മുംബൈ: യുഎസ് ഇലക്ട്രിക് കാർ നിർമാണ കന്പനിയായ ടെസ്ല, ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ഒരു പ്രധാന നീക്കം നടത്തുന്നു. ഇലോണ് മസ്കിന്റെ കന്പനി അടുത്തയാഴ്ച ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്യുവിയുടെ പുതിയതും വലുതുമായ ഒരു പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.
ടെസ്ലയുടെ ജനപ്രിയ മോഡലായ മോഡൽ വൈഎൽ ആണ് ഇന്ത്യയിലെത്തുന്നത്. ആറ് സീറ്റർ, ലോംഗ് വീൽബേസ് എസ്യുവിയാണിത്. കഴിഞ്ഞ വർഷം ഈ കാർ ആഗോളതലത്തിൽ ചൈനയിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ വിപണിയിൽ സ്റ്റാൻഡേർഡ് അഞ്ച് സീറ്റ് മോഡലുമായെത്തിയ ടെസ്ലയ്ക്ക് പ്രതീക്ഷിച്ച ഒരു വിപണി ഇന്ത്യയിൽ നേടാനായില്ല. ഈ വില്പനക്കുറവിനെ മറികടക്കാനാണ് ടെസ്ല ഇപ്പോൾ കുടുംബങ്ങളെ ആകർഷിക്കാൻ ആറ് സീറ്റുള്ള ഈ വലിയ മോഡലുമായി എത്തുന്നത്.
ഈ പുതിയ മോഡൽ ചൈനയിലെ ഷാങ്ഹായ് ഗിഗാഫാക്ടറിയിൽ നിർമിച്ച് ഇന്ത്യയിലേക്ക് അയയ്ക്കും. നിലവിൽ, മോഡൽ വൈഎൽ നിർമിക്കുന്ന ലോകത്തിലെ ഏക ഫാക്ടറിയാണിത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ടെസ്ല കാറുകളും അവിടെ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ സ്ഥിരമായി വാഹനങ്ങൾ നിർമിക്കുക എന്നത് ടെസ്ലയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 70 മുതൽ 110 ശതമാനം വരെ ഉയർന്ന നികുതിയാണ് ഈടാക്കുന്നത്.
ഇന്ത്യയിലെ ടെസ്ലയുടെ യാത്ര ഇതുവരെ അല്പം മന്ദഗതിയിലായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം, 2025ൽ ടെസ്ല 227 കാറുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. കുറഞ്ഞ ഡിമാൻഡ് കാരണം, സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിന് കന്പനിക്ക് രണ്ട് ലക്ഷം വരെ കിഴിവ് വാഗ്ദാനം ചെയ്യേണ്ടിവന്നു. തുടക്കത്തിൽ കന്പനി പ്രതിവർഷം 2,500 കാറുകൾ വിൽക്കുക എന്ന ലക്ഷ്യമായിരുന്നു നിശ്ചയിച്ചിരുന്നത്.
ആഗോള ഇലക്ട്രിക് കാർ വിപണിയിലും ടെസ്ല കടുത്ത മത്സരം നേരിടുകയാണ്. 2025 ൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളെന്ന പദവി ചൈനയിലെ ബിവൈഡി സ്വന്തമാക്കി. ഇലക്ട്രിക് വാഹന വിപണിയിൽ പിടിച്ചുനിൽക്കാൻ മോഡൽ വൈഎൽ പോലുള്ള പുതിയ പതിപ്പുകളിലും ചെറിയ മാറ്റങ്ങളും പുതിയ സവിശേഷതകളും ഉപയോഗിച്ച് ഇപ്പോൾ വില്പന വർധിപ്പിക്കാൻ ശ്രമിക്കുകയാണ് ടെസ്ല.
ചൈനയിൽ ഓഗസ്റ്റിൽ അവതരിപ്പിച്ച മോഡൽ വൈഎല്ലിന്റെ വില 339,00 യുവാൻ (45.97 ലക്ഷം രൂപ) മുതൽ ആരംഭിക്കുന്നു.