പാലക്കാട്: കോപ്ട 2003 നിയമപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടത്തിയ സംയുക്ത പരിശോധനയിൽ 1,04,680 രൂപ പിഴ ഈടാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നഗര ആരോഗ്യ വിഭാഗം, എക്സൈസ്, ആരോഗ്യ വകുപ്പിന്റെ 80 ടീമുകൾ 1205 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ലോക പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി മേയ് 31 മുതൽ ജൂണ് 26 വരെ ജില്ലയിൽ വിപുലമായ കോപ്ട നിയമ ബോധവത്കരണവും പരിശോധനാ പ്രവർത്തനങ്ങളും ശക്തമാക്കും.
പൊതുസ്ഥലങ്ങളിലെ പുകവലി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ പുകയില വില്പന, 18 വയസിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കൽ എന്നിവ കണ്ടെത്തിയാൽ നിയമ പ്രകാരം പിഴ ഈടാക്കും. ജില്ലാ തദ്ദേശ സ്ഥാപനതലങ്ങളിലും വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. സ്കൂളുകൾ, കോളജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ റാലി, സെമിനാർ, പ്രതിജ്ഞ ചൊല്ലൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാലയങ്ങളും പഞ്ചായത്തുകളും പുകയില രഹിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജില്ലയിൽ സജീവമാണ്.
പൊതുജനങ്ങളും സ്ഥാപന ഉടമകളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുകയില ഉത്പന്ന നിരോധന നിയമം 2003 പ്രകാരം പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്ക് 200 രൂപ പിഴശിക്ഷ ലഭിക്കും. സ്ഥാപനങ്ങളുടെ മുൻവശത്ത് ആളുകൾ പുകവലിക്കുന്നതിന് അനുവദിച്ചാൽ സ്ഥാപന ഉടമകൾക്കും പിഴ ചുമത്തും. സ്ഥാപനങ്ങൾക്ക് മുൻവശം എത്ര പേരാണോ പുകവലിക്കുന്നത് അവരിൽ നിന്നും പിരിക്കുന്ന തുല്യ സംഖ്യ സ്ഥാപന ഉടമകളിൽ നിന്നും ഈടാക്കും.
എല്ലാ സ്ഥാപനങ്ങളുടെയും മുൻഭാഗത്ത് പുകവലി വിമുക്ത സ്ഥലം, ഇവിടെ പുകവലി ശിക്ഷാർഹം എന്ന മുന്നറിയിപ്പ് ബോർഡ് നിർബന്ധമായും പ്രദർശിപ്പിക്കണം. ബോർഡ് സ്ഥാപിക്കാത്ത പക്ഷം 200 രൂപ പിഴ ഈടാക്കും.
ലൂസ് സിഗരറ്റ്, ബീഡി, സിഗർ ലൈറ്റ്, ആഷ് ട്രേ തുടങ്ങിയവ പുകയില ഉപയോഗത്തിന് സഹായകമായ രീതിയിൽ കടകളിൽ സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കപ്പെടും.
പുകയില ഉത്പന്നങ്ങളുടെ പരസ്യം, ബ്രാൻഡ് പേര്, ചിത്രം, വില തുടങ്ങി പുകവലി പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ശിക്ഷാർഹമാണ്. 2 മുതൽ 5 വർഷം വരെ തടവോ 1000 രൂപ മുതൽ 5000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഇത്തരം കേസുകളിൽ കോടതി നടപടിയാണ് സ്വീകരിക്കുക.
പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ അനുവദിച്ചിട്ടുള്ള നിർദിഷ്ട മുന്നറിയിപ്പ് ബോർഡ് മാത്രമേ പ്രദർശിപ്പിക്കാവൂ. കന്പനികളുടെ പേരോ ബ്രാൻഡുകളോ ഉൾപ്പെട്ട മറ്റ് പരസ്യങ്ങൾ അനുവദനീയമല്ല. 18 വയസിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണ്.
പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും 18 വയസിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതല്ലെന്ന മുന്നറിയിപ്പ് ബോർഡ് നിർബന്ധമായും പ്രദർശിപ്പിക്കണം. ബോർഡ് സ്ഥാപിക്കാത്ത പക്ഷം 200 രൂപ പിഴ ഈടാക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിൽ (91.2 മീറ്റർ) പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു. വിദ്യാലയ ഗേറ്റിന് മുൻവശം ഇതു സംബന്ധിച്ച ബോർഡ് വയ്ക്കണം. ഇല്ലെങ്കിൽ 200 രൂപ പിഴ ചുമത്തും.
പുകയില ഉത്പന്നങ്ങളിൽ നിയമാനുസൃത മുന്നറിയിപ്പ് വേണം. ഇല്ലാത്തവ കണ്ടെത്തിയാൽ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കും. തടവ്, 1000, 3000 രൂപ പിഴ അല്ലെങ്കിൽ രണ്ടും കൂടിയോ കേസ് എടുക്കും.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡി അഡിക്ഷൻ സെന്ററുകൾ, സന്നദ്ധസംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാതല ഏകോപന സമിതി യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് കോട്പ് പരിശോധനകൾ ശക്തമാക്കിയത്.