തിരുവനന്തപുരം: കൊതുക് വഴി പടരുന്ന പകർച്ചവ്യാധികൾ തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഡ്രൈ ഡേ’ ആചരണത്തിന് ഔദ്യോഗിക തുടക്കം.
ആരോഗ്യ മന്ത്രി കെ. മുരളീധരൻ തന്റെ ഔദ്യോഗിക വസതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് ഈ ജനകീയ പ്രതിരോധ കാമ്പയിന് തുടക്കം കുറിച്ചത്.
കൊതുകിന്റെ പ്രജനനം തടയുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഡ്രൈ ഡേ ദിനാചരണമെന്ന് മന്ത്രി ഓർമിപ്പിച്ചു.
വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ എല്ലാ ദിവസവും വൃത്തിയാക്കാൻ സാധിച്ചില്ലെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും നിർബന്ധമായും വൃത്തിയാക്കുക എന്നതാണ് ഡ്രൈ ഡേ ലക്ഷ്യമിടുന്നത്. അതിനാൽ പൊതുജനങ്ങൾ ഏവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
വെള്ളിയാഴ്ചകളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ, ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിൽ, ഞായറാഴ്ചകളിൽ വീടുകളിൽ എന്നിങ്ങനെയാണ് ഡ്രൈ ഡേ ക്രമപ്പെടുത്തിയിട്ടുള്ളത്. മന്ത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലും സന്ദർശനം നടത്തുകയും ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.