ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിൽ (എസ്ഐആർ) വോട്ടർമാരെ പരസ്പരം വേർതിരിക്കാനും വിവേചനം കാണിക്കാനും തെരഞ്ഞെടുപ്പു കമ്മിഷൻ ശ്രമിക്കുന്നതായി കോൺഗ്രസ്.
ബൂത്ത് ലെവൽ ഓഫീസർമാർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനിൽ "മാർക്ക് വിഐപി' എന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തിയതിനെതിരേയാണ് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
എഐസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേരയാണ് ഗുരുതര ആരോപണമുന്നയിച്ചത്. ഇന്ത്യൻ വോട്ടർമാരെ രണ്ടുതട്ടിലാക്കി തിരിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.