തിളക്കമില്ലെന്ന അഭിപ്രായവും ചര്‍ച്ചയായി. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും തിരിച്ചടിയായി. പാര്‍ട്ടിക്ക് മൂന്ന് ജില്ലാ സെക്രട്ടറിമാരുണ്ടെന്ന പ്രതീതിയാണ് പലപ്പോഴും ഉണ്ടായത്.
കോണ്‍ഗ്രസും ബിജെപിയും മികച്ച സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയപ്പോള്‍ സിപിഎം പ്രഖ്യാപനം വൈകി. പലയിടത്തും നേതാക്കള്‍ സ്വയം പ്രഖ്യാപിത സ്ഥാനാർഥികളായി മാറി. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.