x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ. പത്മകുമാര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാകും; സസ്‌പെന്‍ഡ് ചെയ്യാനും സാധ്യത

പത്തനംതിട്ട ബ്യൂറോ
Published: March 13, 2026 10:46 AM IST | Updated: March 13, 2026 10:46 AM IST

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. പാര്‍ട്ടയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും ആലോചന. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പത്മകുമാറിനെതിരേയുള്ള നടപടി നീക്കം.

പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാനിടയുള്ളവരും ചില സംസ്ഥാന സമിതിയംഗങ്ങളും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടര്‍ന്ന് നടപടി എടുക്കാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ ദിവസം പത്മകുമാറിനെ പുറത്താക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞെങ്കിലും എ. പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി നിര്‍ദേശങ്ങള്‍ സിപിഎം അംഗീകരിച്ചത്. പാര്‍ട്ടിയില്‍ നിന്നുള്ള കത്തിന് അടിയന്തരമായി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ മാര്‍ച്ച് നാലിനായിരുന്ന പത്മകുമാര്‍ ജയില്‍ മോചിതനായത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍.

സ്വര്‍ണക്കൊള്ള പത്മകുമാറിന്‍റെ അറിവോടെയാണന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു ഇദ്ദേഹത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Tags : A. Padmakumar CPIM Pathanamthitta district committee

Recent News

Corehub Up