തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്നു വൈകുന്നേരം ആറിന് അടയ്ക്കും. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം ആറുവരെയാണ് മദ്യവിൽപ്പനയ്ക്ക് നിരോധനമുള്ളത്.
ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിംഗ് ബൂത്തുകളിലോ റീപോളിംഗ് ആവശ്യമായാൽ റീപോളിംഗ് നടക്കുന്ന ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണൽ ദിനമായ മേയ് നാലിനും മദ്യശാലകൾ പ്രവർത്തിക്കില്ല.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ യാതൊരുവിധ ലഹരിപദാർത്ഥങ്ങളും വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബുകൾ തുടങ്ങി മദ്യം വിളമ്പുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്.