കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം.
തെരഞ്ഞെടുപ്പ് പരാജയം മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ മേൽ മാത്രം ചുമത്തേണ്ടെന്നും എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നുമുള്ള ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന വരെ വിമർശന വിധേയമായി.
കൂട്ടായ ഉത്തരവാദിത്വം പാർട്ടി പ്രവർത്തനങ്ങളിൽ എല്ലാവർക്കുമുണ്ടെങ്കിലും തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിൽ പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശൈലി പ്രധാന കാരണമായെന്നായിരുന്നു വിമർശനം. ഇത്തരത്തിലുള്ള ശൈലി തിരുത്തിയേ മതിയാകൂ എന്നും നിർദേശമുയർന്നു.
പരാജയപ്പെടുമ്പോൾ എല്ലാക്കാലത്തും ‘ഞങ്ങൾ പരിശോധിച്ചു വരികയാണ്, പഠിച്ച ശേഷം ആവശ്യമെങ്കിൽ തിരുത്തും’ തുടങ്ങിയ പ്രസ്താവനകളിൽ കാര്യമില്ല. വോട്ടുകളുടെ കണക്കുനിരത്തി പാർട്ടിയുടെ അടിത്തറ ശക്തമാണ് എന്നൊക്കെ പറയുന്ന പതിവുരീതിക്കു പകരം വസ്തുതകൾ വസ്തുതകളായി കാണാന്‍ തയാറാകണം. പാർട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ പലപ്പോഴും പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും ആരോപണം ഉയർന്നു.
സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കാണുമ്പോഴും പ്രവർത്തകരിൽ ചങ്കിടിപ്പേറുന്നുണ്ട്. എന്താണ് അദ്ദേഹം പറയുക എന്നകാര്യത്തിൽ അദ്ദേഹത്തിനുതന്നെ ഉറപ്പില്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ കാണുമ്പോൾ സെക്രട്ടറി കൂടുതൽ ജാഗ്രത പാലിക്കണമെന്നും വിമർശനം ഉയർന്നു.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരേയും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനെതിരേയും രൂക്ഷവിമർശനം ഉയർന്നു. പയ്യന്നൂരിലെ പാർട്ടിക്കുള്ളിലെ ഫണ്ട് ക്രമക്കേട് ഉൾപ്പെടെയുള്ളത് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിക്കാട്ടിയപ്പോഴും ആരോപണവിധേയനോട് ചേർന്നുനിന്ന പാർട്ടി നിലപാട് ജനങ്ങളിൽ പാർട്ടിവിരുദ്ധ വികാരം ഉയർത്താൻ ഇടയാക്കി.
പ്രശ്നം പാർട്ടിക്കുളളിൽ പരിഹരിക്കപ്പെടാൻ ശ്രമിക്കേണ്ടവർ ഇതിനു തയാറായില്ല. ആരോപണവിധേയനായ വ്യക്തിയെതന്നെ വീണ്ടും സ്ഥാനാർഥിയാക്കിയാൽ താൻ മത്സരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണൻ നടത്തിയ പ്രഖ്യാപനത്തെ പാർട്ടി വേണ്ടരീതിയിൽ ഉൾക്കൊള്ളാഞ്ഞതാണ് പയ്യന്നൂരിൽ തോൽവിക്കു കാരണമെന്നും വിമർശനം ഉയർന്നു.
ടി.കെ. ഗോവിന്ദൻ ഉന്നയിച്ച തളിപ്പറമ്പിലെ സ്ഥാനാർഥിവിഷയം വേണ്ട രീതിയിൽ ഉൾക്കൊള്ളാഞ്ഞത് അവിടുത്തെ പരാജയത്തിലേക്ക് നയിച്ചു. തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ വേണ്ട നീക്കങ്ങൾ ഉണ്ടായില്ലെന്നു മാത്രമല്ല ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടാലും ഒരു കുഴപ്പമില്ലെന്നും ടി.കെ. ഗോവിന്ദനൊപ്പം ടി.കെ. ഗോവിന്ദൻ മാത്രമേ ഉണ്ടാകൂ എന്ന എം.വി. ജയരാജന്റെ അഭിപ്രായ പ്രകടനവും പാർട്ടി അനുഭാവികളെ പ്രകോപിച്ചതായും ചിലർ ചൂണ്ടിക്കാട്ടി. യോഗം ഇന്നും തുടരും.
കോഴിക്കോട്: ന്യൂനപക്ഷ വോട്ടുകളുടെ എകീകരണം മുന്‍പില്ലാത്തവിധം ജില്ലയില്‍ ഉണ്ടായെന്നും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുവെന്നും സിപിഎം വിലയിരുത്തല്‍. ഇടതുകോട്ടയായ കോഴിക്കോട്ട് ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച അപ്രതീക്ഷിതമാണെന്നും പാർട്ടി തിരുത്തൽ നടത്തി മുന്നോട്ടുപോകണമെന്നും നേതാക്കൾ
സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും കാര്യമായ വിമര്‍ശനം ഉണ്ടായില്ല. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
കോഴിക്കോട് നോർത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽപ്പോലും ബിജെപി വലിയ മുന്നേറ്റം നടത്തിയെന്ന് നേതാക്കൾ പറഞ്ഞു. ഇതിനൊപ്പം ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം മുമ്പില്ലാത്ത വിധം നടന്നു. സിപിഎമ്മിന് പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത് അപകടമാണ്. പരിഹാരം വേണം. അല്ലെങ്കിൽ ഭാവിയിൽ തിരിച്ചടിയുണ്ടാകും.
എലത്തൂരിൽ സ്ഥാനാർഥിയെ നിർത്തിയതിൽത്തന്നെ വീഴ്ച പറ്റി. അല്ലെങ്കിൽ മണ്ഡലം നഷ്ടമാവില്ലായിരുന്നു. എൽഡിഎഫ് പ്രവർത്തകർ പോലും സജീവമായി പലയിടത്തും പ്രചാരണരംഗത്തിറങ്ങിയില്ല. ജില്ലയിൽ ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല. പേരാമ്പ്രയിൽപ്പോലും ഇടതുകേന്ദ്രങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി മുന്നിലെത്തിയതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. വെള്ളി, ശനി ദിവസങ്ങളിലായാണ് യോഗം നടന്നത്.
Tags : Pinarayi style Criticism Baby Pinarayi CPM District Committee