കൽപ്പറ്റ: എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ. ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ മലപ്പുറം സ്വദേശിയായ ഡോ. കെ.എൻ. മുഹമ്മദ് ഫാബിൻ (41) ആണ് പിടിയിലായത്. കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് മുഹമ്മദ് ഫാബിൻ.
കഴിഞ്ഞ മാസം 22ന് 8.52 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പന്തല്ലൂർ സ്വദേശി കെ.ഇ. നൗഫലിൽനിന്നും ഗൂഡല്ലൂർ സ്വദേശി കെ.എം. മുഹമ്മദ് നഫീസിൽനിന്നും ലഭിച്ച വിവരങ്ങളാണ് ഡോക്ടറിലേക്ക് അന്വേഷണം എത്തിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്ന് ഡോക്ടർ മുഹമ്മദ് ഫാബിന് വേണ്ടിയുള്ളതാണെന്നും ഇയാളോടൊപ്പം സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇരുവരും മൊഴി നൽകിയിരുന്നു.
തുടർന്ന് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ബാങ്ക് ഇടപാടുകളും ഫോൺ സംഭാഷണങ്ങളും പരിശോധിച്ച ശേഷമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. മലപ്പുറം മൊറയൂർ സ്വദേശിയായ ഫാബിൻ നിലവിൽ കോഴിക്കോട് മുക്കത്താണ് താമസിക്കുന്നത്. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലിസ് അറിയിച്ചു.